ദി കിംഗ് & ദി കമ്മീഷണര്‍
ആറ്റു നോറ്റു
കേരളം കാത്തിരുന്ന ആ അഞ്ചാം മന്ത്രിയെ ഈയാഴ്ചയെങ്കിലും പ്രസവിക്കണേ എന്നാണു
ഉടയതമ്പുരാനോടുള്ള പ്രാര്‍ത്ഥന. കഴിഞ്ഞയാഴ്ച പിറവത്തൊരു കടിഞ്ഞൂല്‍ പ്രസവം
നടന്നതായിരുന്നല്ലോ... ആ കുട്ടിക്ക് പേരിടീല്‍ നടത്തും മുമ്പ് ഈ അഞ്ചാം മന്ത്രിയെ
സിസേറിയന്‍ നടത്തിയാണെങ്കിലും പുറത്തിറക്കണേ എന്നാണു ഹൈകമാന്റിലെയും,
ലോകമാന്റിലെയും സകല ഡോക്ടര്‍മാരോടും ഞമ്മന്റെ അപേക്ഷ.. മാസം പത്തു കഴിഞ്ഞു,
ലീഗെന്ന തള്ള എത്രയായിട്ടാ സഹിക്കുക, 'അടി' വയറ്റില്‍ കിടന്നു 'വളരുന്ന' ഈ കുട്ടി
ചവിട്ടാനും, തള്ളാനും ഒക്കെ തുടങ്ങിയിരിക്കുന്നു. ഇനിയും ഈ കുട്ടിയെ
പുറത്തെടുത്തില്ലെങ്കില്‍ കുട്ടി ചാപ്പിള്ളയായിപ്പോകും പറഞ്ഞേക്കാം... ആറ്റു നോറ്റ
കുട്ടി ചാപ്പിള്ളയായാല്‍ പിന്നെ പെറ്റ തള്ള പൊറുക്ക്വോ...
കഴിഞ്ഞയാഴ്ച ആ
പിറവത്തെ പ്രസവം നടന്നപ്പോള്‍ എന്ത് കൂട്ടം ആരവങ്ങളായിരുന്നു, അനൂപ് ജേകബ് എന്ന ആ
കുട്ടിയെ താലോലിക്കാന്‍ എന്തരോളം ആള്‍ക്കാരായിരുന്നു..അങ്ങ് ഡല്‍ഹിയില്‍ പോയി
പെറ്റ് കിടക്കുന്നവരുടെ മനസ്സില്‍ പോലും എന്തുകൂട്ടം ലഡ്ഡുകളാണ് പൊട്ടിയത്,
എന്തിനേറെ, ഈ കടലിനക്കരെ പോലും ആയിരക്കണക്കിന് ലഡ്ഡുവാണ് പൊട്ടിയത്.. ഞമ്മളുടെ ഈ
റിയാദില്‍ ആനന്ദസൂചകമായി മഴ പോലും വിരുന്നെത്തുകയുണ്ടായി..കൂടെ ആലിപ്പഴവും.... ആ
ആലിപ്പഴം പെയ്യുന്നത് കണ്ടപ്പോള്‍ പോലും ഞമ്മള് കരുതി നാട്ടില്‍ ഇത്തവണയെങ്കിലും ആ
'ആലിപ്പഴം' പെയ്യുമായിരിക്കും എന്ന്...എവടെ.
