Sunday, December 18, 2011

മലയാളിയുടെ ഗ്രോസറി തല്ലിത്തകര്‍ത്ത് കൊള്ളയടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

Madhyamam: ഷാര്‍ജ: ഷാര്‍ജയില്‍ ജീവനക്കാരെ കെട്ടിയിട്ട് മലയാളിയുടെ ഗ്രോസറിയില്‍ നിന്ന് പണവും സാധനങ്ങളും കൊള്ളയടിച്ചു. രണ്ട് മലയാളി ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഘം കട തല്ലിത്തകര്‍ക്കുകയും ചെയ്തു. മലപ്പുറം ചങ്ങരംകുളം സ്വദേശി ബാസിമിനും കണ്ണൂര്‍ പാനൂര്‍ സ്വദേശി രാഗേഷിനുമാണ് മര്‍ദനമേറ്റത്.



വ്യവസായ മേഖല പത്തില്‍ പ്രവര്‍ത്തിക്കുന്ന, കണ്ണൂര്‍ പാനൂര്‍ സ്വദേശി മുഹമ്മദിന്‍െറ അല്‍ മദീന ഗ്രോസറിയിലാണ് കവര്‍ച്ച നടന്നത്. 6,000 ദിര്‍ഹവും 4,000 ദിര്‍ഹത്തിന്‍െറ സാധനങ്ങളും അക്രമി സംഘം കൈക്കലാക്കി.

വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് ശേഷമായിരുന്നു സംഭവം. പാകിസ്താന്‍ സ്വദേശികളുടെ വേഷമണിഞ്ഞ സംഘം ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്ന് മുഹമ്മദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മാരകായുധങ്ങളുമായി കടയില്‍ അതിക്രമിച്ച് കയറിയ സംഘം രാഗേഷിനെയും ബാസിമിനെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. ശബ്ദമുണ്ടാക്കാതിരിക്കാന്‍ ഇവരുടെ വായില്‍ തുണി തിരുകിയിരുന്നു.

കൈക്കും കാലിനും പരിക്കേറ്റ ബാസിമിനെ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികില്‍സ നല്‍കി.

വ്യവസായ മേഖല പൊലീസ് സ്റ്റേഷന് സമീപത്താണ് ഈ ഗ്രോസറി പ്രവര്‍ത്തിക്കുന്നത്. കത്തിയും വാളും ഇരുമ്പ് ദണ്ഡുകളുമായി കടയിലേക്ക് പാഞ്ഞുകയറിയ അക്രമി സംഘം ജീവനക്കാരെ ആക്രമിച്ച് കിഴടക്കിയ ശേഷം കാശ് കൗണ്ടര്‍ നിലത്തടിച്ച് പൊളിക്കുകയും അതിലുണ്ടായിരുന്ന പണം കൈകലാക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത്ര പണം കിട്ടാതായതോടെ കണ്ണില്‍ കണ്ടതെല്ലാം വാരിവലിച്ചിട്ട സംഘം ആയുധങ്ങള്‍ ഉപയോഗിച്ച് കടയിലുള്ളതെല്ലാം തല്ലിതകര്‍ത്തു. പണമെവിടെയെന്ന് ആക്രോശിച്ചായിരുന്നു അതിക്രമമെന്ന് മുഹമ്മദ് പറഞ്ഞു. നല്ല നിലയില്‍ വ്യാപാരം നടക്കുന്ന സ്ഥാപനമാണിത്.

സാധാരണഗതിയില്‍ ഇവിടെ കൂടുതല്‍ പണം ഉണ്ടാവാറുണ്ടത്രെ.
എന്നാല്‍ എമിറേറ്റിന്‍െറ പലഭാഗങ്ങളിലും കൊള്ളയും പിടിച്ചുപറിയും വര്‍ധിച്ചതോടെയാണ് പണം സൂക്ഷിക്കുന്നത് നിര്‍ത്തിയത്. പണത്തിന് പുറമെ ടെലഫോണ്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയാണ് അപഹരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ദുബൈ ഖിസൈസില്‍ ഇവരുടെ ബന്ധുവിന്‍െറ ഗ്രോസറിയിലും സമാന രീതിയില്‍ കൊള്ള നടന്നിരുന്നു. കടയുടമ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വിരലടയാളവും മറ്റ് തെളിവുകളും ശേഖരിച്ചു.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More