Saturday, April 28, 2012

മലയാളിയുടെ കൊല: ദുബയില്‍ മലയാളിക്ക് വധശിക്ഷ

ദുബയ്: മലയാളി അക്കൗണ്ടന്റിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മലയാളി ഡ്രൈവര്‍ക്ക് ദുബയ് കോടതി വധശിക്ഷ വിധിച്ചു. വേലൂര്‍ ചാരമംഗലം സി.കെ. ശശികുമാറി (47) നെ കൊലപ്പെടുത്തിയ കേസില്‍ തൃശ്ശൂര്‍ ചൂണ്ടല്‍ സ്വദേശി നവാസിനാണ് (35) ശിക്ഷ.


ശമ്പളത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ അവസാനിച്ചത്. കഴിഞ്ഞവര്‍ഷം ജൂലായിലാണ് ദുബായ് കരാമ ഫയര്‍സ്‌റ്റേഷനടുത്തുള്ള താമസസ്ഥലത്ത് ശശികുമാര്‍ കൊല്ലപ്പെട്ടത്. ചുറ്റികകൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് കുത്തിയുമാണ് കൊലപ്പെടുത്തിയത്. ശശികുമാറിന്റെ ദേഹത്ത് പ്രതി 30 തവണ കുത്തിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

കഴുത്തിനും ഹൃദയത്തിനുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം. കത്തിയും ചുറ്റികയും കണ്ടെടുത്തു. ശശികുമാറിന്റെ താമസസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളാണ് നവാസിനെതിരെയുള്ള തെളിവായത്.

കൊലനടക്കുന്ന ദിവസം ശശികുമാര്‍ താമസസ്ഥലത്ത് തനിച്ചായിരുന്നു. ശശികുമാര്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ െ്രെഡവറായിരുന്ന നവാസ് ഇവിടെയെത്തി 45,000 ദിര്‍ഹം ശമ്പളകുടിശ്ശിക ആവശ്യപ്പെട്ടു. കൊടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

ശശികുമാറിനെതിരെ നവാസ് നേരത്തെ വധഭീഷണി മുഴക്കിയിരുന്നതായും കോടതി കണ്ടെത്തി. എന്നാല്‍ നവാസ് കോടതിയില്‍ കുറ്റം നിഷേധിച്ചു. സ്വരക്ഷയ്ക്കാണ് കൊലനടത്തിയതെന്ന് അദ്ദേഹം വാദിച്ചു. വിധിക്കെതിരെ 15 ദിവസത്തിനകം നവാസിന് അപ്പീല്‍ പോകാം.

Thursday, April 26, 2012

യുവജന യാത്ര പര്യടനം പൂര്‍ത്തിയാക്കി

സ്വാശ്രയ യുവത്വം എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പി.സി. വിഷ്ണു നാഥ് നയിക്കുന്ന യുവജനയാത്രയുടെ ജില്ലയിലെ പര്യടനം സമാപിച്ചു.

യുവജന യാത്ര തൃത്താലയില്‍ എത്തിയപ്പോള്‍

ഇന്നലെ തിരൂരങ്ങാടിയില്‍ നിന്നഉ പര്യടനം ആരംഭിച്ചു. താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവന്നൂര്‍, എടപ്പാള്‍, ചങ്ങരംകുളം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ചങ്ങരംകുളത്താണ് ജില്ലയിലെ പര്യടനം അവസാനിച്ചത്.

താനാളൂരില്‍ നല്‍കിയ സ്വീകരണത്തില്‍ ബാജി പൊന്മുണ്ടം അധ്യക്ഷനായിരുന്നു. വി.ടി. ബല്‍റാം എംഎല്‍എ, മനോജ് മൂത്തേടന്‍, ഡിസിസി സെക്രട്ടറി മരക്കാരലി, സിദ്ദീഖ് പന്താവൂര്‍, പി. ഇഫ്ത്തിക്കാറുദ്ദീന്‍, ഒ. രാജന്‍ എന്നിവര്‍ സംസാരിച്ചു. ലീഗ് നേതാക്കളായ പാലാട്ട് ഹനീഫ, വി.പി.ഒ. അസ്ക്കര്‍ എന്നിവര്‍ വിഷ്ണുനാഥിനെ ഹാരമണിയിച്ചു.


എടപ്പാളില്‍ നല്‍കിയ സ്വീകരണത്തില്‍ സി. ഹരിദാസ്, യു. അബൂബക്കര്‍, പി.ടി. അജയ്മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജീപ്പിടിച്ച് കുട്ടി മരിച്ചു; ഡ്രൈവറെ കത്തിച്ചു

പാറ്റ്‌ന: ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ചതില്‍ രോഷാകുലരായ ജനക്കൂട്ടം അപകടത്തിനിടയാക്കിയ ജീപ്പിന്റെ ഡ്രൈവറെ ജീവനോടെ കത്തിച്ചു. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ മീര്‍ഗഞ്ചില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.


ജീപ്പ് മൂന്ന് കുട്ടികളെ ഇടിച്ചിടുകയായിരുന്നു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ ഗ്രാമീണര്‍ ഡ്രൈവറെ ജീപ്പില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും ജീപ്പിന് തീകൊളുത്തുകയും ചെയ്തു. പിന്നീട് ഇവര്‍ ജീപ്പ് ഡ്രൈവറേയും തീവച്ച് കൊല്ലുകയായിരുന്നു.

ഷാര്‍ജയില്‍ ഒരു റൂം ഫ്‌ളാറ്റില്‍ 45 പേര്‍

ഷാര്‍ജ: ബാച്ചിലേഴ്‌സിനു പ്രത്യേക താമസ സ്ഥല ഒരുക്കുന്നതിന്റെ ഭാഗമായി ഷാര്‍ജ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനക്കിടെ ഒരു ബെഡ്‌റൂം ഫ്‌ളാറ്റ്‌ 45 ആളുകള്‍ ഷെയര്‍ ചെയ്യുന്ന അവസ്ഥ കണ്ട്‌ ഞെട്ടി. ഷാര്‍ജയിലെ വാസിത്‌ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നടത്തിയ പരിശോധനയില്‍ ആണ്‌ ഈ കണ്ടെത്തല്‍.


കുടുംബങ്ങള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ഷാര്‍ജ മുനിസിപ്പാലിറ്റി നിഷ്‌കര്‍ശിച്ച നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും എതിരാണ്‌ 45 പേര്‍ ഇങ്ങനെ ഒരൊറ്റ ബെഡ്‌റൂം ഫ്‌ളാറ്റില്‍ തിങ്ങിപ്പാര്‍ക്കുന്നത്‌.

റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്നും ബാച്ചിലേഴ്‌സിനെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള തീവ്രശ്രമങ്ങളിലാണ്‌ തങ്ങള്‍. ഇപ്പോള്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്ന ബാച്ചിലേഴ്‌സിന്റെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്‌. ഷാര്‍ജ മുനിസിപ്പാലിറ്റി ഡയരക്‌റ്റര്‍ ജനറല്‍ സുല്‍ത്താന്‍ അല്‍ മുല്ല അറിയിച്ചു.

