കൂറ്റനാട്: കേരളത്തിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വഴികളിലൂടെ കൊണ്ടുപോകണമെന്ന് എം.എല്‍.എ. വി.ടി. ബല്‍റാം ആവശ്യപ്പെട്ടു. ഗ്യാസ്‌പൈപ്പ്‌ലൈന്‍ ചാലിശ്ശേരി പഞ്ചായത്തുതല പ്രതിരോധസമിതി സമരപ്രഖ്യാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കെതിരായുള്ള സമരത്തിന് എം.എല്‍.എ. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ഗെയില്‍ കമ്പനിയുടെ നിര്‍ദിഷ്ട കൊച്ചി-കൂറ്റനാട്-മംഗലാപുരം-ബാംഗ്ലൂര്‍ ഗ്യാസ്‌പൈപ്പ്‌ലൈന്‍ പാലക്കാട് ജില്ലയിലേക്ക് കടക്കുന്നത് ചാലിശ്ശേരി പഞ്ചായത്തിലൂടെയാണ്. പൈപ്പ് കടന്നുപോകുന്ന വഴികളില്‍ ഒട്ടേറെ വീടുകളും കൃഷിസ്ഥലങ്ങളുമുണ്ട്. പദ്ധതിയെക്കുറിച്ച് ഗ്രാമസഭകള്‍പോലുള്ള ജനകീയ വേദികളില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെയോ അപകടസാധ്യതയേയൊ കുറിച്ചുള്ള പഠനങ്ങള്‍ നടത്തിട്ടില്ലെന്ന് കര്‍മസമിതിയും ആരോപിക്കുന്നു. പൈപ്പ് കടന്നുപോകുന്ന മേഖലയിലെ മുഴുവന്‍ ആളുകള്‍ക്കും നോട്ടീസ് നല്‍കാതെ ഭാഗികമായി പരാതികള്‍ ഒതുക്കിത്തീര്‍ക്കുകയാണെന്നും ആരോപണമുണ്ട്.
പദ്ധതി തദ്ദേശീയവികസനത്തിന് വേണ്ടിയല്ലെന്നാണ് ആരോപണം. കൊച്ചിയിലെ പുതുവൈപ്പിനിലെ എല്‍.എന്‍.ജി. ടെര്‍മിനലില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍പോകുന്ന എല്‍.എന്‍.ജി. എന്നപേരില്‍ അറിയപ്പെടുന്ന ഗ്യാസ് മംഗലാപുരത്തെയും ബാംഗ്ലൂരിലെയും വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് ചെലവുകുറഞ്ഞ രീതിയില്‍ എത്തിക്കാനാണെന്നാണ് ആരോപണം.
ചാലിശ്ശേരി പഞ്ചായത്ത്ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ പ്രതിരോധസമിതി ചെയര്‍മാന്‍ പി.ആര്‍. കുഞ്ഞുണ്ണി അധ്യക്ഷനായി. വി.ടി. ബല്‍റാം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍മൗലവി സമരപ്രഖ്യാപനം നടത്തി. അഡ്വ. അബ്ദുള്‍സലാം മുഖ്യപ്രഭാഷണം നടത്തി. ജനകീയ പ്രതിരോധസമിതി കണ്‍വീനര്‍ പി.എ. നൗഷാദ് സ്വാഗതവും ഇ.കെ. മണികണ്ഠന്‍ നന്ദിയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എന്‍. സാവിത്രി, എ. വിജയന്‍, പി.എം. മുഹമ്മദ്കുട്ടി, ഷീല മണികണ്ഠന്‍, എ.ബി. ഷംസുദ്ദീന്‍, സുമ, ടി.കെ. സുനില്‍കുമാര്‍, ടി.എം. കുഞ്ഞന്‍, അബ്ദുള്‍റഹ്മാന്‍, ചാമുണ്ണി, മുരുകാനന്ദന്‍, പട്ടിത്തറ ഷംസു എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment