Pages

Tuesday, January 24, 2012

അച്ഛനുപിന്നാലെ കുഞ്ഞുമകളും രോഗക്കിടക്കയില്‍; എങ്ങനെ സഹിക്കും ഈ കുടുംബം

മാധ്യമം കൂറ്റനാട്: സ്വന്തംജീവനെ കാര്‍ന്നുതിന്നുന്നരോഗം മകളെയും ബാധിച്ചതുകണ്ട് വേദനിക്കാനേ ഷൗക്കത്തിനിപ്പോള്‍ കഴിയുന്നുള്ളൂ. കുടുംബത്തിന്റെ ഏക ആശ്രയമായ ഈ 30കാരനും നാലുവയസ്സുള്ള മകളും വൃക്കരോഗംകാരണം ദുരിതമനുഭവിക്കുകയാണ്. ചികിത്സയ്ക്ക് മാത്രമല്ല കുട്ടികള്‍ക്ക് ഭക്ഷണംകൊടുക്കാന്‍ പോലും പണമില്ലാതെ വിഷമിക്കുകയാണീകുടുംബം.
 


തെക്കേവാവന്നൂരില്‍ താമസിക്കുന്ന കുറുങ്ങാട്ട് വളപ്പില്‍ വീട്ടില്‍ ഷൗക്കത്ത് ഒന്നരവര്‍ഷംമുമ്പാണ് തളര്‍ന്നുവീണത്. പരിശോധനയില്‍ രണ്ട്‌വൃക്കകളും തകരാറിലാണെന്ന് മനസ്സിലായി.

കൂലിപ്പണിക്കാരനായിരുന്ന ഷൗക്കത്തിന്റെ കുടുംബത്തിന് ചികിത്സിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. ആകെയുള്ള നാലുസെന്റ് സ്ഥലവും വീടും സഹോദരിയുടെ വിവാഹാവശ്യത്തിനായി ചാലിശ്ശേരി ബാങ്കില്‍ പണയംവെച്ച് വായ്പയെടുത്തിരുന്നു. ഈ പണം അടച്ചുതീര്‍ക്കാനാവാതെ ജപ്തിഭീഷണി നേരിടുകയാണിവര്‍.

ഇതിനിടെയാണ് മറ്റൊരാഘാതമായി വൃക്കരോഗം നാലുവയസ്സുള്ള മകള്‍ ഷെറിനെയും ബാധിച്ചത്. ഷൗക്കത്തിന്റെ മാതാപിതാക്കള്‍ക്കും ഭാര്യ ലൈലയ്ക്കും മക്കള്‍ക്കുമൊപ്പം നാട്ടിന്റെമുഴുവന്‍ പ്രാര്‍ഥനയുമുണ്ട്. ഇതുവരെ ചികിത്സയ്ക്കായി മൂന്നുലക്ഷത്തിലേറെരൂപ ചെലവായി. ഇപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഷൗക്കത്തിന് ഡയാലിസിസ് നടത്തുന്നുണ്ട്. മകള്‍ തൃശ്ശൂര്‍ ജൂബിലിമിഷന്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്.

വീട്ടിനുസമീപത്ത് നാട്ടുകാര്‍ ഇട്ടുകൊടുത്ത ചെറിയ പെട്ടിക്കടയാണ് ഇപ്പോഴത്തെ ഉപജീവനമാര്‍ഗം. എന്നാല്‍, ചികിത്സ വഴിമുട്ടുന്ന സ്ഥിതിയാണ്. കടങ്ങളുമേറെ.

ഗുരുവായൂരിലെ ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ഡയാലിസിസ് നടത്തുന്നത്.

കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്പലിന്റെ ശ്രമഫലമായി ഷൗക്കത്തിന് വൃക്കനല്‍കാന്‍ ഒരുസ്ത്രീ തയ്യാറായിട്ടുണ്ട്. എന്നാല്‍, ഇതിന്റെ ശസ്ത്രക്രിയയ്ക്കും മറ്റുമായി നാലുലക്ഷത്തോളംരൂപ ചെലവുവരും.

ശസ്ത്രക്രിയയ്ക്കുശേഷം അടുത്ത ഒരുവര്‍ഷത്തേക്കുള്ള ചികിത്സാച്ചെലവും ലക്ഷങ്ങള്‍ വരും.

ഷൗക്കത്തിന്റെ ചികിത്സാസഹായത്തിനായി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., വി.ടി. ബല്‍റാം എം.എല്‍.എ., എ.എം. അബ്ദുള്ളക്കുട്ടി, സി.വി. ബാലചന്ദ്രന്‍, ടി.പി. കുഞ്ഞുണ്ണി എന്നിവര്‍ രക്ഷാധികാരികളായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറല്‍ബാങ്കിന്റെ കൂറ്റനാട് ശാഖയില്‍ 16970100008792 എന്നനമ്പറില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. ഫോണ്‍: 9946461344, 9846310515.

No comments:

Post a Comment