Tuesday, July 31, 2012

ഷവര്‍മ കഴിച്ച ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: വഴുതക്കാട്ടെ സാല്‍വെ കഫെയില്‍ നിന്ന് ഷവര്‍മ കഴിച്ച ഒരാള്‍ കൂടി മരിച്ചു. കോട്ടയം സ്വദേശി പ്രൊഫസര്‍ വര്‍ഗ്ഗീസാണ് മരിച്ചത്.


സാല്‍വെ കഫെയില്‍ നിന്ന് കഴിച്ച ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വര്‍ഗ്ഗീസ്.

ഇദ്ദേഹത്തിന്റെ മകനും ചികിത്സയില്‍ കഴിയുകയാണ്.
സാല്‍വെ കഫെയില്‍ നിന്ന് ഷവര്‍മയില്‍ നിന്ന് വാങ്ങിക്കഴിച്ച ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥി നേരത്തെ ബാംഗ്ലൂരില്‍ മരിച്ചിരുന്നു.

ആലപ്പുഴ വിയ്യപുരം മാന്നാത്ത് റോയ് മാത്യുവിന്റെയും സിസി റോയിയുടെയും മകനായ സജിന്‍ മാത്യു റോയ്(21) ആണ് മരിച്ചത്.

തിരുവനന്തപുരത്തു നിന്ന് ബാംഗ്‌ളൂരിലേക്കുള്ള സ്വകാര്യ ലക്ഷ്വറി ബസില്‍ യാത്ര ചെയ്യുന്നതിന് മുമ്പ് വാങ്ങിയ ഷവര്‍മ പാഴ്‌സല്‍ ബസില്‍ ഇരുന്ന് കഴിച്ച സജിന്‍ പിറ്റേന്ന് ബാംഗ്ളൂരില്‍ മരിയ്ക്കുകയായിരുന്നു.

ഇതേ ഹോട്ടലില്‍ നിന്നും ഷവര്‍മ വാങ്ങിക്കഴിച്ച നടന്‍ ഷോബി തിലകനും കുടുംബത്തിനും മറ്റുപത്തു പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍ പലരും ആശുപത്രിയില്‍ ചികിത്സ തേടി. സാല്‍വെ കഫെ അടച്ചുപൂട്ടാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാല്‍വ കഫേ ഉടമ അബ്ദുള്‍ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരണ കാരണമാവും വിധത്തില്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തി വിതരണം ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം തടവും വന്‍തുക പിഴയും ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണിതെല്ലാം. ഭക്ഷണത്തില്‍ മായംചേര്‍ത്തി വിറ്റതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. എവിടെയാണ് പിഴച്ചതെന്ന് അറിയില്ല എന്നും ആരെയും മനഃപൂര്‍വം ദ്രോഹിച്ചിട്ടില്ല എന്നും കീഴടങ്ങും മുമ്പ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Monday, July 30, 2012

ഇന്ത്യയ്‌ക്ക്‌ ആദ്യ മെഡല്‍;നരംഗിന്‌ വെങ്കലം

ലണ്ടന്‍: തോല്‍വി പരമ്പരയ്‌ക്കൊടുവില്‍ ഇന്ത്യയ്‌ക്ക്‌ ലണ്ടന്‍ ഒളിംപിക്‌സില്‍ മെഡല്‍ നേട്ടം. 10 മീറ്റര്‍ എയര്‍ റൈഫ്‌ളിങ്ങില്‍ വെങ്കല മെഡല്‍ നേടി ഗഗന്‍ നരംഗ്‌ ഇന്ത്യയുടെ അഭിമാനമായി.

ഫൈനലില്‍ 701.1 പോയിന്റോടെയാണ്‌ ഗഗന്‍ വെങ്കലം നേടിയിരിക്കുന്നത്‌. രണ്ടു റൗണ്ടുകളില്‍ നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു പോയിരുന്ന ഗഗന്‍ അവസാന റൗണ്ടിലെ മികച്ച ഷോട്ടോടെ വെങ്കലം ഉറപ്പിക്കുകയായിരുന്നു. സ്വര്‍ണ്ണം റുമാനിയന്‍ താരം അലിന്‍ ജോര്‍ജ്ജിനും വെള്ളി ഇറ്റലിയുടെ നിക്കോള കപ്രിയാനിക്കും ആണ്‌.

ലണ്ടന്‍ ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം ആണ്‌ ഗഗന്‍ നരംഗിന്റേത്‌. എന്നാല്‍ അതേ മത്സരയിനത്തില്‍ നിലവിലെ ഒളിംപിക്‌സ്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവും, ഇത്തവണത്തെ ഇന്ത്യുടെ മെഡല്‍ പ്രതീക്ഷയുമായ അഭിനവ്‌ ബിന്ദ്ര പുറത്തായി.

പ്രാഥമിക റൗണ്ടില്‍ 594 പോയിന്റുകള്‍ നേടി പതിനാറാമനാകാനേ ബിന്ദ്രയ്‌ക്ക്‌ ആയുള്ളു. എന്നാല്‍ 600ല്‍ 598 പോയിന്റുകളോടെ മൂന്നാം സ്ഥാനം നേടിയാണ്‌ നരംഗ്‌ ഫൈനല്‍ പ്രവേശം നേടിയത്‌.

