Saturday, April 28, 2012

മലയാളിയുടെ കൊല: ദുബയില്‍ മലയാളിക്ക് വധശിക്ഷ

ദുബയ്: മലയാളി അക്കൗണ്ടന്റിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മലയാളി ഡ്രൈവര്‍ക്ക് ദുബയ് കോടതി വധശിക്ഷ വിധിച്ചു. വേലൂര്‍ ചാരമംഗലം സി.കെ. ശശികുമാറി (47) നെ കൊലപ്പെടുത്തിയ കേസില്‍ തൃശ്ശൂര്‍ ചൂണ്ടല്‍ സ്വദേശി നവാസിനാണ് (35) ശിക്ഷ.


ശമ്പളത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ അവസാനിച്ചത്. കഴിഞ്ഞവര്‍ഷം ജൂലായിലാണ് ദുബായ് കരാമ ഫയര്‍സ്‌റ്റേഷനടുത്തുള്ള താമസസ്ഥലത്ത് ശശികുമാര്‍ കൊല്ലപ്പെട്ടത്. ചുറ്റികകൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് കുത്തിയുമാണ് കൊലപ്പെടുത്തിയത്. ശശികുമാറിന്റെ ദേഹത്ത് പ്രതി 30 തവണ കുത്തിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

കഴുത്തിനും ഹൃദയത്തിനുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം. കത്തിയും ചുറ്റികയും കണ്ടെടുത്തു. ശശികുമാറിന്റെ താമസസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളാണ് നവാസിനെതിരെയുള്ള തെളിവായത്.

കൊലനടക്കുന്ന ദിവസം ശശികുമാര്‍ താമസസ്ഥലത്ത് തനിച്ചായിരുന്നു. ശശികുമാര്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ െ്രെഡവറായിരുന്ന നവാസ് ഇവിടെയെത്തി 45,000 ദിര്‍ഹം ശമ്പളകുടിശ്ശിക ആവശ്യപ്പെട്ടു. കൊടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

ശശികുമാറിനെതിരെ നവാസ് നേരത്തെ വധഭീഷണി മുഴക്കിയിരുന്നതായും കോടതി കണ്ടെത്തി. എന്നാല്‍ നവാസ് കോടതിയില്‍ കുറ്റം നിഷേധിച്ചു. സ്വരക്ഷയ്ക്കാണ് കൊലനടത്തിയതെന്ന് അദ്ദേഹം വാദിച്ചു. വിധിക്കെതിരെ 15 ദിവസത്തിനകം നവാസിന് അപ്പീല്‍ പോകാം.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More