എപ്പോഴും നല്ല
പഴുത്തു നില്‍ക്കുന്ന പഴമാണ് ഈ 'ആലി'പ്പഴം. ഒരാലിപ്പഴം വാങ്ങുമ്പോള്‍ രണ്ടു തോട്ടം
തന്നെ ഫ്രീ..അതാണ് ഈ 'ആലി'പ്പഴത്തിന്റെ പ്രത്യേകത. മുമ്പ് നല്ല രണ്ടു തോട്ടങ്ങള്‍
ചൊമ ചൊമന്നു നില്‍ക്കുമ്പോഴാണ് 'ആലി'പ്പഴം തന്നെ വേലി ചാടി വീഴുന്നത്, കൂടെ രണ്ടു
തോട്ടങ്ങളും...വേലി ചാടി വന്ന ആലിപ്പഴം പെയ്യാന്‍ നോക്കുമ്പോഴൊക്കെ മലപ്പുറത്തെ
കാക്കക്കോ, വായില്‍ പുണ്ണും.. ഒന്നും മുണ്ടാന്‍ ബെജ്ജ...അതെന്നെ. ആലി എന്ന് പറഞ്ഞു
ചെല്ലുമ്പോഴേക്കു ഏതോ ഒരു കറുത്ത പെണ്ണിന്റെ ഫോട്ടോ കാണിച്ചു
പേടിപ്പെടുത്തുന്നത്രേ..കറുത്തതെന്തു കണ്ടാലും കാക്ക പേടിക്കും
എന്നാണല്ലോ..
ഒരു കുപ്പി
പാമോലിനും, ഒരു ഹിമാലയന്‍ രസായനവുമായി ചെന്ന് കണ്ടാല്‍ ഏതു കുഞ്ഞൂഞ്ഞും,
വീഴും...ഹല്ലാ പിന്നെ! മന്ത്രിക്കുപ്പായം തുന്നി വെച്ചു, വേലി ചാടി
കാത്തിരിക്കുന്നവര്‍ക്കേ അതിന്റെ ടെന്‍ഷന്‍ അറിയൂ..കാലാ കാലം മന്ത്രിമാരായി
നടക്കുന്നവര്‍ക്ക് എന്തറിയാന്‍. വേലി ചാടിയുണ്ടായതാണ് ഈ ഗര്‍ഭമെന്നതാണ് ഒരാക്ഷേപം,
പോരാത്തതിന് ഈ കുട്ടിയുടെ തള്ള മുസ്ലിമും, പോരെ പൂരം... മന്ത്രിയാവാന്‍ പാര്‍ട്ടി
മാറിയതൊന്നും പോരെ? ഇനി മതവും മാറണോ.. ന്റെ റബ്ബേ..ഒരാലിപ്പഴം വര്ഷിക്കാനുള്ള ഒരു
പാടേ..
ഇപ്പോള്‍ തന്നെ ഈ
തള്ള പ്രസവിച്ച നാല് മുസ്ലിം കുട്ടികള്‍ ഈ മന്ത്രിക്കൂട്ടില്‍ തന്നെ കാണുന്നു,
പോരാത്തതിന് മണ്ണും, ചാണകവുമല്ലാത്ത ഒരു കുട്ടി വേറെയുമുണ്ട് കൂട്ടില്‍....
അപ്പുറത്തെ വീട്ടിലാണ് താമസമെങ്കിലും, ലോകസഭാ, നിയമസഭാ പാട്ടുല്സവം നടക്കുമ്പോള്‍
പോലും പള്ളിയില്‍ പോകാതെ പാര്‍ട്ടി കൂട്ടിലേക്ക് പോകാറാണ് ആ കുട്ടിയുടെ പതിവ്..
പേരിലെങ്കിലും മുസ്ലിമായ ആ മുസ്ലിം കുട്ടിയോട് ആരും ആരെടാ എന്ന് ചോദിക്കാറില്ല
...ചോദിച്ചാല്‍ അപ്പൊ തന്നെ ആര്യേടാ..എന്ന് കേള്‍ക്കാം. ജനിക്കും മുമ്പ് തന്നെ
പിറവത്തെ കുട്ടിക്ക് പേരിടാന്‍ വരെ മുന്നോട്ടു വന്ന ഈ കുട്ടിയെയും കൂട്ടി ആകെ
മൊത്തം ടോട്ടല്‍ അഞ്ചു മുസ്ലിം കുട്ടികളാണ് ഇപ്പൊ തന്നെ കൊടി വെച്ച കാറില്‍
മന്ത്രിക്കുപ്പായവുമിട്ടു നാട് ചുറ്റുന്നത്.. ഇതൊക്കെ കണ്ടാല്‍ ചെന്നിത്തല
സഹിക്ക്വോ..പോട്ടെ വെള്ളാപള്ളി സഹിക്ക്വോ.. അതും പോട്ടെ പെരുന്നയിലെ നായരോ,
പണിക്കരോ സഹിക്ക്വോ?
