മാതൃഭൂമി: കൊപ്പം (പട്ടാമ്പി): ചുണ്ടമ്പറ്റയില്‍ സ്വകാര്യ മിനിബസ് നിയന്ത്രണംവിട്ട് കുളത്തിലേക്കുമറിഞ്ഞ് വീട്ടമ്മ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ചരാവിലെ പത്തേമുക്കാലോടെയായിരുന്നു അപകടം. മുളയങ്കാവ് മപ്പാട്ടുകര കോലന്‍തൊടി മുഹമ്മദിന്റെഭാര്യ നഫീസ (42) ആണ് മരിച്ചത്. നാട്യമംഗലത്തുനിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് വരികയായിരുന്ന 'മുത്തപ്പന്‍' ബസ്സാണ് ലീഫ്‌പൊട്ടി നിയന്ത്രണംവിട്ട് ചുണ്ടമ്പറ്റ ഹൈസ്‌കൂളിനടുത്തുള്ള കുളത്തിലേക്ക് മറിഞ്ഞത്.
റോഡില്‍ നിന്ന് ഇരുപതടിയോളം താഴ്ചയിലുള്ള കുളത്തിലേക്കുമറിഞ്ഞ ബസ് പൂര്‍ണമായും വെള്ളത്തിലാഴ്ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ബസ്സിനകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചു. പെരിന്തല്‍മണ്ണ, ഷൊറണൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും പട്ടാമ്പി, തൃത്താല, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍നിന്നുള്ള പോലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കി.
ഏറെനേരത്തെ പരിശ്രമത്തിനുശേഷം 12 മണിയോടെ ജെ.സി.ബി.യും ക്രെയിനും മറ്റും ഉപയോഗിച്ചാണ് ബസ് കരയ്ക്ക് കയറ്റിയത്. തുടര്‍ന്ന് വെള്ളത്തിനടിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നറിയാന്‍ മുങ്ങല്‍ വിദഗ്ദ്ധരും അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തി. പരിക്കുപറ്റിയവരെ പെരിന്തല്‍മണ്ണ, കൊപ്പം, പട്ടാമ്പി എന്നിവിടങ്ങളിലെ സ്വകാര്യ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.
വിവിധ ആസ്പത്രികളില്‍ ചികിത്സയില്‍ക്കഴിയുന്നവര്‍: തത്തനംപുള്ളി താറക്കാട്കുന്നത്ത്‌വിജയന്‍ (57), ചക്കുംതാഴത്ത് മീരാന്‍ (52), കരിമ്പനക്കല്‍ പാത്തുമ്മ, ചുണ്ടമ്പറ്റ പടുവന്‍പാടത്ത് അബ്ദുള്‍ഖാദര്‍ (52), ഭാര്യ ജമീല (42), കട്ടുപാറ വിരാളികാട്ടില്‍ മുഹമ്മദാലി (50), ചുണ്ടമ്പറ്റ ഇളയത്തൊടി റഷീദ് (30), വട്ടമണ്ണപുരം പുത്തന്‍പുരയ്ക്കല്‍ ബഷീര്‍, മങ്കട സ്വദേശിനി സൈനബ, മണ്ണേങ്കാട് സ്വദേശി അബൂബക്കര്‍, പ്രഭാപുരം സ്വദേശി വിഷ്ണുദാസ്, തത്തനംപുള്ളി മധുരക്കാട്ടില്‍ ജാഫര്‍, തത്തനംപുള്ളി ചെറുപറമ്പ്‌തൊടി ഹസ്സന്‍കുട്ടി, ചെര്‍പ്പുളശ്ശേരി പൂക്കാട്ടുകുളം സിറാജുദ്ദീന്‍, നീരാളിത്തോട്ടില്‍ ലൈല, ബുഷറ, ഊഴുംതൊടി ഷറഫുദ്ദീന്‍.
അപകടവിവരമറിഞ്ഞ് പട്ടാമ്പി എം.എല്‍.എ. സി.പി. മുഹമ്മദ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തിയിരുന്നു. ഡിവൈ.എസ്.പി. കെ.എ. ആന്റണി, ഒറ്റപ്പാലം ആര്‍.ഡി.ഒ. ടി. സ്വാമിനാഥന്‍ എന്നിവരുള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി. നഫീസയുടെ മക്കള്‍: ശബ്‌ന, ഷൈല, സമീറ, ഷഹനാസ്, നിസാര്‍, താഹിര്‍ അലി.
No comments:
Post a Comment