Saturday, July 21, 2012

യൂസഫലി എയര്‍ ഇന്ത്യ ബോര്‍ഡ് അംഗത്വം രാജിവച്ചു

ദില്ലി: എംകെ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ.യൂസഫലി എയര്‍ ഇന്ത്യാ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവച്ചു. ഗള്‍ഫ് മലയാളികളോടുള്ള എയര്‍ ഇന്ത്യയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി.

രണ്ടു വര്‍ഷം ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടും പ്രവാസി മലയാളികളോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. അടിയ്ക്കടി നിരക്ക് കൂട്ടുന്നതും അവസാന നിമിഷം സര്‍വീസ് റദ്ദാക്കുന്നതും യാത്രക്കാരെ വളരെയധികം വിഷമിപ്പിക്കുന്നുണ്ട്.


താനുള്‍പ്പെടെയുള്ള അംഗങ്ങള്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയിട്ടും വിശേഷ അവസരങ്ങളില്‍ പോലും സര്‍വീസ് റദ്ദാക്കപ്പെടുകയാണ്. എയര്‍ ഇന്ത്യയിലെ ജീവനക്കാരുടെ നിസ്സഹകരണ മനോഭാവമാണ് പ്രസ്ഥാനത്തെ നശിപ്പിക്കുന്നതെന്നും യൂസഫലി പറഞ്ഞു. ഡയക്ടര്‍ബോര്‍ഡ് എടുക്കുന്ന ഓരോ തീരുമാനവും ജീവനക്കാര്‍ അട്ടിമറിക്കുകയാണ്.

ആറു വര്‍ഷം മുന്‍പ് താനുള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവച്ച 'എയര്‍കേരള' എന്ന പദ്ധതി ഇപ്പോഴും മനസ്സിലുണ്ട്. എയര്‍ കേരളയുമായി മുന്നോട്ടു പോകേണ്ടത് അനിവാര്യമാണെന്ന് ഇപ്പോള്‍ തോന്നുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജിയെന്നും യൂസഫലി പറഞ്ഞു.

2010ലാണ് എയര്‍ ഇന്ത്യയിലെ അഞ്ചു സ്വതന്ത്ര ഡയറക്ടര്‍മാരിലൊരാളായി യൂസഫലിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. മൂന്നു വര്‍ഷമായിരുന്നു കാലാവധി. നിലവില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി ഡയറക്ടറും എയര്‍ കേരള ഇന്റര്‍നാഷണല്‍ സര്‍വീസസ് ബോര്‍ഡ് അംഗവുമാണ്് യൂസഫലി.

M.A. Yusuf Ali, an industrialist from the Middle East, has resigned from the Air India board

Wednesday, July 11, 2012

പട്ടാമ്പിപാലത്തിന്റെ അടിവശത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു

പട്ടാമ്പി: അപകടാവസ്ഥയിലായ പട്ടാമ്പിപാലത്തിന്റെ അടിവശത്തെ ദുര്‍ബലമായ കോണ്‍ക്രീറ്റ് അടര്‍ന്നുവീഴാന്‍തുടങ്ങി. വ്യാഴാഴ്ച വൈകീട്ടോടെയാണ് പാലത്തിന്റെ ആദ്യ തൂണിനുമുകളിലെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുവന്നത്.
 

പുറത്തേക്കുള്ള കമ്പികള്‍ ദ്രവിച്ച നിലയിലായിട്ടുണ്ട്. പാലത്തിനടിയിലിരുന്ന് ചൂണ്ടയിട്ടിരുന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പഴക്കമുള്ള പട്ടാമ്പിപാലത്തിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നത് യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്. രണ്ടുവര്‍ഷം മുമ്പ് പാലത്തിന്റെ തെക്കുഭാഗത്തെ തൂണുകള്‍ ബലപ്പെടുത്തിയിരുന്നു. അതിനുശേഷം യാതൊരു അറ്റകുറ്റപ്പണിയും നടന്നിട്ടില്ല.

പി.ഡബ്ല്യു.ഡി. നടത്തിയ പരിശോധനയെത്തുടര്‍ന്ന് പട്ടാമ്പി പഴയപാലത്തിനുപകരം പുതിയത് പണിയാനുള്ള ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പുരോഗമിക്കയാണ്. അതേസമയം, പുതിയപാലം പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങളെടുത്തേക്കും.

തീര്‍ഥാടനകേന്ദ്രമായ ഗുരുവായൂര്‍ ഭാഗത്തേക്കും തിരിച്ചും ദിനംപ്രതി നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

മാസങ്ങളായി പാലത്തിലെ കൈവരികള്‍ തകര്‍ന്നും വഴിവിളക്കുകള്‍ കത്താതെയുമാണ് കിടക്കുന്നത്.

Share

Twitter Delicious Facebook Digg Stumbleupon Favorites More