സമുദായത്തിന്റെ
സന്തുലനം ഹിമാലയം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു വീട്ടില്‍ നിന്നാണ് ചെന്നിത്തല
തലയുയര്‍ത്തി വരുന്നത്. ആ വീട്ടിലെ തള്ള പെറ്റ കുട്ടികള്‍ക്കൊക്കെ നെറ്റിയില്‍
ചന്ദനക്കുറിയും, നെഞ്ചില്‍ കുരിശുമാലയും ഒക്കെ കാണുമെങ്കിലും ആര്‍ക്കും ആ വീട്ടിലെ
മതേതരത്വത്തെ കുറിച്ചോ, സാമുദായിക സന്തുലനത്തെ കുറിച്ചോ തെല്ലും ശങ്കയേയില്ല...നല്ല
പത്തര മാറ്റിന്റെ തിളക്കം! സമുദായങ്ങളുടെ താല്പര്യങ്ങള്‍ക്ക് എപ്പോഴും ഒരു
പണത്തൂക്കം മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടി കഴിഞ്ഞ ലോകസഭാ, നിയമസഭാ
പാട്ടുല്സവങ്ങളില്‍ പോലും ഈ സാമുദായിക അനുപാതം തകരാതെ കാത്തു. (ടെ ..ടെ...)
മലപ്പുറത്തെയും, കോഴിക്കോട്ടെയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും മുസ്ലിം
കുട്ടികളെ പാടാന്‍ നിര്‍ത്താതെ തീണ്ടാപാടകലെ നിര്‍ത്തി മതേതരത്വം തെളിയിച്ചവരാണ് ഈ
ചെന്നിത്തല വീട്ടുകാര്‍ .
ലോക സഭയില്‍ അങ്ങ് കാസര്‍ഗോട്ട് ഷാഹിദ കമാല്‍ എന്ന മുസ്ലിം കുട്ടിയെ സിംഹത്തിനു മുന്നിലേക്ക് എറിഞ്ഞു കൊടുത്താണ് ഈ പാര്‍ട്ടി സാമുദായിക സന്തുലനം കാത്തത്. പ്രായശ്ചിത്തമായി ഷാനവാസിനെ വയനാടന്‍ കാട്ടിലേക്ക് മാനിനെ (സുലൈമാന്‍, റഹ്മാന്‍ , അബ്ദുറഹ്മാന്‍ തുടങ്ങിയ മാനുകളെ) പിടിക്കാന്‍ വിട്ടെന്കിലും, കോഴിക്കൊട്ടെത്തിയപ്പോള്‍ പാര്‍ട്ടിയുടെ തലകള്‍ക്ക് സന്തുലന രോഗം തലയ്ക്കു തന്നെ കയറി, പാര്‍ട്ടിയുടെ യുവതുര്‍ക്കി സിദ്ധീഖ് അങ്ങനെ പടിക്കു പുറത്തായി.. തൃശൂരിനപ്പുറം അങ്ങ് തിരോന്തരം വരെയുള്ള സകല അരമനകളെയും, വിശാല ഹിന്ദുക്കളെയും പ്രീണിപ്പിക്കാന്‍ നീക്കി വെച്ച സീറ്റുകളില്‍ ഹസ്സന്‍, മുസ്തഫ, തലേകുന്നില്‍ ബഷീര്‍ എന്നീ പേര് പോലും ഉച്ചരിക്കാതെ നാട്ടിലെ സാമുദായിക സന്തുലനം പാര്‍ട്ടി കാത്തു പോന്നു. കഴിഞ്ഞ നിയമസഭാ മാമാങ്കത്തിലും ഈ സന്തുലനം കാക്കാന്‍ പാര്‍ട്ടി പാട് പെട്ടു. പെരുന്നയിലെ നായരെ പ്രീണിപ്പിക്കാന്‍ ചെന്നിത്തല തന്നെ രംഗത്തേക്കിറങ്ങിയതോടെ വീണ്ടും സാമുദായിക സന്തുലനം!!! ഇല്ലെങ്കില്‍ എന്താകുമായിരുന്നു ന്റെ റബ്ബേ.... ജനങ്ങളുടെ തലയ്ക്കും മുകളില്‍ ഹെലികോപ്‌റ്ററില്‍ കറങ്ങി ചെന്നിത്തല നേടിയെടുത്തത് ഒരു സീറ്റ്, പക്ഷെ പാര്‍ട്ടി ചെന്നിയും, തലയും കറങ്ങി വീണത് പല സീറ്റുകളില്‍!!! അതാരോടും പറയേണ്ട ....ശ് ശ് ....
