മാധ്യമം ദുബൈ: ഇന്ത്യക്കാരിയായ യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങളും ലാപ് ടോപ് കമ്പ്യൂട്ടറും കവര്‍ന്ന പ്രതികളെ പൊലീസ് 24 മണിക്കൂറിനുള്ളില്‍ അറസ്റ്റുചെയ്തു. ഷാര്‍ജ പൊലിസ് കുറ്റാന്വേഷണ വിഭാഗമാണ് ഇന്ത്യക്കാരായ രണ്ട് പ്രതികളെയും കവര്‍ച്ചാ മുതലുകളും ഉടന്‍ കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ.
കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ബൂദാനിഖ് അപ്പാര്‍ട്ട്മെന്‍റിലാണ് നാടിനെ നടുക്കിയ സംഭവം. ഉത്തരേന്ത്യക്കാരിയായ യുവതി ഫ്ളാറ്റിലെ മുറിയില്‍ ചോരയില്‍ കുളിച്ച് മരിച്ചുകിടക്കുന്നതായി മാതാവാണ് പൊലീസില്‍ അറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായും കണ്ടെത്തി. ഭര്‍ത്താവും മാതാവും പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. സാഹചര്യ തെളിവുകള്‍ വെച്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതികളെ പെട്ടെന്ന് വലയിലാക്കാന്‍ സഹായിച്ചത്.
പ്രതികളിലൊരാള്‍ക്ക് യുവതിയെ നേരത്തെ പരിചയമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഈ പരിചയം മുതലെടുത്ത് മൊബൈലില്‍ വിളിച്ച് താന്‍ കാണാന്‍ വരുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു. നേരത്തെ ഈ ഫ്ളാറ്റില്‍ ചില്ലറ വില്‍പനക്കായി എത്തിയിരുന്ന യുവാവിനൊപ്പമാണ് പ്രതി എത്തിയത്. ഫ്ളാറ്റിലെത്തി അവിടെ മറ്റാരുമില്ളെന്ന് ഉറപ്പുവരുത്തിയ ശേഷം മാരകായുധങ്ങളുപയോഗിച്ച് യുവതിയുടെ കഴുത്തിലും പുറത്തും ശരീരത്തിന്‍െറ പല ഭാഗങ്ങളിലുമായി മാരകമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ വസ്തുവകകള്‍ സൂക്ഷിച്ച സ്ഥലം നേരത്തെ അറിയാമായിരുന്ന പ്രതികള്‍ ആഭരണങ്ങളും ലാപ്ടോപുമായി സ്ഥലംവിട്ടു.
ഫ്ളാറ്റില്‍ തിരിച്ചെത്തിയ മാതാവാണ് ദാരുണമായി കൊലചെയ്യപ്പെട്ട നിലയില്‍ യുവതിയെ ആദ്യം കണ്ടെത്തിയത്. ഇവര്‍ താമസിച്ച അപ്പാര്‍ട്ട്മെന്‍റിന് സമീപത്ത് തന്നെയാണ് മുഖ്യ പ്രതിയും താമസിച്ചിരുന്നത്. ഇവിടെയെത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ദുബൈയിലേക്ക് കടന്ന സഹായിയെ ദുബൈ പൊലീസിന്‍െറ സഹായത്തോടെയും പിടികൂടി.
കവര്‍ച്ചക്കു വേണ്ടിയാണ് കൊല നടത്തിയതെന്ന് സമ്മതിച്ച പ്രതികള്‍ തൊണ്ടിസാധനങ്ങള്‍ സൂക്ഷിച്ച സ്ഥലവും പൊലീസിന് കാണിച്ചുകൊടുത്തു. യുവതിയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇവര്‍ കൊലപാതകവും കവര്‍ച്ചയും നടത്തിയത്. പ്രതികള്‍ രണ്ടു പേരും അനധികൃതമായാണ് രാജ്യത്ത് കഴിഞ്ഞിരുന്നതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മനസ്സിലായി. ഇവരെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
അനധികൃത താമസക്കാര്‍ക്ക് ഒരു നിലക്കും അഭയം നല്‍കരുതെന്നും ഇത്തരം നിയമ ലംഘനങ്ങള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും അപകടം വിളിച്ചുവരുത്തുമെന്നും ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്‍കി. താമസ കേന്ദ്രങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കാമറ ഉള്‍പ്പെടെ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്നും ഇക്കാര്യത്തില്‍ കര്‍ശന നിയമം ആവശ്യമാണെന്നും കുറ്റാന്വേഷണ വിഭാഗം മേധാവി കേണല്‍ മുഹമ്മദ് റാശിദ് ബയാത് അഭിപ്രായപ്പെട്ടു.
No comments:
Post a Comment