Wednesday, July 11, 2012

പട്ടാമ്പിപാലത്തിന്റെ അടിവശത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു

പട്ടാമ്പി: അപകടാവസ്ഥയിലായ പട്ടാമ്പിപാലത്തിന്റെ അടിവശത്തെ ദുര്‍ബലമായ കോണ്‍ക്രീറ്റ് അടര്‍ന്നുവീഴാന്‍തുടങ്ങി. വ്യാഴാഴ്ച വൈകീട്ടോടെയാണ് പാലത്തിന്റെ ആദ്യ തൂണിനുമുകളിലെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുവന്നത്.
 

പുറത്തേക്കുള്ള കമ്പികള്‍ ദ്രവിച്ച നിലയിലായിട്ടുണ്ട്. പാലത്തിനടിയിലിരുന്ന് ചൂണ്ടയിട്ടിരുന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പഴക്കമുള്ള പട്ടാമ്പിപാലത്തിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നത് യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്. രണ്ടുവര്‍ഷം മുമ്പ് പാലത്തിന്റെ തെക്കുഭാഗത്തെ തൂണുകള്‍ ബലപ്പെടുത്തിയിരുന്നു. അതിനുശേഷം യാതൊരു അറ്റകുറ്റപ്പണിയും നടന്നിട്ടില്ല.

പി.ഡബ്ല്യു.ഡി. നടത്തിയ പരിശോധനയെത്തുടര്‍ന്ന് പട്ടാമ്പി പഴയപാലത്തിനുപകരം പുതിയത് പണിയാനുള്ള ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പുരോഗമിക്കയാണ്. അതേസമയം, പുതിയപാലം പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങളെടുത്തേക്കും.

തീര്‍ഥാടനകേന്ദ്രമായ ഗുരുവായൂര്‍ ഭാഗത്തേക്കും തിരിച്ചും ദിനംപ്രതി നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

മാസങ്ങളായി പാലത്തിലെ കൈവരികള്‍ തകര്‍ന്നും വഴിവിളക്കുകള്‍ കത്താതെയുമാണ് കിടക്കുന്നത്.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More