Tuesday, December 27, 2011

കൂറ്റനാട്ട് നൂറോളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍

കൂറ്റനാട്: കൊച്ചി-കൂറ്റനാട്-മംഗലാപുരം-ബംഗളൂരു പ്രകൃതി വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് കൂറ്റനാട് മേഖലയില്‍ നൂറോളം കുടുംബങ്ങള്‍ കുടിയിറക്കു ഭീഷണിയില്‍. കേന്ദ്ര പെട്രാളിയം പ്രകൃതിവാതക മന്ത്രാലയത്തിന്‍െറ അധീനതയിലുള്ള ഗെയില്‍ എന്ന സ്ഥാപനമാണ് 735 കിലോമീറ്ററില്‍ 753 കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതി യാഥാര്‍ഥ്യമാക്കുക.


തൃശൂര്‍ മലപ്പുറം പാലക്കാട് ജില്ലയില്‍ ജനവാസമേഖലയിലൂടെ പൈപ്പ് ലൈന്‍ കടന്ന്പോകുന്നത് ആയിരക്കണക്കിന് ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടാന്‍ കാരണമാകുമെന്നാണ് പറയപ്പെടുന്നത്. പ്രാരംഭ നടപടിയായി പദ്ധതിക്കായി സര്‍വേ ചെയ്ത സ്ഥലങ്ങളില്‍ താമസിക്കുന്ന തൃശൂര്‍ ജില്ലയിലുള്ളവര്‍ക്ക്  ഭൂമി കണ്ടുകെട്ടുന്നതിന് നോട്ടീസ് നല്‍കിയിരുന്നു.ജില്ലാ അതിര്‍ത്തിപ്രദേശമായ ചാലിശ്ശേരി പെരുമണ്ണൂരില്‍ പുതിയേടത്ത് കാവിന്‍െറ കിഴക്ക്വശത്തുകൂടി കടന്നുപോയി ചൗച്ചേരി -പുലിക്കുളം-കുത്ത്പറമ്പ് വഴി മുലയംപറമ്പക്ഷേത്രത്തിന്‍െറ പിറക് വശത്തുകൂടിയാണ് പൈപ്പ്ലൈന്‍ സ്ഥാപിക്കുക. തൃത്താലയിലും  പട്ടാമ്പിയിലും ജനവാസമേഖലകളിലൂടെയാണ് പൈപ്പ് കടന്നുപോകുന്നത്.

2003 ലെ എക്സ്പ്രസ് ഹൈവേക്കായി സര്‍വേനടത്തിയ സ്ഥലത്താണ് പുതിയ നടപടികള്‍ സ്വീകരിച്ചത്. എട്ടുവര്‍ഷം മുമ്പ് വിജനമായി കിടന്നിരുന്ന സ്ഥലങ്ങള്‍ ജനവാസമേഖലയായി മാറിയിരിക്കുകയാണ്. ഇതിന് പരിസരത്തെ ആളുകള്‍ക്കാണ് നോട്ടിസ് ലഭിച്ചിത്. ഒക്ടോബര്‍ 17ന് ആണ് ആദ്യ നോട്ടീസ് ലഭിച്ചത്. പിന്നീട് നൂറോളം വീട്ടുകാര്‍ക്ക് 1992 ലെ പെട്രാളിയം ധാതുപൈപ്പ് ലൈന്‍(ഭൂമി ഏറ്റെടുക്കല്‍) നിയമപ്രകാരമുള്ള ഒബ്ജക്ഷന്‍ നോട്ടീസുകള്‍ ലഭിച്ചു. ആക്ഷേപങ്ങള്‍ 28 ദിവസങ്ങള്‍ക്കുള്ളില്‍ അറിയിക്കാനാണ് ഉത്തരവ്. ഈ നിയമത്തിലെ മൂന്നാം വകുപ്പുപ്രകാരം പൈപ്പലൈന്‍ സ്ഥാപിക്കാനോ മറ്റ്ആവശ്യങ്ങള്‍ക്കായൊ മാറ്റിവെക്കപ്പെട്ട ഭൂമി സ്വകാര്യവ്യക്തുടെ അധീനതയിലുള്ളതാണെങ്കിലും സര്‍ക്കാറിനോ സര്‍ക്കാര്‍ എജന്‍സിക്കോ ആയിരിക്കും ഉടമസ്ഥാവകാശം.ഏറ്റെടുക്കുന്ന ഭൂമിയില്‍ കിണര്‍, ടാങ്ക്, ജലാശയങ്ങള്‍, ഡാം എന്നിവ നിര്‍മിക്കുകയോ  മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങളൊ പാടില്ല.


നോട്ടീസ് ലഭിച്ചവര്‍ പരിഭ്രാന്തിയിലാണ്. ചാലിശ്ശേരി പെരുമണ്ണൂര്‍ ചൗച്ചേരി ഗ്രാമത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് നേട്ടീസ് ലഭിച്ചത്. ഇതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ളെന്ന് ചാലിശ്ശേരി പഞ്ചായത്ത്പ്രസിഡന്‍റ് സാവിത്രി പറഞ്ഞു. ഇത്തരം പദ്ധതികള്‍ വരുമ്പോള്‍ ഗ്രാമസഭകള്‍ വഴിയോ മറ്റോ നാട്ടുകാരുമായി ചര്‍ച്ചചെയ്യണമന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More