Wednesday, May 23, 2012

പെട്രോള്‍ ലിറ്ററിന് 7.5 രൂപ കൂട്ടി

ദില്ലി: പെട്രോള്‍ വില കുത്തനെ കൂട്ടാന്‍ പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ലിറ്ററിന് 7.5 രൂപയാണ് കൂട്ടിയിട്ടുള്ളത്. വിലവര്‍ധന ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

ഇന്ത്യയില്‍ ആദ്യമായാണ് ഒറ്റ ദിവസം കൊണ്ട് പെട്രോളിന് ഇത്രയും വിലവര്‍ധിപ്പിക്കുന്നത്. ഡീസല്‍ വിലയിലും പാചകവാതക വിലയിലും ഉടന്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ട്. വിലനിയന്ത്രണമുള്ളതിനാല്‍ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാസമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുക.

അന്താരാഷ്ട്രവിപണിയില്‍ എണ്ണവിലകുതിച്ചുയര്‍ന്നതാണ് വിലവര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഈ വര്‍ധനവ് കൊണ്ടും കമ്പനികളുടെ നഷ്ടം നികത്തപ്പെടില്ലെന്ന് ഒഎന്‍ജിസി അറിയിച്ചു. ഇനി ഒന്നര രൂപ കൂടി കൂട്ടിയാലേ നഷ്ടമില്ലാതെ എണ്ണ വിതരണം ചെയ്യാനാവൂവെന്ന നിലപാടാണ് കമ്പനിയ്ക്കുള്ളത്. ആറുമാസം മുമ്പ് പെട്രോള്‍ വിലയില്‍ അഞ്ചു രൂപയോളം വര്‍ധനവ് വരുത്തിയിരുന്നു.

വിലവര്‍ധനവിനെതിരേ ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ വ്യാഴാഴ്ച പ്രതിഷേധദിനമായി ആചരിക്കാന്‍ സിപിഐ തീരുമാനിച്ചിട്ടുണ്ട്.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കേറ്റ ഇരുട്ടടിയാണ് പെട്രോള്‍ വില വര്‍ധന. പാര്‍ലമെന്റ് സമ്മേളനം കഴിയുന്നതുവരെ വിലവര്‍ധനവ് നീട്ടികൊണ്ടു പോകാനും സര്‍ക്കാര്‍ ശ്രമിച്ചു. ഡോളറിന്റെ മൂല്യത്തില്‍ വര്‍ധനവുണ്ടായതിനാല്‍ വില വര്‍ധനവ് എല്ലാവരും പ്രതീക്ഷിച്ചതായിരുന്നെങ്കിലും ഇത്രയും കൂട്ടുമെന്നും ആരും കരുതിയിരുന്നില്ല.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More