മുസ്ലിം തള്ള
പെറുന്ന കുട്ടികളൊക്കെ മുസ്ലിമായി പിറന്നു വീഴുന്നതിനാല്‍ , മലപ്പുറത്ത് പോലും ഈ
പാര്‍ട്ടിക്ക് ലഭിച്ച നാല് സീറ്റില്‍ മൂന്നിലും അനില്‍കുമാറും, പ്രകാശും, അജയ്
മോഹനുമാണ് നിന്ന് പാടിയത്. ഇതില്‍ രണ്ടു പേരും വോട്ടെണ്ണിയതിനു ശേഷവും നിര്‍ത്താതെ
നിന്ന് പാടുന്നതും ഈ സാമുദായികസന്തുലനം കൊണ്ട് തന്നെ. കോഴിക്കോട്ടങ്ങാടിയിലെ ഒരു
സീറ്റ് വ്യവസായ പ്രമുഖനായ അമുസ്ലിമിന് കാണിക്കയായി നല്‍കിയതും നന്നായെന്ന്
പിന്നീട് മനസ്സിലായി. കോഴിക്കോട് ജില്ല മൊത്തം പാര്‍ട്ടിയിലെ ഒരു സമുദായക്കാരനും
ജയിക്കാതെ സന്തുലനം നില നിര്‍ത്താനായല്ലോ..
ഗോപിനാഥന്‍വൈദ്യര്‍ കഷായവും, മരുന്നും ഉണ്ടാക്കുന്നത്
പോലെയാകണം കേരളത്തിലെ മന്ത്രി സഭയെന്നാണ് നാട്ടുനടപ്പ്. ആകെ ഇരുപതു മന്ത്രിമാരെ
പാടുള്ളൂ... ഇരുപതു മന്ത്രിമാരില്‍ അഞ്ചു ക്രിസ്ത്യാനികള്‍, അഞ്ചു മുസ്ലിംകള്‍
(അതില്‍ കൂടരുത്, കൂടിയാല്‍ മരുന്ന് കേടാകും) ബാക്കിയെല്ലാം ഹിന്ദു സമുദായത്തില്‍
നിന്ന്, ഇതാണ് ചേരുവ.. ഈ മരുന്ന്കൂട്ടിലേക്ക് ഒരു ക്രിസ്ത്യാനി കൂടി ചേര്‍ന്നാല്‍
മൊത്തം കൃസ്ത്യാനികളുടെ എണ്ണം ആറായാവും, എന്നാലും ഈ കഷായമോ, മരുന്നോ ഒരു കേടും
വരുന്നില്ലെന്ന് മാത്രമല്ല, മന്ത്രിസഭയിലെ സാമുദായിക സന്തുലനം തകര്‍ന്നു
വീഴുന്നുമില്ല....എങ്ങനെയുണ്ട് വിദ്യ..! ഹായ് മരുന്ന്... നല്ല മരുന്ന്! അലിയെന്ന
ഒരു ലീഗ് വേരും കൂടി ചേരുന്നതോടെ, ഒരു നുള്ള് ഷാംപൂ മതി ഒരു നല്ല ഭാര്യയാകാന്‍
എന്ന് പറഞ്ഞത് പോലെ ഈ മരുന്നിന്റെ നിറം തന്നെ പച്ചയാകും, മണവും, രുചിയും ഒക്കെ
മാറും.. അതോടെ കഴിഞ്ഞു കഥ. റബ്ബേ...കാത്തോളണെ...!!!
