നാടിളക്കിമറിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടിയിറക്കം. സമീപകാലത്തൊന്നും കാണാത്ത അതിരുവിട്ട ആവേശമാണ് പ്രചാരത്തിന്റെ കൊട്ടിക്കലാശത്തില്‍ നിറഞ്ഞത്. ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷവും അരങ്ങേറി.
ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലേക്ക് പ്രവര്‍ത്തകര്‍ നീങ്ങും. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിയ്ക്കാനാവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ശ്രമം. ബുധനാഴ്ച പതിമൂന്നാം നിയസഭയിലേക്കുള്ള തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാനായി കേരളം പോളിങ് ബൂത്തിലേക്ക് പോകും.
ഉത്സവത്തിന് വെടിക്കെട്ടെന്ന പോലെയായിരുന്നു കലാശക്കൊട്ടിനിടെ പ്രവര്‍ത്തകരുടെ തല്ലും ബഹളവും.
അരങ്ങേറിയത്. പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ പോരുവിളിയ്ക്കുകയും കല്ലേറ്. നടത്തുകയും ചെയ്തു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്ത് ചാര്‍ജ്ജ് നടത്തുകയും ചെയ്തു. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒട്ടേറെ പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. പൊലീസ് വാഹനവും ഇവിടെ ആക്രമിക്കപ്പെട്ടു. പ്രചാരണം അവസാനിച്ച അഞ്ച് മണിയോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇരുവിഭാഗവും രണ്ട് വശത്തായി പ്രകടനമായി നീങ്ങുന്നതിനിടെ ഒരാള്‍ ഐസ്‌ക്രീം കപ്പ് പ്രദര്‍ശിപ്പിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് ഇരുവിഭാഗം പരസ്പരം ചേരിതിരിഞ്ഞ് കല്ലേറു തുടങ്ങുകയായിരുന്നു.
തിരുവനന്തപുരത്ത് പൂന്തുറയില്‍ മന്ത്രി സുരേന്ദ്രന്‍ പിള്ളയ്ക്ക് യുഡിഎഫ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റു. പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ പ്രചാരണവാഹനം തടസ്സപ്പെടുത്തി എന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.സുരേന്ദ്രന്‍ പിള്ളയെ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് സുരേന്ദ്രന്‍ പിള്ളയ്ക്ക് പരിക്കേറ്റത്. കായംകുളം, കരുനാഗപ്പള്ളി, തൃശൂര്‍ കയപ്മംഗലം, എന്നിങ്ങനെ പല മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
അധികാരം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണു യുഡിഎഫ്. എന്നാല്‍ അധികാരം നിലനിര്‍ത്തി ചരിത്രം തിരുത്തുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. സ്വാധീനമണ്ഡലങ്ങളില്‍ പ്രചാരണക്കൊടുങ്കാറ്റ് അഴിച്ചുവിട്ടതിനു ഫലം ഉണ്ടാകുമെന്ന പ്രത്യാശയിലാണ് ബിജെപി.
ആകെ 971 സ്ഥാനാര്‍ഥികളാണു രംഗത്ത്. 2,31,47,871 വോട്ടര്‍മാര്‍ അവരുടെ വിധി മറ്റന്നാള്‍ കുറിക്കും. േഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൊണ്ടുപിടിച്ച സ്‌ക്വാഡ് വര്‍ക്ക് നടത്തിയ പ്രവര്‍ത്തകരുടെ പ്രധാന അഭ്യര്‍ഥനയും വോട്ട് ചെയ്യാനുള്ള അവസരം പാഴാക്കരുത് എന്നായിരുന്നു.
ബുധനാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണു വോട്ടെടുപ്പ്. ആകെ 20,785 ബൂത്തുകളാണ് ഉള്ളത്. എല്ലാ ബൂത്തിലും ഒരു യന്ത്രം വീതം. തകരാര്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു പതിനായിരത്തോളം യന്ത്രങ്ങള്‍ കരുതലായി ഉണ്ടാകും.
ഒരു ബൂത്തില്‍ മൂന്നു പോളിങ് ഉദ്യോഗസ്ഥരെ വീതം വിന്യസിക്കും. 1450 വോട്ടര്‍മാരില്‍ കൂടുതലുള്ള പോളിങ് സ്‌റ്റേഷനുകളില്‍ നാലു പേരുണ്ടാകും. പ്രശ്‌നബാധിത ബൂത്തുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടര്‍ന്നും ശേഖരിക്കുകയാണ്. സംസ്ഥാന പൊലീസ് സേനയെക്കൂടാതെ നാല്‍പ്പതു കമ്പനി കേന്ദ്രസേനയും സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാനായി സംസ്ഥാനത്തുണ്ടാകും.
വോട്ട് ചെയ്യാന്‍ വരുന്നവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം. എന്തെങ്കിലും കാരണവശാല്‍ കാര്‍ഡ് നഷ്ടപ്പെട്ട യഥാര്‍ഥ വോട്ടര്‍മാര്‍ക്ക് ഓരോ ബൂത്തിലും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് വഴി തിരഞ്ഞെടുപ്പു കമ്മിഷന്‍ ഫോട്ടോ പതിച്ച സ്‌ളിപ് വിതരണം ചെയ്യും. ഇതു തിരിച്ചറിയല്‍ കാര്‍ഡിനു പകരം ഉപയോഗിക്കാം. കാര്‍ഡ് ഉള്ളവര്‍ക്ക് സ്‌ളിപ് നിര്‍ബന്ധമല്ല. ചാനലുകളും എഫ്എം റേഡിയോകളും തിരഞ്ഞെടുപ്പു ചര്‍ച്ചകള്‍ നടത്തുന്നതിനും ഇത്തവണ വിലക്കുണ്ട്. നിരോധനം ലംഘിച്ചാല്‍ നിയമനടപടികളുണ്ടാകും. പ്രചാരണ എസ്എംഎസുകളും വിലക്കി.
No comments:
Post a Comment