Tuesday, April 10, 2012

കേരളത്തില്‍ സ്ത്രീകള്‍ക്കായി ഇ-ടോയ്‌ലറ്റുകള്‍

തിരുവനന്തപുരം: കേരളത്തിലെ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിളും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കു മാത്രമായി ഇ-ടോയ്‌ലറ്റുകള്‍ വരുന്നു. രാജ്യത്തു തന്നെ ഇത്തരം ഒരു സംഭവം ഇതാദ്യമായാണ്.

 
സംരഭം പ്രാവര്‍ത്തികമാക്കുന്നതിന്റെ ആദ്യ പടി എന്ന നിലയില്‍ തലസ്ഥാന നഗരിയില്‍ 35 ഇ-ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാനാണ് സ്‌റ്റേറ്റ് വുമന്‍സ് ഡിവലപ്‌മെന്റ് കോര്‍പറേഷന്റെ(കെഎസ്ഡബ്ല്യുഡിസി) പദ്ധതി.

കേരളത്തിലെ ജോലി ചെയ്യുകയും യാത്ര ചെയ്യുകയും ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളെ ശുചിത്വമുള്ള ടോയ്‌ലറ്റുകളുടെ അഭാവം വലിയൊരു പ്രശ്‌നമാണ് ഇത് പല സ്ത്രീകളില്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നു എന്ന് ഈയിടെ നടത്തിയ ഒരു പഠനത്തില്‍ തെളിയുകയും ചെയ്തു. കെഎസ്ഡബ്ല്യുഡിസിയുടെ എംഡി പിടിഎം സുനിഷ് പറയുന്നു.

തിരുവനന്തപുരം ജില്ലയില്‍ ആരംഭിക്കുന്ന പദ്ധതി അതിന്റെ വിജയം പരിശോധിച്ച ശേഷം പതുക്കെ മറ്റു ജില്ലകളിലും പ്രാവര്‍ത്തികമാക്കാനാണ് കോര്‍പറേഷന്റെ പരിപാടി.

ഇ-ടോയ്‌ലറ്റുകള്‍ ഇന്ത്യയില്‍ ഇതാദ്യമല്ല. എന്നാല്‍ സ്ത്രീകള്‍ക്കു പ്രത്യേകം സൗകര്യങ്ങളൊരുക്കിയ ഇ-ടോയ്‌ലറ്റുകള്‍ ഇതാദ്യമാണ്.

പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു കഴിഞ്ഞു. ഇതിനായുള്‌ല ടെണ്ടര്‍ ഉടന്‍ പുറത്തിറക്കും. ഈ മാസം അവസാനത്തോടെ തന്നെ 35 ഇ-ടോയ്‌ലറ്റുകള്‍ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.

പണം ഈടാക്കുന്നതും വാതില്‍ തുറക്കുന്നതും ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിച്ചായിരിക്കും. 'ഫ്രീ', 'ബിസി' ഡിസ്‌പ്ലേ ബോര്‍ഡുകള്‍ ഉണ്ടായിരിക്കും ടോയ്‌ലറ്റുകള്‍ക്ക് മുന്നില്‍.


ടോയ്‌ലറ്റ് വൃത്തിയാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം, കുഞ്ഞുങ്ങളുടെ ഡയപ്പറും മറ്റും മാറ്റുന്നതിന് ടോയ്‌ലറ്റിനോടനുബന്ധിച്ചുള്ള ബേബി സ്‌റ്റേഷനും ഇ-ടോയ്‌ലറ്റുകളുടെ പ്രത്യേകതകളില്‍ പെടുന്നു.

ജിപിഎസ് സാങ്കേതിക വിദ്യയിലൂടെയായിരിക്കും ഈ ടോയ്‌ലറ്റുകള്‍ നിയന്ത്രിക്കുക.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More