Sunday, May 27, 2012

മണിയെ പാര്‍ട്ടി തള്ളുമോ? കൊള്ളുമോ?

'പാര്‍ട്ടി ശത്രുക്കളെ ഇതിനു മുമ്പ് കൊന്നിട്ടുണ്ടെന്നും വേണ്ടി വന്നാല്‍ ഇനിയും കൊല്ലു'മെന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയുടെ പ്രഖ്യാപനം സിപിഎം നേതൃത്വത്തിന് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. പാര്‍ട്ടി ശത്രുക്കളെ ആശയപരമായി മാത്രമേ പാര്‍ട്ടി നേരിടുകയുള്ളൂ, കൊല പാര്‍ട്ടി നയമല്ല എന്നെല്ലാം ആവര്‍ത്തിച്ച് വ്യക്തമാക്കുകയും, ചന്ദ്രശേഖരന്‍ വധമേല്‍പ്പിച്ച തീരാകളങ്കത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ കഠിനാധ്വാനം നടത്തുകയും ചെയ്യുന്നതിനിടയിലാണ് മുതിര്‍ന്ന സിപിഎം നേതാവായ എംഎം മണി പാര്‍ട്ടിയുടെ രഹസ്യനീക്കങ്ങളെ കുറിച്ച് പരസ്യമായി തുറന്നടിച്ചത്.



ചന്ദ്രശേഖരന്‍ ഉത്തമനായ കമ്യൂണിസ്റ്റല്ലെന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ച വ്യക്തിയുടെ മരണാനന്തരചടങ്ങില്‍ വിഎസ് പങ്കെടുത്തത് ശരിയായില്ലെന്ന് വ്യാഖ്യാനിച്ച് സിപിഎം ഔദ്യോഗിക നീക്കത്തിന് പിന്തുണയേകാനാണ് ഇടുക്കി ജില്ലാ സെക്രട്ടറി ശ്രമിച്ചത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ പ്രതിരോധ ശ്രമങ്ങള്‍ക്കേറ്റ കടുത്ത വെല്ലുവിളിയായി.

പാര്‍ട്ടിക്കെതിരേ കലാപമുയര്‍ത്തിയവരെ ലിസ്റ്റിട്ട് അടിച്ചും കുത്തിയും വെടിവെച്ചും കൊന്ന ചരിത്രമാണുള്ളതെന്നും വേണ്ടിവന്നാല്‍ ഇനിയുമത് ആവര്‍ത്തിക്കുമെന്നും സിപിഎമ്മിലെ ജനപ്രിയ നേതാവ് പരസ്യമായി പ്രഖ്യാപിച്ചത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിസ്ഥാനത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത് സിപിഎമ്മിനെയാണ്. തലശ്ശേരി ഫസല്‍വധത്തിലും തളിപ്പറമ്പ് ഷുക്കൂര്‍ വധത്തിലും ആരോപണ നിരകള്‍ നീളുന്നതും സിപിഎം നേതൃത്വത്തിലേക്കു തന്നെയാണ്. അതിനെ പ്രതിരോധിക്കാന്‍ നേതൃത്വവും അണികളും കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് ഒന്നും 'മാധ്യമ ഗൂഡാലോചന' അല്ലെന്നും ഇത്തരം ആക്ഷന്‍ പ്ലാന്‍ പാര്‍ട്ടി ലൈനാണെന്നും ഒരു ജില്ലാ സെക്രട്ടറി തന്നെ തുറന്നടിച്ചിരിക്കുന്നത്.

മുന്നാര്‍ ഒഴിപ്പിക്കല്‍ സമയത്ത് വിഎസ് സര്‍ക്കാറിനെതിരേ പരസ്യമായി രംഗത്ത് വന്ന് ഇടതു നേതൃത്വത്തെ വെട്ടില്‍ വീഴ്ത്തിയ മണി വീണ്ടും സിപിഎമ്മിന് കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുകയാണ്. വലിയൊരു വെടിക്കെട്ടിനാണ് മണി തിരികൊളുത്തിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ ശക്തമായി അത് പൊട്ടിത്തെറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സിപിഎം മണിയെ തള്ളുമോ? കൊള്ളുമോ? കാത്തിരുന്നു കാണാം.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More