കേരളത്തിന്റെ മുഖ്യമന്ത്രിയും, ധനമന്ത്രിയും, ഡി.ജി.പി യും, യൂ ഡി എഫ് കണ്‍വീനറും ഒരേ സമുദായക്കാരായിട്ടും ആര്‍ക്കും തോന്നാത്ത സാമുദായികത ലീഗ് ഒരഞ്ചാം മന്ത്രിയെ ചോദിക്കുമ്പോള്‍ മാത്രം തോന്നുന്നത് സ്വാഭാവികമാണോ.. ഹേയ് കഥയില്‍ ചോദ്യമില്ലല്ലോ..ല്ലേ ചെന്നിത്തലേ? (കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു തൊട്ടു മുമ്പ് റിയാസുദീന്‍ എന്ന ഐ എ എസ്സുകാരന് ചീഫ് സെക്രെട്ടറി പദവി തട്ടി തെറിപ്പിക്കാനും ചില തലകള്‍ പ്രവര്‍ത്തിച്ചത് ആരും ഇതിനോട് ചേര്‍ത്തു വായിക്കരുതെ..ബ്ലീസ്).
ഇ.മൊയ്‌തു മൌലവി,
മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങി ധീര ദേശാഭിമാനികള്‍ നേതൃത്വം കൊടുത്ത ഒരു
പാര്‍ട്ടിയാണിത്..അതൊക്കെ പഴങ്കഥ... ആ ധീര ദേശാഭിമാനികളുടെ സമുദായത്തെ
പാര്‍ട്ടിക്കുള്ളിലും, പുറത്തും പുറംകാലു കൊണ്ട് ചവിട്ടാന്‍ 'കൊട്ടേഷന്‍' സംഘത്തെ
തന്നെ ഏര്‍പ്പാടാക്കിയിരിക്കുന്നു എന്നതാവും സത്യം. കേരള രാഷ്ട്രീയ ചരിത്രത്തില്‍
ഒരു മുസ്ലിമിനെ മുഖ്യമന്ത്രി സ്ഥാനത്തെക്കോ, കേന്ദ്രമന്ത്രിസ്ഥാനത്തെക്കോ
പരിഗണിക്കാതെ സന്തുലനം കാക്കുന്നവര്‍ തന്നെ കെ പി സി സി യുടെ അധ്യക്ഷ
സ്ഥാനത്തേക്ക് ഒരു മുസ്ലിമിനെ പോലും അടുപ്പിക്കാതെ സാമുദായികവെറിയും
വെളിവാക്കുന്നത് കാണുമ്പോള്‍ മേല്‍ പറഞ്ഞത് എന്റെ ഒരു സംശയമല്ല, ആ പാര്‍ട്ടിയുടെ
ഒരു രോഗമാണ് എന്ന് തെളിയുന്നു. ഈ രോഗത്തില്‍ നിന്നാണ് മന്ത്രിമാരുടെ സാമുദായികത
ചികയാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. പാര്‍ട്ടിക്ക് ഈ രോഗമുണ്ടെന്ന് മുമ്പ്
വിളിച്ചു പറഞ്ഞ പലരും ഇന്ന് മൌനവ്രതത്തിലാണെങ്കിലും രോഗം മൂര്‍ച്ചിച്ചിട്ടെയുള്ളൂ.
മുന്നണിയില്‍ മുസ്ലിം ലീഗുള്ളത് കൊണ്ട് മുസ്ലിം കൊണ്ഗ്രസ്സുകാര്‍ക്ക് വേണ്ടത്ര
പരിഗണന ലഭിക്കുന്നില്ല എന്നായിരുന്നു എം ഐ ഷാനവാസ് മുമ്പ് പരാതിപ്പെട്ടിരുന്നത്.
