Sunday, October 23, 2011

ശുംഭന്‍മാരേ സലാം

berlytharangal.com: ബൂര്‍ഷ്വകള്‍ അന്നും ഇന്നും ഒരുപോലെയാണ്.തങ്ങളുടെ ശത്രുക്കളെ തല്ലിയൊതുക്കാന്‍ ഗുണ്ടകളെ ഉപയോഗിക്കും.ഗുണ്ടകളെ എല്ലാം വിളിച്ച് ചുറ്റും നിര്‍ത്തിയിട്ട് പറയും- ‘അവനെ കണ്ടാല്‍ വെട്ടി തുണ്ടം തുണ്ടമാക്കിക്കോണം, ബാക്കിയൊക്കെ ഞാന്‍ നോക്കിക്കോളാം’. ബൂര്ഷ്വാ അങ്ങനെ പറഞ്ഞാല്‍ പിന്നെ ഗുണ്ടകള്‍ക്കു ധൈര്യമാണ്.അവര്‍ ഉത്തേജിതരായി നാലുപാടും പായും. അവിടെങ്കിലും വച്ച് കാര്യം സാധിക്കുകയും ചെയ്യും.ഇടതുപക്ഷ ആശയങ്ങളുടെ സ്വാധീനവും ചരിത്രത്തിലിടം നേടിയ ഒട്ടേറെ പോരാട്ടങ്ങളുമാണ് ഈ സാമൂഹികസാഹചര്യം മാറ്റിയതും തൊഴിലിന്റെ മാഹാത്മ്യവും തൊഴിലാളിശക്തിയും സാമൂഹികമാറ്റത്തിനു വഴിതെളിച്ചതും.




അത്തരത്തിലുള്ള തൊഴിലാളി പാര്‍ട്ടിയുടെ അത്യന്തം ശുംഭിക്കുന്ന നേതാവ് എം.വി.ജയരാജന്‍ കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന (പിള്ളേര്‍ക്കു നേരേ വെടിവച്ചതിന് അങ്ങേരെ സ്ഥലംമാറ്റി)രാധാകൃഷ്ണപിള്ളയെ യൂണിഫോം ഇല്ലാതെ കണ്ടാല്‍ അടിച്ചോണം എന്നാണ് എസ്എഫ്ഐക്കാരോട് കല്‍പിച്ചിരിക്കുന്നത്.അന്നത്തെ ബൂര്‍ഷ്വാ-ഫ്യൂഡല്‍ സ്വരവും സഖാവ് ജയരാജന്റെ ശുംഭാഹ്വാനവും തമ്മില്‍ പ്രഥമദൃഷ്ട്യാ ബന്ധമൊന്നും തോന്നില്ലെങ്കിലും അവയ്ക്കിടയിലെ അന്തര്‍ധാര സജീവമാണെന്നു പറയേണ്ടി വരും.



ശുംഭന്‍ ജയരാജന്‍ അങ്ങനെ പറഞ്ഞത് തെറ്റോ ശരിയോ എന്നുള്ളതല്ല വിഷയം.ഇക്കണ്ട പൊലീസുകാരെ മുഴുവന്‍ യൂണിഫോമോടെ തല്ലി നിലംപരിശാക്കിയ പിള്ളേരോട് പിള്ളയെ യൂണിഫോമില്ലാതെ കണ്ടാല്‍ തല്ലിക്കോളാന്‍ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. രാഷ്ട്രീയബോധവും ജനാധിപത്യബോധവും മാനുഷികമൂല്യങ്ങളെപ്പറ്റിയുള്ള കേട്ടുകേള്‍വിയുമുണ്ടാകാന്‍ സാധ്യതയുള്ള സഖാവ് ശുംഭന്‍,ലക്ഷ്യബോധമില്ലാത്ത താലിബാന്‍ കമാന്‍ഡറെപ്പോലെ പിള്ളയെ തെരുവിലിട്ടു തല്ലണമെന്നും അതില്‍ ഭയപ്പെടേണ്ടതില്ലെന്നും അഹ്വാനം ചെയ്യുന്നത് ശരിയാണോ എന്നും ഞാന്‍ ചോദിക്കുന്നില്ല.സുധാകരന്റെ ഗണ്‍മാനും സംഘവും പെരുമ്പാവൂരില്‍ ഒരു പാവത്തിനെ തെരുവിലിട്ടു തല്ലിക്കൊന്നതിനെ എതിര്‍ക്കുകയും അതേ സമയം ഒരു പോലീസുദ്യോഗസ്ഥനെ തെരുവിലിട്ടു തല്ലണമെന്നു കല്‍പിക്കുകയും ചെയ്യുന്നതിലെ യുക്തിരാഹിത്യം മനോരമ വായിക്കുന്നവര്‍ക്കു മാത്രം തോന്നുന്നതാവാന്‍ വഴിയില്ല.



എന്റെ ചോദ്യം വിദ്യാര്‍ഥിസംഘടനയായ എസ്എഫ്ഐയെ ജയരാജന്‍ എന്തു സംഘടനയായിട്ടാണ് കണ്ടിരിക്കുന്നത് എന്നതു മാത്രമാണ്. സാമൂഹികബോധവും വിദ്യാഭ്യാസത്തെ സംബന്ധിച്ച കാഴ്ചപ്പാടും തുടങ്ങി പലതും ഉണ്ടെന്നു കരുതപ്പെടുന്ന സംഘടനയുടെ വ്യക്തിത്വം ഇത്തരത്തില്‍ ഒരു നേതാവ് “പോയി അടിക്കെടാ” എന്നു കല്‍പിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്.വിദ്യാര്‍ഥിസംഘടന എന്ന വ്യക്തിത്വം കാപട്യമാണെന്നും സത്യത്തില്‍ അത് സിപിഎമ്മിന്റെ ഗുണ്ടാസംഘടനയാണെന്നും ജയരാജന്‍ പരസ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.



എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ വീട്ടില്‍ അമ്മയും അച്ഛനും ഒക്കെയുണ്ടെന്നാണ് പറഞ്ഞത്.സ്വന്തം മക്കളോട് നേതാക്കന്മാര്‍ പോയി അടിക്കെടാ എന്നു കല്‍പിക്കുന്നതിനെ ഈ വീട്ടിലിരിക്കുന്ന പാര്‍ട്ടീസ് എങ്ങനെ വിലയിരുത്തും എന്നതെങ്കിലും ആഹ്വാനം ചെയ്യുന്നതിനു മുമ്പ് ജയരാജന്‍ ആലോചിക്കേണ്ടിയിരുന്നു.സിപിഎമ്മിന് ജനങ്ങള്‍ക്കിടയില്‍ വല്ല സ്വാധീനവുമുണ്ടെങ്കില്‍ അത് കളഞ്ഞുകുളിക്കാനേ ഇത്തരം ശുംഭത്തരങ്ങള്‍ കൊണ്ടു സാധിക്കൂ.



യൂണിഫോമില്ലെങ്കില്‍ പിള്ളയും സാധാരണക്കാരെപ്പോലെ തന്നെയാണെന്നും അതുകൊണ്ട് തല്ലാമെന്നുമാണ് ജയരാജന്റെ തിയറി.സാധാരണക്കാരെ തല്ലുന്ന പാര്‍ട്ടിയെ ആണോ ജയരാജന്‍ പ്രതിനിധാനം ചെയ്യുന്നത് ? അപ്പോള്‍ സാമ്രാജ്യത്വത്തെയും മറ്റും തല്ലിയോടിക്കുന്ന പരിപാടി അവസാനിപ്പിച്ചോ ? യൂണിഫോമിലുള്ള അക്രമിയെ യൂണിഫോമിലിട്ടു തന്നെ തല്ലുമ്പോഴാണ് അക്രമം പ്രതികാത്മകം കൂടിയാകുന്നത് എന്നു എസ്എഫ്ഐക്കാര്‍ പോലും കരുതുമ്പോള്‍ അയാള്‍ യൂണിഫോമില്ലാതെ നടക്കുമ്പോള്‍ ഒളിച്ചിരുന്ന് ആക്രമിക്കണം എന്നത് ക്വട്ടേഷന്‍കാര്‍ പോലും തള്ളിക്കളയുന്ന ഭീരുത്വമാണ്.



യൂണിഫോമിട്ടാല്‍ പിള്ളയും സാധാരണക്കാരനാണ് എന്നു പറയുന്ന സഖാവ് പാര്‍ട്ടി ഓഫിസ് വിട്ടാലും ഒരു ചുവന്ന ദിവ്യപ്രഭ അദ്ദേഹത്തിനു ചുറ്റും നില്‍ക്കുമെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ശുംഭത്തരമാണ്. എന്തെങ്കിലും വിട്ടാലും ഇല്ലെങ്കിലും ലോകമെങ്ങും മനുഷ്യര്‍ എല്ലാം മനുഷ്യര്‍ തന്നെയാണ്.തൊഴിലാളിയെയും മുതലാളിയെയും പൊലീസുകാരനെയുമൊക്കെ അടിച്ചാല്‍ വരുന്നത് ചോര തന്നെയാണ്.തെരുവിലിട്ട് അടിക്കുക എന്നത് ധീരതയല്ല,കാലഹരണപ്പെട്ട സംസ്കാരശൂന്യതയാണ്.പോയി അടിക്കെടാ പിള്ളേരെ എന്നു പറഞ്ഞാല്‍ പോയടിക്കുന്ന പിള്ളേരാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എന്നു വിശ്വസിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല.എങ്കിലും ജയരാജന്റെ ആ കല്‍പന കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‍ക്ക് ചേരാത്ത ഒരു ഫ്യൂഡല്‍ മാടമ്പിയുടേതായിപ്പോയി എന്നത് തിരിച്ചറിയാതെ നാളെ പിള്ളയെ പൂശാനിറങ്ങുന്ന കുട്ടികളുണ്ടെങ്കില്‍ ഞാന്‍ ഇന്നേ ഖേദിക്കുന്നു. ഇടതന്റെയായാലും വലതന്റെയായാലും യൗവ്വനം യൗവ്വനമാണ്.അത് നിഴലുകളോടു പോരാടി രക്തസാക്ഷിത്വം വരിക്കാനുള്ളതല്ല.ലാല്‍സലാം.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More