Friday, December 30, 2011

മറയുന്നത് വിപ്ലവത്തിന്റെയും വിവാദങ്ങളുടെയും വര്‍ഷം

വാര്‍ത്തകള്‍കള്‍ക്കും വിവാദങ്ങള്‍ക്കും പഞ്ഞമില്ലാത്ത വര്‍ഷമായിരുന്നു 2011. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസുകളില്‍ കുരുങ്ങി ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍ ജയിലുകളിലേക്ക് മാര്‍ച്ച് ചെയ്യുന്നതിന് 2011 സാക്ഷ്യം വഹിച്ചു. രാഷ്ട്രീയരംഗത്തെന്ന പോലെ കലാകായിക സാഹിത്യരംഗങ്ങളിലും വിവാദങ്ങള്‍ നിറഞ്ഞു നിന്നു. വിപ്ലവങ്ങളിലൂടെ അറബ് രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ കടപുഴകി വീഴുന്നത് ലോകം അതീവശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ജപ്പാനിലെ ഭൂകമ്പവും സുനാമിയും ലോകം നടുക്കിയ ദുരന്തമായി മാറി. സായിബാബ, ലാദന്‍, ഗദ്ദാഫി, സ്റ്റീവ് ജോബ്സ്, ദേവ് ആനന്ദ് കഴിഞ്ഞ അനേകം വര്‍ഷങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒട്ടനേകം പേര്‍ കഴിഞ്ഞ വര്‍ഷം ചരിത്രത്തിന്റെ ഭാഗമായി മാറി. കഴിഞ്ഞ 12മാസങ്ങളില്‍ ഉണ്ടായ പ്രധാന സംഭവങ്ങളിലേയ്ക്ക അതുമായി ബന്ധപ്പെട്ട് ഒണ്‍ഇന്ത്യ മലയാളം പ്രസിദ്ധീകരിച്ച വാര്*ത്തകളിലേയ്ക് ഒരു തിരിഞ്ഞുനോട്ടം.


ഐസ്‌ക്രീം വീണ്ടും തിളച്ചുമറിഞ്ഞു

കേരള രാഷ്ട്രീയത്തില്‍ വന്‍വിവാദങ്ങള്‍ ഉയര്‍ത്തിവിട്ട ഐസ്‌ക്രീം പാര്‍ലര്‍ കേസ് വീണ്ടും തിളച്ചുമറിഞ്ഞതാണ് ജനുവരി മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങളിലൊന്ന്. കുഞ്ഞാലിക്കുട്ടിയും ബന്ധു റൗഫും തമ്മിലുള്ള അകല്‍ച്ചയാണ് ഐസ്‌ക്രീം കേസിലെ ഉള്ളുകളികള്‍ പുറത്തുവരാന്‍ ഇടയാക്കിയത്. എന്നാല്‍ ഈ വിവാദം മുസ്ലീം ലീഗിനേക്കാള്‍ രാഷ്ട്രീയമായി ബാധിച്ചത് യുഡിഎഫിലെ പ്രധാനപ്പെട്ട കക്ഷിയായ കോണ്‍ഗ്രസിനെയാണ്. (ഐസ്ക്രീം പാര്‍ലര്‍ കേസ്)



ശബരിമല ദുരന്തം


ശബരിമലയില്‍ മകരജ്യോതിദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ തിക്കിലുംതിരക്കിലുംപെട്ട് 104 തീര്‍ത്ഥാടകര്‍ മരിച്ച ദുരന്തം രാജ്യത്തെ ഞെട്ടിച്ചു. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കൂടുതലായും ദുരന്തത്തിനിരയായത്. അപകടത്തില്‍ അഞ്ച് മലയാളികളും മരിച്ചിരുന്നു. (ശബരിമല ദുരന്തം)


തെലുങ്കാന-ശ്രീകൃഷ്ണ കമ്മീഷന്‍ നോക്കുകുത്തിയായി

തെലുങ്കാന പ്രക്ഷോഭത്തിന് ഒറ്റമൂലികയായി അവതരിപ്പിയ്ക്കപ്പെട്ട ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് ജനുവരി എട്ടിന് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. പ്രശ്‌നവുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണ ആറ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും അതൊന്നും പ്രശ്‌നപരിഹാരത്തിന് ഉതകിയില്ലെന്നതാണ് സത്യം. (തെലുങ്കാന)


കേരളം സ്മാര്‍ട്ടായി


വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും ടീകോം കമ്പനിയും കരാറില്‍ ഒപ്പുവച്ചു. വിഎസ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം വന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ കരാറില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തയാറായി. സ്മാര്‍ട് സിറ്റി



എംഎ ജോണ്‍ അന്തരിച്ചു


മുന്‍ കോണ്‍ഗ്രസ് നേതാവും കെഎസ് യുവിന്റെ സ്ഥാപകനേതാക്കളിലൊരാളുമായ എംഎ ജോണിനെ (72) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കെ. എസ്. യു സ്ഥാപക നേതാവും യൂത്ത് കോണ്‍ഗ്രസിന്റെആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന എം. എ. ജോണ്‍ കോണ്‍ഗ്രസ് പരിവര്‍ത്തനവാദികളുടെ നേതാവ് എന്ന നിലയില്‍ കെ. പി. സി.സിയിലെന്നും വേറിട്ട ശബ്ദമായിരുന്നു.


അഴിമതി രാജ തിഹാറില്‍


രാജ്യ കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ മുന്‍കേന്ദ്ര ടെലികോം മന്ത്രി എ രാജയെ സിബിഐ അറസ്റ്റ് ചെയ്തു. 20088ല്‍ നടന്ന സ്‌പെക്ട്രം ലേലത്തില്‍ 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. രാജ തിഹാര്‍ ജയിലിലെത്തിയതിന് പിന്നാലെ ഒട്ടേറെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇവിടെ അതിഥികളായെത്തി.



ട്രാക്കിലെ മാനഭംഗം കേരളം നടുങ്ങി



ആളൊഴിഞ്ഞ കംപാര്‍ട്‌മെന്റില്‍ രാത്രിയില്‍ യാത്രചെയ്യുകയായിരുന്ന ഇരുപത്തിമൂന്നുകാരിയായ സൗമ്യയെന്ന പെണ്‍കുട്ടി ട്രാക്കില്‍ പിടഞ്ഞുതീര്‍ന്നപ്പോള്‍ നടുങ്ങിയത് കേരളത്തിന്റെ മനസാക്ഷിയാണ്. റെയില്‍വെ ട്രാക്കില്‍ മാനഭംഗത്തിനിരയായ സൗമ്യ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ട് കോടതി സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുന്നതിനും കേരളം സാക്ഷ്യം വഹിച്ചു.



ഇടമലയാറില്‍ കുരുങ്ങി പിള്ള അഴിയ്ക്കുള്ളില്‍

ഇടമലയാര്‍ കേസില്‍ കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. ബാലകൃഷ്ണപിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്‌ക്കെതിരെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

ബാലകൃഷ്ണ പിള്ള ഒരു വര്‍ഷത്തെ കഠിനതടവും 10000 രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം. എട്ട് മാസത്തിനുള്ളില്‍ പിഴയൊടുക്കണമെന്നാണ് നിര്‍ദേശം. കേസില്‍ ഹൈക്കോടതിയ്ക്ക് പിഴവ് സംഭവിച്ചുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. (ഇടമലയാര്‍)


പാമോയിലില്‍ കേന്ദ്രവും വഴുതി


പാമോയില്‍ കേസിലെ സുപ്രീം കോടതി വിധി കേരളത്തില്‍ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചു. പാമോയില്‍ കേസില്‍ അന്വേഷണം നേരിടുന്ന വിജിലന്‍സ് കമ്മീഷണറായി പിജെ തോമസിനെ നിയമിച്ചത് നിയമവിധേയമല്ലെന്ന കോടതിയുടെ നിരീക്ഷണം കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനും തിരിച്ചടിയായി (പാമോയില്‍ കേസ്)


ജപ്പാന്‍ സുനാമി ദുരന്തം ലോകം നടുങ്ങി

ജപ്പാന്‍ തീരക്കടലില്‍ ഉണ്ടായ ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയും 2011ല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറി. പതിനായിരങ്ങള്‍ മരിച്ചുവീണ ദുരന്തത്തില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. രാക്ഷസത്തിരമാലകളുടെ ആഘാതമേറ്റ് തകര്‍ന്ന ഫുക്കുഷിമ ആണവനിലയം ലോകത്തെ മറ്റൊരു ആണവദുരന്തത്തിന്റെ വക്കിലെത്തിച്ചു

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More