അങ്ങനെയെങ്കില്‍ മുന്നണിയില്‍ കേരള കൊണ്ഗ്രെസ്സ് ഉള്ളത് കൊണ്ട് കൊണ്ഗ്രസ്സിലെ
കൃസ്ത്യാനികളും തഴയപ്പെടെണ്ടതല്ലേ..കഥയില്‍ വീണ്ടും ചോദ്യമില്ലല്ലോ!
ജനസംഖ്യാനുപാതികമാണ് മന്ത്രിമാരുടെ എണ്ണം തിട്ടപ്പെടുത്തുന്നതത്രെ..പറഞ്ഞത് ഏതായാലും നന്നായി ഞമ്മള് ആ പരിപാടി തൊടങ്ങി ബെച്ചിട്ടുണ്ട്.. സംഗതി കേരള ജനസംഖ്യയില്‍ മുസ്ലിം സമുദായം രണ്ടാം സ്ഥാനത്തൊക്കെ തന്നെയാണ്. അതിനല്ലേ കുഞാപ്പാ, മലപ്പോറത്ത് ഞമ്മക്ക് പതിനാറു സീറ്റ് തന്നക്ക്ണത് എന്നാണു തെക്കോട്ടുള്ള ചില നായന്മാരുടെയും, അച്ഛന്മാരുടെയും ന്യായമായ ചോദ്യം. അത് ഇന്നലെ പാര്‍ട്ടിയിലേക്ക് വന്ന ദി കിംഗിനോട് സകല ഉപചാപകങ്ങളുടെയും കമ്മീഷന്‍ പറ്റുന്ന പാര്‍ട്ടിയുടെ കമ്മീഷണര്‍ തന്നെ പറഞ്ഞു മനസ്സിലാക്കണം എന്നാണു ഇന്ദിരാ ഭവനില്‍ നിന്നുള്ള വിജ്ഞാപനം. ഈ വിജ്ഞാപനം കണ്ടു മയങ്ങി വീണ വീട്ടിലേക്കാണ് അങ്ങാടിപ്പുറത്തെ യൂത്ത്‌ലീഗുകാര്‍ കൊടിയെടുത്ത് പാഞ്ഞു വന്നത്. കാരാതോട്ടെ വസതിയിലേക്ക് അങ്ങാടിപ്പുറത്ത് നിന്നും പോരുന്ന പോക്കിലോ, തിരിച്ചു പോകുമ്പോഴോ പാണക്കാട്ടെ കൊടപ്പനക്കല്‍ വീട്ടിനു മുന്നില്‍ ഈ കുട്ടികള്‍ ഒരു അലമ്പും ഉണ്ടാക്കിയില്ലെന്നത് കമ്മീഷണര്‍ക്ക് ഒരു തിരിച്ചറിവാകണം. സന്തുലനപാര്‍ട്ടിയുടെ തലപ്പത്ത് അടയിരിക്കുന്നത് നായന്മാരാവണമെന്നും, മുഖ്യമന്ത്രി പദത്തില്‍ കൃസ്ത്യാനിയാവണമെന്നും ഏതു ഭരണഘടനയാണെന്ന് ചോദിക്കാന്‍ കഴിയണം മിസ്റ്റര്‍ കമ്മീഷണര്‍ . എ.കെ ആന്റണി, കെ.വി തോമസ് എന്നീ കൃസ്ത്യാനികളും, മുല്ലപ്പള്ളി, വയലാര്‍ രവി, കെ.സി. വേണുഗോപാല്‍ എന്നീ വിശാല ഹിന്ദുക്കളും കേന്ദ്രത്തില്‍ മന്ത്രിമാരായി കൊടി വെച്ച കാറില്‍ കറങ്ങുമ്പോഴും ഒരു സാമുദായികസന്തുലനവും തകരുന്നില്ലേ എന്നും ചോദിക്കാനാവണം കമ്മീഷണര്‍ ..ഒരെല്ല് കൂടുതലുള്ള ദി കിംഗ് അഥവാ മാക് അലി ആ എല്ല് നട്ടെല്ലാണ് എന്ന് തെളിയിച്ച് തോക്കെടുക്കും മുമ്പ്, ഉടുത്തിരിക്കുന്ന മുണ്ട് മടക്കിക്കുത്താനും അറിയും ഈ മഞ്ഞളാംകുഴിക്ക് എന്ന് പറയുന്നതിന് മുമ്പെങ്കിലും കമ്മീഷണര്‍ കുട സടഞ്ഞ് സോറി സട കുടഞ്ഞ് എഴുന്നെല്‍ക്കണം, ഇല്ലെങ്കില്‍ എങ്കെടാ ഉങ്ക മന്ത്രി എന്ന് ചോദിച്ചു കൊടിയെടുക്കുക അങ്ങാടിപ്പുറത്ത് നിന്നാവില്ല, കൊടപ്പനക്കല്‍ നിന്നാവും, മറക്കേണ്ട..ജസ്റ്റ് റിമംബര്‍ ദാറ്റ്...