കാറുകള്‍ കഴുകല്‍, വ്യജ സിഡി വില്‌പന, മദ്യ വില്‌പന എന്നിങ്ങനെ ഒരേ സമയം നിയമ വിരുദ്ധമായ നിരവധി ജോലികള്‍ ചെയ്യുന്നവരാണ്‌ ഇങ്ങനെ അനധികൃതമായ താമസിക്കുന്ന ബാച്ചിലേഴ്‌സില്‍ അധികവും എന്നും അദ്ദേഹം അറിയിച്ചു.

മൈസലൂണ്‍, അല്‍ മജ്ജറ, അല്‍ നബ, അല്‍ ഖഡിഷ്യ എന്നിവിടങ്ങളില്‍ മുനിസിപ്പാലിറ്റി ഇപ്പോള്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്‌. ആദ്യം ഇങ്ങനെ അനധികൃതമായി റസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്ന ബാച്ചിലേഴ്‌സിനോട്‌ ഇന്‍ഡസ്‌ട്രിയല്‍ ഏരിയകളിലേക്ക്‌ താമസം മാറാന്‍ ആവശ്യപ്പെടും.

എന്നിട്ടും താമസം മാറാത്തവര്‍ക്കുള്ള വൈദ്യുത, ജല വിതരണം നിര്‍ത്തലാക്കാന്‍ ഷാര്‍ജ വൈദ്യുത, ജല അതോറിറ്റികളോട്‌ ആവശ്യപ്പെടും. അദ്ദേഹം അറിയിച്ചു.

Wednesday, April 25, 2012

യുവതി സ്വന്തം കുഞ്ഞിനെ മാലിന്യക്കുഴലിലിട്ടു

ഷാര്‍ജ: മാലിന്യം കളുയുന്ന കുഴലിലൂടെയിട്ട്‌ തന്റെ നവജാത ശിശുവിനെ കൊല്ലാന്‍ ശ്രമിച്ച ഫിലിപൈന്‍ യുവതിയെ ഷാര്‍ജ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഒരെ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്നും താഴേക്കുള്ള മാലിന്യ കഴലിലൂടെ ഇട്ടാണ്‌ സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ യുവതി ശ്രമിച്ചത്‌.


The rubbish chute into which the newborn baby was dumped.


അത്രയും ഉയരത്തില്‍ നിന്നും താഴേക്കു വീണിട്ടും കുട്ടി രക്ഷപ്പെട്ടത്‌ അത്ഭുതകരാമാം വണ്ണമാണ്‌ എന്നാണ്‌ പൊലീസ്‌ അഭിപ്രായപ്പെട്ടത്‌. ഒരു ഏഷ്യന്‍ കുടുംബം നിയമ വിധേയമല്ലാതെ വീട്ടു ജോലിക്കു വേണ്ടി നിയമിച്ചതാണ്‌ ഈ ഫിലിപൈന്‍ യുവതിയെ. പൊലീസ്‌ അറിയിച്ചു.

യുവതി കുറ്റം ഏറ്റു പറഞ്ഞിട്ടില്ലെങ്കിലും സംശയത്തിന്റെ പേരില്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയില്‍ എപ്പഴോ ആണ്‌ സംഭവം നടന്നതെന്നാണ്‌ പൊലീസ്‌ നിഗമനം.

ഗര്‍ഭിണിയായിരുന്ന യുവതിക്ക്‌ പുലര്‍ച്ചെ പ്രസവ വേദന അനുഭവപ്പെടുകയും പ്രസവിക്കുകയും ആയിരുന്നു. വീട്ടില്‍ എല്ലാനരും ഉറങ്ങിക്കിടക്കുകയായിരുന്നതിനാല്‍ ആരും അറിയാതെ ഒരു ബാത്ത്‌റൂമില്‍ കയറി അടുക്കളയിലെ കത്തി ഉപയോഗിച്ച്‌ പൊക്കിള്‍കൊടി മുറിച്ച്‌ കുഞ്ഞിനെ മാലിന്യ കുഴലിലൂടെ താഴേക്കിടുകയായിരുന്നു.

കുഞ്ഞിനെ പത്രക്കടലാസില്‍ പൊതിഞ്ഞ്‌, പ്ലാസ്റ്റിക്‌ കവറിലിട്ടാണ്‌ കളഞ്ഞത്‌. പതിവു പോലെ മാലിന്യങ്ങള്‍ നീക്കാന്‍ വന്ന പാറാവുകാരനാണ്‌ കുഞ്ഞിനെ മാലിന്യക്കൂമ്പാരങ്ങള്‍ക്കു മുകളില്‍ നിന്നായി കണ്ടെടുത്തത്‌. കുഞ്ഞ്‌ ഇപ്പോള്‍ അല്‍ ക്വാസിമി ആശുപത്രിയില്‍ പരിചരണത്തിലാണ്‌.

Monday, April 23, 2012

ഗര്‍ഭിണിയെ പീഡിപ്പിച്ച് നഗ്നചിത്രമെടുത്തു

ചാത്തന്നൂര്‍: ഗര്‍ഭിണിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങളെടുത്ത ഓട്ടോഡ്രൈവര്‍ പിടിയിലായി. ചാത്തന്നൂര്‍ താഴം തെക്ക് കൊച്ചാലുംമൂട് ചാലില്‍ സുരേഷാ(36)ണ് അറസ്റ്റിലായത്. ചാത്തന്നൂര്‍ സ്റ്റാന്റിലെ ഓട്ടോഡ്രൈവറായ ഇയാള്‍ക്ക് സ്ത്രീയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നു.

ഏഴുമാസം മുന്‍പ്  ആരുമില്ലാതിരുന്ന സമയത്ത് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറുകയും ഗര്‍ഭിണിയായിരുന്ന സ്ത്രീയെ പീഡിപ്പിക്കുകയും ചെയ്തു. പീഡന ശേഷം യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് പ്രതി നഗ്ന ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി. ചിത്രങ്ങള്‍ പുറത്തു വിടാതിരിക്കാനായി യുവതിയില്‍ നിന്ന് ഇയാള്‍ 25,000 കൈപ്പറ്റുകയും ചെയ്തു. തുടര്‍ന്ന് യുവതി അമ്മയോട് വിവരങ്ങള്‍ പറഞ്ഞു. അമ്മ പ്രതിയുമായി സംസാരിച്ചെങ്കിലും പ്രതി ഇവരേയും ഭീഷണിപ്പെടുത്തി.

ഭര്‍ത്താവില്‍ നിന്ന് ഇക്കാര്യം മറച്ചു വച്ച യുവതി അമ്മയുമൊത്ത് മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറി. ഇവിടെയെത്തിയ പ്രതി വീണ്ടും ഇവരെ ഭീഷണിപ്പെടുത്തി. ഇതെ തുടര്‍ന്ന് ഇരുവരും ബന്ധു വീട്ടിലെത്തുകയും അവരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഭാര്യയ്ക്ക് സൌന്ദര്യം കൂടിപ്പോയി; ആസിഡ് ഒഴിച്ച് പൊള്ളിച്ചു

ഭാര്യയ്ക്ക് സൌന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ ഭര്‍ത്താവ് അവരെ ആസിഡ് ഉപയോഗിച്ച് പൊള്ളിച്ചു. മൈസൂര്‍ റോഡില്‍ നിന്ന് അല്പം അകലെയുള്ള കുബാസിപല്യയിലെ പെയിന്റിംഗ് കോണ്‍‌ട്രാക്ടര്‍ ആണ് ഭാര്യ ക്രൂരമായി ആക്രമിച്ചത്.


കുമാര്‍(46) എന്നയാളും ഭാര്യ ഗൌരമ്മ(37)യും വേറിട്ടുകഴിയുകയാണ്. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടോ എന്ന സംശയത്താലാണ് കുമാര്‍ ഒരു കാന്‍ ആസിഡ് കൊണ്ടുവന്ന്അവരുടെ മുഖത്തൊഴിച്ചത്. ഭാര്യ ഇനി ഒരിക്കലും ബ്യൂട്ടി പാര്‍ലറില്‍ പോകരുതെന്നും ഇയാള്‍ അലറി വിളിക്കുന്നുണ്ടായിരുന്നു. മുഖത്തും കൈകള്‍ക്കും പൊള്ളലേറ്റ ഗൌരമ്മ നിലവിളിച്ചുകൊണ്ട് നിലത്തുവീഴുകയായിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അറസ്റ്റിലായ കുമാര്‍ താന്‍ ചെയ്തത് ശരിയായ കാര്യം തന്നെയാണ് എന്ന നിലപാടിലാണ്. സ്വന്തം ഭാര്യ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞാല്‍ ഏതൊരു ഭര്‍ത്താവും ഇങ്ങനെ ചെയ്യുമെന്നും ഇയാള്‍ പറഞ്ഞു. 17 വര്‍ഷം മുമ്പാണ് കുമാറും ഗൌരമ്മയും വിവാഹിതരായത്. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് അഞ്ച് വര്‍ഷമായി ഇവര്‍ വേര്‍പെട്ട് കഴിയുകയാണ്. ഈ ദമ്പതികള്‍ നാല് മക്കളുണ്ട്.

തനിക്ക് അവിഹിത ബന്ധമുണ്ടെന്ന ആരോപണം സഹിക്കാന്‍ വയ്യാതെയാണ് താന്‍ ഭര്‍ത്താവിനെ വിട്ടുപോയതെന്ന് ഗൌരമ്മ പൊലീസിനോട് പറഞ്ഞു. ഒരുമിച്ച് ജീവിക്കണം എന്നാവശ്യപ്പെട്ട് തന്നെ കാണാനെത്തിയ കുമാര്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു എന്നും ഇവര്‍ പറഞ്ഞു.

Sunday, April 22, 2012

മൊബൈല്‍ ഫോണ്‍: സൗദി ഒന്നാം സ്ഥാനത്ത്

ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്. ഇവിടുത്തെ മൊബൈല്‍ ഉപയോഗം 158 ശതമാനമാണ്. വിയറ്റ്നാം രണ്ടാം സ്ഥാനത്തും ഒമാന്‍ മൂന്നാം സ്ഥാനമെത്തി. കുവൈറ്റിനാണു നാലാം സ്ഥാനം. 145 ശതമാനമാണ് ഇവിടുത്തെ മൊബൈല്‍ ഉപയോഗം.

Saturday, April 21, 2012

മലയാളി കളക്ടറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ മലയാളി കളക്ടറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. അലക്സ് പോള്‍ മേനോനെയാണ്‌ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്.

കളക്ടറെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.

സുക്ക്മയില്‍ നിന്നും തിരിച്ചുവരുന്നതിനിടയില്‍ 20 പേരടങ്ങുന്ന മാവോയിസ്റ്റുകളുടെ സംഘം വാഹനം തടഞ്ഞുനിര്‍ത്തി കളക്ടറെ ബന്ദിയാക്കുകയായിരുന്നു.

Thursday, April 19, 2012

കമല്‍‌ഹാസന്‍ ഇനി ‘ഖമാല്‍ ഹാസന്‍’, മുസ്ലീങ്ങളോട് ഐക്യദാര്‍ഢ്യം

നടന്‍ കമല്‍‌ഹാസന്‍ വ്യത്യസ്തനാണ്, നടനെന്ന നിലയിലും വ്യക്തി എന്ന നിലയിലും. തന്‍റെ സിനിമകള്‍, കഥാപാത്രങ്ങള്‍ എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാകണമെന്നും പുതുമ നിറഞ്ഞതാകണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. കലാകാരന്‍ എന്ന നിലയില്‍ സമൂഹത്തിലെ അനീതികളോട് പ്രതികരിക്കാറുമുണ്ട്.


കഴിഞ്ഞ ദിവസം സുരക്ഷാ പരിശോധനയുടെ പേരില്‍ ഇന്ത്യയുടെ മഹാനടന്‍ ഷാരുഖ് ഖാനെ അമേരിക്കയില്‍ അപമാനിച്ച സംഭവം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. ‘ഷാരുഖ് ഖാന്‍’ എന്ന പേരാണ് അദ്ദേഹത്തിന് വിനയായത്. കമല്‍‌ഹാസനും മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനുമൊക്കെ ഈ രീതിയിലുള്ള അപമാനം അമേരിക്കയില്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

എന്തായാലും കമല്‍‌ഹാസന്‍ ഒരു പുതിയ തീരുമാനമെടുത്തിരിക്കുകയാണ്. ‘കമല്‍‌ഹാസന്‍’ എന്ന പേര് മാറ്റാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഇനി പേര് ‘ഖമാല്‍ ഹാസന്‍’ എന്ന മാറ്റാനാണ് നീക്കം. മുസ്ലീം സുഹൃത്തുക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കമല്‍ഹാസന്‍ പേര് മാറ്റുന്നത്.

പേരുമാറ്റത്തിന്‍റെ പേരില്‍ ഭാവിയില്‍ എന്ത് പ്രശ്നങ്ങളുണ്ടായാലും അത് നേരിടാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍ അറിയിച്ചു.

Wednesday, April 11, 2012

ടയര്‍ കടയ്ക്ക് തീപിടിച്ച് അച്ഛനും മക്കളും വെന്തുമരിച്ചു

പാലക്കാട് ടയര്‍ കടയ്ക്ക് തീപിടിച്ച് അച്ഛനും മക്കളും വെന്തു മരിച്ചു. പാലക്കാട് തൃത്താലയ്ക്ക് അടുത്തുള്ള ടയര്‍ കടയിലാണ് തീപിടിത്തം ഉണ്ടായത്. മുണ്ടക്കര തോട്ടുങ്കല്‍ വീട്ടില്‍ സുരേഷ്, മക്കളായ അമര്‍ ബാബു, യോഗേശ്വരി എന്നിവരാണ് മരിച്ചത്.


ടയര്‍ കടയില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍‌ഫോഴ്സില്‍ വിവരം അറിയിച്ചെങ്കിലും ഫയര്‍ ഫോഴ്സ് എത്തിയപ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. കടയ്ക്കുള്ളില്‍ ഇവരെ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

ആരുഷി വധം: അമ്മയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

ആരുഷി വധക്കേസില്‍ അമ്മ നൂപുര്‍ തല്‍വാറിനെതിരെ പ്രത്യേക സി ബി ഐ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ബുധനാഴ്ച കേസ്‌ പരിഗണിക്കവേ ഇവര്‍ കോടതിയില്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ്‌ വാറണ്ട്. കേസ് ഏപ്രില്‍ 18 ന് വീണ്ടും പരിഗണിക്കും.

കേസില്‍ ആരോപണ വിധേയനായ ആരുഷിയുടെ പിതാവ്‌ ഡോ രാജേഷ്‌ തല്‍വാര്‍ ബുധനാഴ്ച കോടതിയില്‍ ഹാജരായിരുന്നു. കോടതി നടപടിയോട്‌ പ്രതികരിക്കാന്‍ തല്‍വാര്‍ തയ്യാറായില്ല. കേസില്‍ സി ബി ഐ അന്വേഷണം അവസാനിപ്പിക്കാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും തള്ളുകയായിരുന്നു. അന്വേഷണം തുടരാന്‍ കഴിയില്ലെന്നും മാതാപിതാക്കള്‍ ഒഴികെ ആരും ആരൂഷിയെ കൊലപ്പെടുത്താന്‍ സാധ്യതയില്ലെന്നുമാണ്‌ സി ബി ഐയുടെ കണ്ടെത്തല്‍.

2008 മേയ് 16നു രാവിലെയാണു ഡിപിഎസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ആരുഷി തല്‍വാറിന്റെ മൃതദേഹം കിടപ്പു മുറിയില്‍ കണ്ടെത്തിയത്. വീട്ടുവേലക്കാരനായിരുന്ന ഹേംരാജിന്റെ ജഡം കഴുത്തറുത്ത നിലയില്‍ ടെറസിലും കണ്ടെത്തി. ആരുഷിയുടെ പിതാവായ രാജേഷ് തല്‍‌വാറാണ് ഇരട്ടക്കൊലപാതകം നടത്തിയത്‌ എന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. തന്റെ അവിഹിത ബന്ധങ്ങള്‍ മകളും വേലക്കാരനും അറിഞ്ഞതിനാലും ഇരുവരും തമ്മിലുള്ള അടുപ്പത്തില്‍ രോഷം കൊണ്ടുമാണ്‌ ദന്തഡോക്‌ടറായ രാജേഷ്‌ ഇവരെ വകവരുത്തിയതെന്നായിരുന്നു പൊലീസ് ഭാഷ്യം.

Tuesday, April 10, 2012

ഖത്തര്‍ അമീര്‍ ഇന്ത്യ സന്ദര്‍ശനം



രണ്ട്‌ ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ക്‌ ഹമ്മദ്‌ ബിന്‍ ഖലീഫ ക്രൂഡോയില്‍ വ്യാപാരം വര്‍ധിപ്പിക്കുന്നത്‌ സംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കുന്നത്‌ ഫോണില്‍ പകര്‍ത്തുന്നു.


Indian Prime Minister Manmohan Singh (far left), Qatar’s Emir Sheikh Hamad bin Khalifa Al-Thani (left), Indian President Prathiba Patel (center), Qatar’s First Lady Sheikha Mozah bint Nasser Al Missned (right), and the Indian PM’s wife Gursharan Kaur (far right).


A red-carpet reception ceremony accorded to HH the Emir of Qatar Sheikh Hamad bin Khalifa Al Thani on arrival at the Rashtrapati Bhavan presidential palace in New Delhi



A red-carpet reception ceremony accorded to HH the Emir of Qatar Sheikh Hamad bin Khalifa Al Thani on arrival at the Rashtrapati Bhavan presidential palace in New Delhi



 
HH the Emir of Qatar Sheikh Hamad bin Khalifa Al Thani meets at his residence Indian opposition leader, Sushma Swaraj

HH the Emir of Qatar Sheikh Hamad bin Khalifa Al Thani meets at his residence Sonia Gandhi, the President of the Indian National Congress Party
HH the Emir of Qatar Sheikh Hamad bin Khalifa Al Thani meets at his residence Indian Vice President Hamid Ansari






കേരളത്തില്‍ സ്ത്രീകള്‍ക്കായി ഇ-ടോയ്‌ലറ്റുകള്‍

തിരുവനന്തപുരം: കേരളത്തിലെ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിളും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കു മാത്രമായി ഇ-ടോയ്‌ലറ്റുകള്‍ വരുന്നു. രാജ്യത്തു തന്നെ ഇത്തരം ഒരു സംഭവം ഇതാദ്യമായാണ്.

 
സംരഭം പ്രാവര്‍ത്തികമാക്കുന്നതിന്റെ ആദ്യ പടി എന്ന നിലയില്‍ തലസ്ഥാന നഗരിയില്‍ 35 ഇ-ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാനാണ് സ്‌റ്റേറ്റ് വുമന്‍സ് ഡിവലപ്‌മെന്റ് കോര്‍പറേഷന്റെ(കെഎസ്ഡബ്ല്യുഡിസി) പദ്ധതി.

കേരളത്തിലെ ജോലി ചെയ്യുകയും യാത്ര ചെയ്യുകയും ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളെ ശുചിത്വമുള്ള ടോയ്‌ലറ്റുകളുടെ അഭാവം വലിയൊരു പ്രശ്‌നമാണ് ഇത് പല സ്ത്രീകളില്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നു എന്ന് ഈയിടെ നടത്തിയ ഒരു പഠനത്തില്‍ തെളിയുകയും ചെയ്തു. കെഎസ്ഡബ്ല്യുഡിസിയുടെ എംഡി പിടിഎം സുനിഷ് പറയുന്നു.

തിരുവനന്തപുരം ജില്ലയില്‍ ആരംഭിക്കുന്ന പദ്ധതി അതിന്റെ വിജയം പരിശോധിച്ച ശേഷം പതുക്കെ മറ്റു ജില്ലകളിലും പ്രാവര്‍ത്തികമാക്കാനാണ് കോര്‍പറേഷന്റെ പരിപാടി.

ഇ-ടോയ്‌ലറ്റുകള്‍ ഇന്ത്യയില്‍ ഇതാദ്യമല്ല. എന്നാല്‍ സ്ത്രീകള്‍ക്കു പ്രത്യേകം സൗകര്യങ്ങളൊരുക്കിയ ഇ-ടോയ്‌ലറ്റുകള്‍ ഇതാദ്യമാണ്.

പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു കഴിഞ്ഞു. ഇതിനായുള്‌ല ടെണ്ടര്‍ ഉടന്‍ പുറത്തിറക്കും. ഈ മാസം അവസാനത്തോടെ തന്നെ 35 ഇ-ടോയ്‌ലറ്റുകള്‍ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.

പണം ഈടാക്കുന്നതും വാതില്‍ തുറക്കുന്നതും ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിച്ചായിരിക്കും. 'ഫ്രീ', 'ബിസി' ഡിസ്‌പ്ലേ ബോര്‍ഡുകള്‍ ഉണ്ടായിരിക്കും ടോയ്‌ലറ്റുകള്‍ക്ക് മുന്നില്‍.


ടോയ്‌ലറ്റ് വൃത്തിയാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം, കുഞ്ഞുങ്ങളുടെ ഡയപ്പറും മറ്റും മാറ്റുന്നതിന് ടോയ്‌ലറ്റിനോടനുബന്ധിച്ചുള്ള ബേബി സ്‌റ്റേഷനും ഇ-ടോയ്‌ലറ്റുകളുടെ പ്രത്യേകതകളില്‍ പെടുന്നു.

ജിപിഎസ് സാങ്കേതിക വിദ്യയിലൂടെയായിരിക്കും ഈ ടോയ്‌ലറ്റുകള്‍ നിയന്ത്രിക്കുക.

Monday, April 9, 2012

മറുനാടന്‍ മലയാളിക്ക് വിഷു ഗൃഹാതുരതയുടേത്

മലയാളത്തനിമയുടെ ഭാഗമാണ് വിഷു ആഘോഷം. മലയാളി എവിടുണ്ടോ, അവിടെയെല്ലാം കണി കാണലും, വിഷുകൈനീട്ടവുമെല്ലാം ഉണ്ടാകും. ഇതൊന്നുമില്ലാതെ മലയാളിക്കെന്തു വിഷു.



ഒരുപക്ഷേ ഇന്നു കേരളത്തില്‍ ആഘോഷിക്കുന്നതിലും കേമമായി മറുനാടന്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നുണ്ട്. കാരണം അവര്‍ക്കിത് വെറുമൊരു വിഷുവല്ല കൈമോശം വന്ന നാടിന്റെ മണവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമെല്ലാം തിരിച്ചു പിടിക്കലും കൂടിയാണ്.

നാട്ടില്‍ പലരും ഓഫീസിലെയും മറ്റു ജോലിത്തിരക്കുകളുടെയും കെട്ടുപാടുകളില്‍ നിന്നൊഴിഞ്ഞ് മടിപിടിച്ച് വീട്ടിലിരിക്കാനുള്ള ഒരു അവസരമായാണ് ഇന്ന് മറ്റെല്ലാ ആഘോഷാവസരങ്ങളെയും പോലെ വിഷുവും കാണുന്നത്.

എന്നാല്‍ മറുനാടന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഇതു പലതിന്റെയും വീണ്ടെടുപ്പിനുള്ള അവസരമാണ്. വിഷു വെള്ളിയാഴ്ച ആണെങ്കില്‍ മാത്രമേ ഗള്‍ഫ് മലയാളികളെ സംബന്ധിച്ചിടത്തോളം അന്നു ആഘോഷിക്കാന്‍ പറ്റൂ. അമേരിക്കയിലെയും, യൂറോപ്യന്‍ രാജ്യങ്ങളിലെയും മലയാളികളെയും സംബന്ധിച്ചിടത്തോളം ഇതു ഞായറാഴ്ചയായാല്‍ സമാധാനമായി.

ഗള്‍ഫ് മലയാളികളെ സംബന്ധിച്ചിടത്തോളം പല ഭാഗങ്ങളായിരിക്കുന്ന മലയാളികള്‍ക്ക് ഒത്തു ചേരാനും സൗഹൃദം പുതുക്കാനും എല്ലാം ഉള്ള ഒരു അവസരമാണ്. വിഷു ദിവസം കുടുംബമായി താമസിക്കുന്നവര്‍ കണിയൊരുക്കി, മക്കള്‍ക്കു വിഷുകൈനീട്ടവു നല്‍കി ഒരു മിനി വിഷു ആഘോഷം നടത്തും.

പിന്നെ തിരക്കിട്ട് ജോലിത്തിരക്കിലേക്കോടാനായിരിക്കും എല്ലാഴ്‌പോഴും മറുനാടന്‍ മലയാളികളുടെ വിധി.

പതിനേഴ് ഇന്ത്യക്കാരുള്ള എണ്ണക്കപ്പല്‍ റാഞ്ചി

പതിനേഴ് ഇന്ത്യക്കാരുള്ള നൈജീരിയന്‍ എണ്ണക്കപ്പല്‍ സൊമാലിയന്‍ കടല്‍‌ക്കൊള്ളക്കാര്‍ തട്ടിയെടുത്തു. മൊത്തം 22 ജീവനക്കാരുള്ള എംടി റോയിന്‍ ഗ്രേസ്‌ എന്ന കപ്പലാണ് ഒമാന്‍ തീരത്തുവച്ച് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്.



കഴിഞ്ഞമാസം നാലിനാണ് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്. എന്നാല്‍ കുറച്ചുദിവസം ദിവസം മുമ്പ് മാത്രമാണ് കപ്പലിലെ ജീവനക്കാരുടെ ബന്ധുക്കളെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാര്‍ക്ക് പുറമേ മൂന്നു നൈജീരിയക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും ഒരു പാകിസ്ഥാന്‍കാരനുമാണ് കപ്പലിലുണ്ടായിരുന്നത്.

ജീവനക്കാരെ മോചിപ്പിക്കുന്നതിനായി ഈസ്റ്റ് ഇന്ത്യ ഷിപ്പിംഗ് കമ്പനിയും സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.

പഴയതുപോലെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കും: വി എസ്

പഴയതുപോലെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പോളിറ്റ് ബ്യൂറോയില്‍ തിരിച്ചെടുക്കാത്തതിനെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയെ നന്നായി നയിക്കാന്‍ പുതിയ പി ബിക്ക് ആകുമെന്നും അദ്ദേഹം പറഞ്ഞു.



ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനംകുറിച്ച്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ വി എസ്‌ അച്യുതാനന്ദന്‍ പങ്കെടുക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയുള്ളതിനാലാണ്‌ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്നാണ്‌ വി എസ് അറിയിച്ചിരിക്കുന്നത്.

സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പുതിയ പി ബി അംഗങ്ങളുടെ പേര് വായിക്കുന്ന സമയം വരെ വി എസ് സമ്മേളന വേദിയില്‍ ഉണ്ടായിരുന്നെങ്കിലും. പിന്നീട് ഗസ്റ്റ് ഹൌസിലേക്ക് പോകുകയായിരുന്നു.

Saturday, April 7, 2012

ദൗത്യസേന നഗ്നരാക്കി പീഡിപ്പിച്ചു: വീരപ്പന്റെ ഭാര്യ

ബാംഗ്ലൂര്‍: വനംകൊളളക്കാരന്‍ വീരപ്പനെ പിടികൂടാനായി നിയോഗിച്ച പ്രത്യേക ദൗത്യസേനയുടെ ക്രൂരതകളെ കുറിച്ച് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമാവുന്നു.



ദൗത്യസേനയുടെ ഉപമേധാവിയും കര്‍ണാടക മുന്‍ ഡിജിപിയുമായ ശങ്കര്‍ ബിദ്‌രിയുടെ നേതൃത്വത്തിലുള്ള സംഘം പട്ടികവര്‍ഗസ്ത്രീകളെ മൃഗീയമായി പീഡിപ്പിച്ചുവെന്നാണ് മുത്തുലക്ഷ്മി വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

പട്ടികവര്‍ഗകോളനികളിലെ 400 ഓളം സ്ത്രീകളെ ദൗത്യസേന പീഡിപ്പിച്ചു. ഒട്ടേറെ യുവതികളെ നഗ്നരാക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഷോക്കേല്‍പ്പിക്കുകയും ചെയ്തു. തങ്ങളെ കണ്ണു മൂടിക്കെട്ടി പല രഹസ്യകേന്ദ്രങ്ങളിലും എത്തിച്ചാണു പീഡിപ്പിച്ചതെന്നും മുത്തുലക്ഷ്മി പറയുന്നു. കൊല്ലുമെന്ന് പേടിച്ചാണ് ഇത്രയും കാലം തങ്ങള്‍ ഇക്കാര്യം പുറംലോകത്തെ അറിയിക്കാതിരുന്നത്.

താനടക്കമുള്ള ഇരുപതോളം സ്ത്രീകളെ പൊലീസുകാര്‍ ചോദ്യം ചെയ്യല്‍ എന്ന പേരില്‍ പീഡിപ്പിച്ചു. തന്റെ കെട്ടുതാലി പോലും പൊലീസുകാര്‍ വലിച്ചു പൊട്ടിച്ചു. എന്നാല്‍ ഈ അതിക്രമങ്ങളെ കുറിച്ച് അന്വേഷിച്ച സദാശിവ കമ്മീഷന്‍ മുമ്പാകെ തെളിവു നല്‍കാന്‍ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും മുത്തുലക്ഷ്മി പറഞ്ഞു.



വീരപ്പന്റെ ജീവിതകഥ എന്ന പേരില്‍ തമിഴിലും കന്നടയിലുമായി പുറത്തിറക്കുന്ന സിനിമ തങ്ങളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണ്. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണെ്ടന്നും മുത്തുലക്ഷ്മി അറിയിച്ചു. അതേസമയം മുത്തുലക്ഷ്മിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ തനിയ്‌ക്കെതിരെ നടന്നു വരുന്ന ഗൂഡാലോചനയുടെ ഭാഗമാണെന്ന് ശങ്കര്‍ ബിദ്‌രി പ്രതികരിച്ചു.

Friday, April 6, 2012

മിനി മോളുടെ അച്ഛനായി പണ്ഡിറ്റ്!!

ഇത്തവണത്തെ വിഷുവിന് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഭീഷണി ഉയര്‍ത്തി മറ്റൊരു സൂപ്പര്‍താരചിത്രം കൂടി തിയറ്ററുകളിലുണ്ടാവും. പൃഥ്വി, ദിലീപ് ഇവരുടെയാരെങ്കിലും സിനിമകളാണെന്ന് കരുതിയെങ്കില്‍ തെറ്റി.

ആദ്യ സിനിമയ്ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍പട്ടം സ്വയം എടുത്തണിഞ്ഞ സന്തോഷ് പണ്ഡിറ്റിന്റെ രണ്ടാംചിത്രമായ 'സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റാ'ണ് റിലീസിനൊരുങ്ങുന്നത്.

മോളിവുഡിലെ താരസമവാക്യങ്ങളില്‍ മാറ്റം വരുത്തുന്നതായിരിക്കും ഈ ചിത്രമെന്ന് സന്തോഷ് പറയുന്നു. ആദ്യ സിനിമ പോലെ തന്നെ പൂര്‍ണമായും ഒരു പണ്ഡിറ്റ് സിനിമയാണ് ഇതും. സംവിധാനവും അഭിനയവും ഉള്‍പ്പെടെ എല്ലാത്തിലും പണ്ഡിറ്റിന്റെ കയ്യൊപ്പുണ്ട്.

ജിത്തുഭായി എന്ന ചോക്ലേറ്റ് ഭായി എന്ന പേര് മറ്റാരോ അടിച്ചെടുത്തതോടെയാണ് സ്വന്തം പേര് സിനിമയ്ക്കിടാന്‍ സന്തോഷ് തീരുമാനിച്ചത്.


അതേസമയം മോളിവുഡിന്റെ ഒറ്റയാള്‍ പട്ടാളം സന്തോഷ് പണ്ഡിറ്റ് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. മിനിമോളുടെ അച്ഛന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ മറ്റുകാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ കൃഷ്ണനും രാധയും ഫെയിം തയാറായിട്ടില്ല. സൂപ്പര്‍ സ്റ്റാര്‍ പണ്ഡിറ്റ് പുറത്തിറങ്ങിയതിന് ശേഷം മിനി മോളുടെ അച്ഛന്റെ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നാണ് പണ്ഡിറ്റ് വ്യക്തമാക്കിയിരിക്കുന്നത്.

Wednesday, April 4, 2012

ഫെയ്‌സ്ബുക്ക് മലയാളത്തിലും മറ്റ് ഏഴ് ഇന്ത്യന്‍ ഭാഷകളിലും

ഫെയ്‌സ്ബുക്കിന്റെ മൊബൈല്‍ വേര്‍ഷന്‍ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ലഭിക്കും. അതില്‍ ഒന്ന് മലയാളമാണ്. കൂടാതെ ഹിന്ദി, ഗുജറാത്തി, തമിഴ്, കന്നഡ, പഞ്ചാബി, ബംഗാളി, മറാത്തി ഭാഷകളിലും ഇനി ഫെയ്സ്ബുക്ക് ആക്‌സസ് ചെയ്യാം. മലയ്, വിയറ്റ്‌നാമീസ് എന്നീ രണ്ട് അന്യദേശീയ ഭാഷകളേയും ഫെയ്‌സ്ബുക്ക് അതിന്റെ മൊബൈല്‍ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



ഘട്ടം ഘട്ടമായാണ് ഈ സൗകര്യം അവതരിപ്പിക്കുന്നത് എന്നതിനാല്‍ വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളിലാകും ഇത് എല്ലാ മൊബൈല്‍ ഉപയോക്താക്കളിലേക്കും എത്തുക. മുമ്പ് ഇംഗ്ലീഷില്‍ മാത്രമേ ഫെയ്‌സ്ബുക്ക് ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. അഞ്ച് കോടിയോളം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുള്ള ഇന്ത്യയില്‍ എല്ലാവര്‍ക്കും ഒരു പോലെ ഫെയ്സ്ബുക്ക് ആസ്വദിക്കാനാവുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ഈ ശ്രമത്തിന്റെ ലക്ഷ്യമെന്ന് ഫെയ്സ്ബുക്ക് കണ്‍ട്രി ഗ്രോത്ത് മാനേജരായ കെവിന്‍ ഡിസൂസ പറഞ്ഞു.

