Monday, November 21, 2011

പട്ടാമ്പി, കൂറ്റനാട് മേഖലകളില്‍ അന്യസംസ്ഥാന ലോട്ടറിത്തട്ടിപ്പുകള്‍ വ്യാപകം

കൂറ്റനാട്: പട്ടാമ്പി, കൂറ്റനാട് മേഖലകളില്‍ വ്യാജ അന്യസംസ്ഥാനലോട്ടറികള്‍ സുലഭമായി വില്പനനടത്തുന്നു. സാധാരണ ലോട്ടറിക്കടകളിലും ഏജന്റുമാര്‍വഴിയുമാണ് വില്പന. കോഡുഭാഷയില്‍ ചോദ്യംചോദിച്ചാല്‍ സാധാരണ പേപ്പറില്‍ ആവശ്യമുള്ള അക്കങ്ങള്‍ എഴുതിക്കൊടുക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഒരുനമ്പറിന് 20 രൂപഎന്ന നിലയിലാണ് കടക്കാര്‍ക്ക് പണംകൊടുക്കേണ്ടത്. രാവിലെ ലോട്ടറിയെടുത്താല്‍ വൈകീട്ട് നാലുമണിക്കുമുമ്പുതന്നെ ഫലം ലഭ്യമാകുന്നതിനാല്‍ കൂലിപ്പണിക്കാരായ സാധാരണക്കാരാണ് ഏറ്റവുമധികം തട്ടിപ്പിന് ഇരയാകുന്നത്. ഫലം അറിയണമെങ്കിലും നേരിട്ട് സാധിക്കില്ല. കേരള ലോട്ടറിയുടെ ഉള്ളില്‍ വ്യാജലോട്ടറിക്കാര്‍ നല്‍കുന്ന നമ്പറുകള്‍ മറച്ചുനല്‍കിയാണ് ഫലം പറഞ്ഞുകൊടുക്കാറുള്ളത്.


പട്ടാമ്പിയിലെ ചില സ്ഥലങ്ങളിലും കൂറ്റനാട്, ചാലിശ്ശേരി, ജില്ലയുടെ അതിര്‍ത്തിപ്രദേശങ്ങളായ പോട്ടൂര്‍, കുമരനല്ലൂര്‍, എടപ്പാള്‍ എന്നിവിടങ്ങളിലും കുറ്റിപ്പുറത്തും ഇത് വ്യാപകമായി വില്പന നടത്തുന്നതായി പറയപ്പെടുന്നു.



തമിഴ്‌നാട്ടിലുള്ള ആളുകളാണ് ഇത്തരത്തിലുള്ള ലോട്ടറി നടത്തുന്നതായി പറയുന്നതും. ചില വ്യാജവില്പനക്കാര്‍ ലോട്ടറി എടുക്കുന്നത് കമ്പ്യൂട്ടര്‍ വഴിയാണെന്നുപറഞ്ഞാണ് ആളുകളെ കബളിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍ ആയതിനാല്‍ സമ്മാനം ലഭിച്ചില്ലെങ്കില്‍ ആളുകള്‍ക്ക് പരാതിയുമില്ല. വ്യാജ ലോട്ടറിയില്‍ ആളുകള്‍ക്ക് അടിക്കുന്ന നമ്പറുകള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ പതിനായിരത്തില്‍ത്താഴെ മാത്രമാണ്. അതില്‍ക്കൂടുതലായി സമ്മാനം ലഭിച്ചതായി ആരുംതന്നെ ഇല്ലെന്നാണ് പറയുന്നത്. മുമ്പ് നിലവിലുണ്ടായിരുന്ന അന്യസംസ്ഥാനലോട്ടറികള്‍പ്പോലെ വലിയസമ്മാനങ്ങള്‍ നല്‍കാതെയാണ് വ്യാജലോട്ടറികള്‍ നടത്തുന്നത്.

mathrubhoomi

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More