കൊണ്ഗ്രെസ്സ്
ഇപ്പോള്‍ കളിക്കുന്ന കളി മുന്‍കൂട്ടി തിരക്കഥ തയ്യാറാക്കിയുള്ള ഒരുഗ്രന്‍ കളിയാണ്.
കഴിഞ്ഞ മെയില്‍ തന്നെ ലീഗിന്റെ നാല് മന്ത്രിമാരോടൊപ്പം അലിയും അഞ്ചാം മന്ത്രിയായി
സത്യപ്രതിജ്ഞ ചെയ്തിരുന്നെങ്കില്‍ ഇന്ന് ലീഗിന്റെ ആവശ്യം ഒഴിവു വരുന്ന രാജ്യസഭാ
സീറ്റിനു വേണ്ടിയാവുമായിരുന്നു. സമദാനിയും, പി വി അബ്ദുല്‍ വഹാബും കാലാവധി
പൂര്‍ത്തിയാക്കിയതിനു ശേഷം ഒരു സീറ്റെങ്കിലും ലീഗിന് അര്‍ഹതപ്പെട്ടതുമാണ്. ഈ ആവശ്യം
ഉന്നയിക്കാന്‍ പോലുമാകാത്ത വിധം ലീഗിന്റെ വായില്‍ അഞ്ചാം മന്ത്രി എന്ന കീറത്തുണി
വെച്ച് തിരുകിയത് മിച്ചം.. കുഞ്ഞാലികുട്ടി എന്ന ട്രോജന്‍ കുതിരയെ വെച്ച്
കളിക്കുകയാണ് കോണ്ഗ്രസ് എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്ന തരത്തിലാണ് കാര്യങ്ങളുടെ
പോക്ക്. അഞ്ചാം മന്ത്രിയെന്ന ലീഗ് പ്രവര്‍ത്തകരുടെ അടങ്ങാത്ത ദാഹത്തെ
ഹൈകമാന്റിലേക്ക് വിട്ട് തട്ടിക്കളിച്ചും, സാമുദായിക വികാരം ഇളക്കി വിട്ടും തടയാന്‍
ശ്രമിക്കുന്ന ഈ ഞാണിന്മേല്‍കളി തികച്ചും ലജ്ജാവഹമായിപ്പോയി. മുന്നണി രൂപീകരിക്കാന്‍
മുന്നിട്ടിറങ്ങിയ പഴയ കാല നേതാക്കളുടെ പാരമ്പര്യം പോലും ഇന്നത്തെ നേതാക്കള്‍ക്ക്
ഇല്ലാതെ പോയോ.. സ്വജാതിയും, സ്വസമുദായവും മാത്രമാണ് പുരോഗമിക്കേണ്ടത് എന്നായോ
നമ്മുടെ രാഷ്ട്രീയ ചിന്തകള്‍ . ഈ പരിഗണനകളില്‍ തപ്പി തടഞ്ഞാണ് കോണ്‍ഗ്രസ്സ് എന്ന
മുതുമുത്തശ്ശി മുപ്പത്തിയെട്ടില്‍ ഒതുങ്ങിയത് എന്ന് ചേര്‍ത്തു വായിക്കുക.
