അങ്കമാലി: ഖത്തറില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അങ്കമാലി പോലീസ് അറസ്റ്റുചെയ്തു. പാലാ ഇടനാട് കൊന്നയ്ക്കല്‍ വീട്ടില്‍ പയസ്സ് (29), ഇടുക്കി മൂലമറ്റം വളവനാട് വീട്ടില്‍ അനീഷ് (31) എന്നിവരാണ് അറസ്റ്റിലായത്. ഖത്തറിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ വെല്‍ഡര്‍, ഡ്രൈവര്‍, സേഫ്റ്റി സൂപ്പര്‍വൈസര്‍ തുടങ്ങിയ തസ്തികകളിലേയ്ക്കാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. കമ്പനിയുടെ പേരില്‍ വ്യാജ ലെറ്റര്‍പാഡുണ്ടാക്കി അതില്‍ ജോലി ഓഫര്‍ ലെറ്റര്‍ പ്രിന്‍റ് ചെയ്താണ് ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയിരുന്നത്. തൊഴിലിനെപ്പറ്റിയുള്ള വിശദവിവരങ്ങളും വ്യാജ സീലും ലെറ്ററില്‍ ഉണ്ടായിരുന്നു. എറണാകുളം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ഉദ്യോഗാര്‍ഥികളില്‍നിന്ന് 10,000 രൂപ മുതല്‍ 60,000 രൂപ വരെ അഡ്വാന്‍സും വാങ്ങിയിട്ടുണ്ട്. അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.
തട്ടിപ്പ് അറിഞ്ഞ പോലീസ് ഖത്തര്‍ കമ്പനിയുടെ ഇ-മെയില്‍ വിലാസം സംഘടിപ്പിച്ച് ഇ-മെയില്‍ മുഖാന്തരം ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ റിക്രൂട്ട്‌മെന്‍റ് നടത്തുന്നില്ലെന്ന് മറുപടി ലഭിച്ചു. കമ്പനിയുടെ പേരില്‍ വ്യാജ റിക്രൂട്ട്‌മെന്‍റ് നടത്തി ലക്ഷങ്ങളാണ് സംഘം തട്ടിയെടുത്തിരിക്കുന്നത്.
പിടിയിലായവരുടെ പക്കല്‍നിന്ന് 80,000 രൂപയും നിരവധി വ്യാജ ലെറ്റര്‍ പാഡുകളും കണ്ടെടുത്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികളില്‍ നിന്നും രൂപ വാങ്ങുന്നതിനായി തയ്യാറാക്കിയ ജോബ് ഓഫര്‍ ലെറ്ററുകളും വിരലടയാളം പതിക്കാനുള്ള സീല്‍ പാഡുകളും മറ്റും പിടികൂടിയിട്ടുണ്ട്.
ഉദ്യോഗാര്‍ഥികളെ ഫോണില്‍ വിളിച്ചശേഷം ഏതെങ്കിലും ഹോട്ടലുകളില്‍ വെച്ചാണ് പണം കൈപ്പറ്റുന്നത്. ഇവര്‍ നല്‍കിയ ലെറ്റര്‍ പാഡിലെ ഫോണ്‍ നമ്പറുകള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉടന്‍ കുടുങ്ങുമെന്ന് പോലീസ് അറിയിച്ചു. അങ്കമാലി എസ്.ഐ വി.എം. കേഴ്‌സണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോഷി പോള്‍, ജി. ഹരികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിബി പൗലോസ്, തോമസ്, ശ്രീകുമാര്‍, അനില്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
Source: Mathruboomi
No comments:
Post a Comment