Pages

Wednesday, May 16, 2012

മദനിയുടെ കാഴ്ച നഷ്ടപ്പെട്ടു?

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ കാഴ്ചശക്തി ഒട്ടുമുക്കാലും നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. പ്രമേഹത്തെ തുടര്‍ന്നുണ്ടായ ഡയബറ്റിക് റെറ്റിനോപ്പതി എന്ന അസുഖം മൂലമാണ് മദനിയുടെ കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മദനിയുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. രാജാജി നഗര്‍ നാരായണ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇപ്പോള്‍ മദനിയെ ചികിത്സിക്കുന്നത്. മുന്‍പ് ബാംഗ്ലൂരിലെ തന്നെ ജയദേവ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിക് റിസര്‍ച്ച് സെന്ററില്‍ മദനിയെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ റെറ്റിനോപ്പതി ബാധിച്ചതായി കണ്ടെത്തിയിരുന്നു.

എന്നാല്‍ തുടര്‍ ചികിത്സ നല്‍കാതിരുന്നതിനാലാണ് കാഴ്ച നഷ്ടപ്പെട്ടതെന്നും ആരോപണമുണ്ട്. കാഴ്ച ഒട്ടുമുക്കാലും നഷ്ടപ്പെട്ടു കഴിഞ്ഞ സ്ഥിതിയ്ക്ക്് ഇപ്പോള്‍ നടത്തുന്ന ലേസര്‍ ചികിത്സ പര്യാപ്തമല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ വലതു കണ്ണിന്റെ കാഴ്ച ഏതാണ്ട് നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നും ഇവര്‍ അറിയിക്കുന്നു.

മുന്‍പ് ആരോഗ്യകാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന് മദനി അപേക്ഷിച്ചിരുന്നു. എന്നാല്‍ ഏതു തരം ചികിത്സ ലഭ്യമാക്കാനും തങ്ങള്‍ തയ്യാറാണെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

No comments:

Post a Comment