മതമല്ല, മതമല്ല,
മതമല്ല പ്രശ്നം..എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നം എന്ന് മുദ്രാവാക്യം വിളിച്ചു
നടന്നവര്‍ പോലും ഇപ്പോള്‍ ജാതിയും, മതവും നോക്കി സ്ഥാനാര്‍തികളെ നിര്‍ത്താന്‍
തുടങ്ങിയിരിക്കുന്നു. നാടോടുമ്പോള്‍ നടുവേ ഓടണമല്ലോ.. ആ ഓട്ടത്തിലാണ് നമ്മുടെ
സന്തുലനപാര്ട്ടിയും, നേതാക്കളും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍
കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തില്‍ സാമുദായികമായി ചിന്തിക്കുകയാണ് എല്ലാ
രാഷ്ട്രീയ നേതാക്കളും. ജനാധിപത്യത്തില്‍ പൗരന്റെ അവകാശമായ വോട്ട് സകല വിധ
സാമുദായിക, മത, ജാതി ചിന്തകള്‍ക്കുമതീതമായി വിനിയോഗിക്കപ്പെടുന്ന
ശുഭമുഹൂര്‍ത്തങ്ങള്‍ ഈ രാഷ്ട്രീയ നേതാക്കള്‍ക്ക് അശുഭമായി തോന്നാം. കാസര്‍ഗോട്ടും,
മഞ്ചേശ്വരത്തും അറുപതു ശതമാനത്തിലേറെ വരുന്ന ഹിന്ദു വോട്ടര്മാരുള്ളിടത്തു നിന്ന്
ബി ജെ പിയുടെയടക്കം ഹിന്ദു സ്ഥാനാര്തികളെ തോല്‍പ്പിച്ച് മുസ്ലിം ലീഗിന്റെ രണ്ടു
സ്ഥാനാര്‍തികള്‍ നിയമസഭയിലേക്ക് ജയിച്ചു പോകുന്നത് ഈ സന്തുലന രാഷ്ട്രീയത്തിന്
തീര്‍ത്തും അരോചകമോ, അശുഭമോ ആയി തോന്നാം. തിരൂരങ്ങാടി എന്ന മുസ്ലിം ഭൂരിപക്ഷ
പ്രദേശത്ത് എ.കെ ആന്റണി എന്ന കൃസ്ത്യാനിയെ മതമോ, ജാതിയോ നോക്കാതെ കൈപ്പത്തി
ചിഹ്നത്തില്‍ (അതും ബാബരി മസ്ജിദ് ദുരന്തം മുസ്ലിം മനസ്സുകളെ
വേട്ടയാടികൊണ്ടിരിക്കുംപോള്‍ ) വോട്ടു ചെയ്തു, വന്‍ ഭൂരിപക്ഷത്തിനു വിജയിപ്പിച്ചു
കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തിയതും നമുക്ക് മറക്കാം. നമുക്ക് കൂടുതല്‍
സാമുദായികമായി ചിന്തിക്കാം..അതിനായി പാര്‍ട്ടി സമവാക്യങ്ങള്‍ തിരുത്തിയെഴുതാം.
പിന്കുറി: അഞ്ച്
മന്ത്രിമാരുമായി ഒരു കൊല്ലം ഭരിക്കുന്നതിനേക്കാള്‍ , നാല് മന്ത്രിമാരുമായി അഞ്ചു
കൊല്ലം ഭരിക്കുന്നതാണ് നല്ലതെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ മനസ്സിലാക്കണം എന്ന്
ജിദ്ദയില്‍ വെച്ച് പി.വി അബ്ദുല്‍വഹാബ്.
അതെ, അത്
തന്നെയാണ് മൂപ്പര്‍ക്കും നല്ലത് എന്ന് രാജ്യസഭയുടെ മുന്നിലുള്ള
ചായക്കടക്കാരന്‍.
No comments:
Post a Comment