ഫെയ്സ്ബുക്ക് ഫോര്‍ എവരി ഫോണ്‍ ആപ്ലിക്കേഷന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പ്രാദേശിക ഭാഷാ പിന്തുണ ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഈ ആപ്ലിക്കേഷന്‍ കമ്പനി അവതരിപ്പിച്ചതാണ്. ഇപ്പോള്‍ ലോകത്തെ 3600 ഓളം ജാവ മൊബൈല്‍ ഫോണുകളിലും ഇത് ആക്‌സസ് ചെയ്യാനാകും.

യുഎസ് കഴിഞ്ഞാല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗില്‍ സൈറ്റ് ഉപയോഗത്തില്‍ ഇന്ത്യക്കാണ് സ്ഥാനം. ഇന്ത്യ, ബ്രസീല്‍ രാജ്യങ്ങളില്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടാകുന്നതെന്ന് കമ്പനി മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

2011 ഡിസംബര്‍ 31ലെ കണക്ക് പ്രകാരം പ്രതിമാസം 4.6 കോടി സജീവ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കിന് ഇന്ത്യയിലുണ്ട്. മുന്‍ വര്‍ഷത്തേക്കാളും 132 ശതമാനം വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്. ആഗോളതലത്തില്‍ പ്രതിമാസം 80 കോടി സജീവ ഉപയോക്താക്കളും 35 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും ഫെയ്‌സ്ബുക്കിനുണ്ട്.

മുംബൈയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു

മുംബൈ: മുംബൈയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു. ആലപ്പുഴ പുളിങ്കുന്ന് സ്വദേശി റോസമ്മ ആന്റണിയാണ് കൊല്ലപ്പെട്ടത്. മുംബൈ വസായി വെസ്റ്റ് ബേരാമ്പൂരിലെ ഫ്‌ളാറ്റിലാണ് റോസമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.



മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. കയ്യില്‍ തീപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ച പാടുകളുമുണ്ട്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഇവരുടെ സ്വര്‍ണവും പണവും മോഷണം പോയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

16 വര്‍ഷമായി മുംബൈയിലെ ഗോള്‍ഡന്‍ പാര്‍ക്ക് ആശുപത്രിയില്‍ നഴ്‌സായി ജോലി നോക്കിവരികയായിരുന്നു റോസമ്മ. ഉച്ചതിരിഞ്ഞ് മകന്‍ കോളെജില്‍ നിന്ന് വീട്ടിലെത്തിയപ്പോഴാണ് റോസമ്മയെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് മകന്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു

Tuesday, April 3, 2012

ഷാര്‍ജയില്‍ കാര്‍ ഒട്ടകത്തെയിടിച്ച് ഒരാള്‍ മരിച്ചു

ഷാര്‍ജ: കാറില്‍ ഒട്ടകമിടിച്ച് 28 വയസ്സുകാരനായ യുഎഇ സ്വദേശി മരിച്ചു. ഓടിക്കൊണ്ടിരുന്ന കാറില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒട്ടകമിടിച്ചപ്പോള്‍ കാര്‍ കത്തിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഒട്ടകവും ചത്തു.



മരണപ്പെട്ട യുവാവ് കല്‍ബയില്‍ നിന്നും ജോലിസ്ഥലമായ ഷാര്‍ജയിലേക്കു പോകുന്ന വഴി മലേഹയില്‍ വെച്ചാണ് കാര്‍ ഒട്ടകത്തിനെയിടിച്ചത്.

തിങ്കളാഴ്ച രാവിലെ 7.30ഓടെയാണ് അപകടമുണ്ടായിരിക്കുന്നത്. ഇങ്ങനെ റോഡ് മുറിച്ചു കടക്കുന്ന ജീവികളെ തട്ടി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് യുഎഇയില്‍ നിത്യ സംഭവമായിരിക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് റോഡിന്റെ വശങ്ങളില്‍ മതില്‍ ഉയര്‍ത്തി കെട്ടാന്‍ ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ക്വാസിമി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒട്ടകവും മറ്റു ജീവികളും റോഡ് മുറിച്ചു കടന്ന് ഭാവിയിലും അപകടങ്ങളുണ്ടാകുന്നത് തടയാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഖത്തറില്‍ അധ്യാപകനാവണമെങ്കില്‍ ഇനി യോഗ്യതാപരീക്ഷ

യോഗ്യതാ പരീക്ഷ എന്ന കടമ്പ കടന്ന അധ്യാപകര്‍ക്കേ ഇനി ഖത്തറിലെ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ പറ്റൂ. എത്ര മുതിര്‍ന്ന, ഏറെ കാലത്തെ പ്രവൃത്തി പരിചയം എന്നിവയെല്ലാം ഉള്ളവര്‍ക്കും യോഗ്യതാ പരീക്ഷ വിജയിച്ചാലെ ജോലിയില്‍ തുടരാന്‍ സാധിക്കൂ.


ഈ യോഗ്യതാ പരീക്ഷ മുന്നു തവണ വരെ എഴുതാനുള്ള അവസരം നല്‍കുന്നുണ്ട്. സുപ്രീം എഡ്യുക്കേഷന്‍ ഉദ്യോഗസ്ഥന്‍മാരും, സ്‌കൂലുകളുടെ പ്രിന്‍സിപാള്‍മാരും, ലൈസന്‍സ് ഉടമകളും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

എന്നാല്‍ നീണ്ട ഇരുപത് വര്‍ഷക്കാലത്തെ പ്രവൃത്തി പരിചയമുള്ള അധ്യാപകരും യോഗ്യതാ പരീക്ഷ എഴുതണം എന്നത് അന്യായമാണെന്നൊരു അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ട്.

ഏതായാലും ഈ പുതിയ നിയമം നിലവിവ്# പ്രൊബേഷന്‍ കാലാവധി തികച്ച അധ്യാപകരെയെല്ലാം വെട്ടിലാക്കുന്നതാണ്. ഇതുവഴി ഏറെ പേര്‍ക്ക് ജോലി പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

തൃശൂരില്‍ വാഹനാപകടം: 4പേര്‍ മരിച്ചു

തൃശ്ശൂര്‍: മണ്ണുത്തിയ്ക്ക് സമീപം ആറാംകല്ലിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. തൃശ്ശൂരിലേക്കു വന്ന ഇന്നോവ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.



തൃശ്ശൂര്‍ സ്വദേശികളായ തോമസ് കുട്ടി, ലാലി, വര്‍ക്കി, ഷൈജു എന്നിവരാണ് മരിച്ചത്.
കാറില്‍ ഏഴുപേര്‍ ഉണ്ടായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് മറ്റ് മൂന്നുപേര്‍ മരിച്ചത്.

പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Monday, April 2, 2012

ദി കിംഗ്‌ & ദി കമ്മീഷണര്‍

ദി കിംഗ്‌ & ദി കമ്മീഷണര്‍


ആറ്റു നോറ്റു കേരളം കാത്തിരുന്ന ആ അഞ്ചാം മന്ത്രിയെ ഈയാഴ്ചയെങ്കിലും പ്രസവിക്കണേ എന്നാണു ഉടയതമ്പുരാനോടുള്ള പ്രാര്‍ത്ഥന. കഴിഞ്ഞയാഴ്ച പിറവത്തൊരു കടിഞ്ഞൂല്‍ പ്രസവം നടന്നതായിരുന്നല്ലോ... ആ കുട്ടിക്ക് പേരിടീല്‍ നടത്തും മുമ്പ് ഈ അഞ്ചാം മന്ത്രിയെ സിസേറിയന്‍ നടത്തിയാണെങ്കിലും പുറത്തിറക്കണേ എന്നാണു ഹൈകമാന്റിലെയും, ലോകമാന്റിലെയും സകല ഡോക്ടര്‍മാരോടും ഞമ്മന്റെ അപേക്ഷ.. മാസം പത്തു കഴിഞ്ഞു, ലീഗെന്ന തള്ള എത്രയായിട്ടാ സഹിക്കുക, 'അടി' വയറ്റില്‍ കിടന്നു 'വളരുന്ന' ഈ കുട്ടി ചവിട്ടാനും, തള്ളാനും ഒക്കെ തുടങ്ങിയിരിക്കുന്നു. ഇനിയും ഈ കുട്ടിയെ പുറത്തെടുത്തില്ലെങ്കില്‍ കുട്ടി ചാപ്പിള്ളയായിപ്പോകും പറഞ്ഞേക്കാം... ആറ്റു നോറ്റ കുട്ടി ചാപ്പിള്ളയായാല്‍ പിന്നെ പെറ്റ തള്ള പൊറുക്ക്വോ...

കഴിഞ്ഞയാഴ്ച ആ പിറവത്തെ പ്രസവം നടന്നപ്പോള്‍ എന്ത് കൂട്ടം ആരവങ്ങളായിരുന്നു, അനൂപ്‌ ജേകബ് എന്ന ആ കുട്ടിയെ താലോലിക്കാന്‍ എന്തരോളം ആള്‍ക്കാരായിരുന്നു..അങ്ങ് ഡല്‍ഹിയില്‍ പോയി പെറ്റ് കിടക്കുന്നവരുടെ മനസ്സില്‍ പോലും എന്തുകൂട്ടം ലഡ്ഡുകളാണ് പൊട്ടിയത്, എന്തിനേറെ, ഈ കടലിനക്കരെ പോലും ആയിരക്കണക്കിന് ലഡ്ഡുവാണ് പൊട്ടിയത്.. ഞമ്മളുടെ ഈ റിയാദില്‍ ആനന്ദസൂചകമായി മഴ പോലും വിരുന്നെത്തുകയുണ്ടായി..കൂടെ ആലിപ്പഴവും.... ആ ആലിപ്പഴം പെയ്യുന്നത് കണ്ടപ്പോള്‍ പോലും ഞമ്മള് കരുതി നാട്ടില്‍ ഇത്തവണയെങ്കിലും ആ 'ആലിപ്പഴം' പെയ്യുമായിരിക്കും എന്ന്...എവടെ.

എപ്പോഴും നല്ല പഴുത്തു നില്‍ക്കുന്ന പഴമാണ് ഈ 'ആലി'പ്പഴം. ഒരാലിപ്പഴം വാങ്ങുമ്പോള്‍ രണ്ടു തോട്ടം തന്നെ ഫ്രീ..അതാണ്‌ ഈ 'ആലി'പ്പഴത്തിന്റെ പ്രത്യേകത. മുമ്പ് നല്ല രണ്ടു തോട്ടങ്ങള്‍ ചൊമ ചൊമന്നു നില്‍ക്കുമ്പോഴാണ് 'ആലി'പ്പഴം തന്നെ വേലി ചാടി വീഴുന്നത്, കൂടെ രണ്ടു തോട്ടങ്ങളും...വേലി ചാടി വന്ന ആലിപ്പഴം പെയ്യാന്‍ നോക്കുമ്പോഴൊക്കെ മലപ്പുറത്തെ കാക്കക്കോ, വായില്‍ പുണ്ണും.. ഒന്നും മുണ്ടാന്‍ ബെജ്ജ...അതെന്നെ. ആലി എന്ന് പറഞ്ഞു ചെല്ലുമ്പോഴേക്കു ഏതോ ഒരു കറുത്ത പെണ്ണിന്റെ ഫോട്ടോ കാണിച്ചു പേടിപ്പെടുത്തുന്നത്രേ..കറുത്തതെന്തു കണ്ടാലും കാക്ക പേടിക്കും എന്നാണല്ലോ..

ഒരു കുപ്പി പാമോലിനും, ഒരു ഹിമാലയന്‍ രസായനവുമായി ചെന്ന് കണ്ടാല്‍ ഏതു കുഞ്ഞൂഞ്ഞും, വീഴും...ഹല്ലാ പിന്നെ! മന്ത്രിക്കുപ്പായം തുന്നി വെച്ചു, വേലി ചാടി കാത്തിരിക്കുന്നവര്‍ക്കേ അതിന്റെ ടെന്‍ഷന്‍ അറിയൂ..കാലാ കാലം മന്ത്രിമാരായി നടക്കുന്നവര്‍ക്ക് എന്തറിയാന്‍. വേലി ചാടിയുണ്ടായതാണ് ഈ ഗര്‍ഭമെന്നതാണ് ഒരാക്ഷേപം, പോരാത്തതിന് ഈ കുട്ടിയുടെ തള്ള മുസ്ലിമും, പോരെ പൂരം... മന്ത്രിയാവാന്‍ പാര്‍ട്ടി മാറിയതൊന്നും പോരെ? ഇനി മതവും മാറണോ.. ന്റെ റബ്ബേ..ഒരാലിപ്പഴം വര്ഷിക്കാനുള്ള ഒരു പാടേ..
 
ഇപ്പോള്‍ തന്നെ ഈ തള്ള പ്രസവിച്ച നാല് മുസ്ലിം കുട്ടികള്‍ ഈ മന്ത്രിക്കൂട്ടില്‍ തന്നെ കാണുന്നു, പോരാത്തതിന് മണ്ണും, ചാണകവുമല്ലാത്ത ഒരു കുട്ടി വേറെയുമുണ്ട് കൂട്ടില്‍.... അപ്പുറത്തെ വീട്ടിലാണ് താമസമെങ്കിലും, ലോകസഭാ, നിയമസഭാ പാട്ടുല്സവം നടക്കുമ്പോള്‍ പോലും പള്ളിയില്‍ പോകാതെ പാര്‍ട്ടി കൂട്ടിലേക്ക് പോകാറാണ് ആ കുട്ടിയുടെ പതിവ്.. പേരിലെങ്കിലും മുസ്ലിമായ ആ മുസ്ലിം കുട്ടിയോട് ആരും ആരെടാ എന്ന് ചോദിക്കാറില്ല ...ചോദിച്ചാല്‍ അപ്പൊ തന്നെ ആര്യേടാ..എന്ന് കേള്‍ക്കാം. ജനിക്കും മുമ്പ് തന്നെ പിറവത്തെ കുട്ടിക്ക് പേരിടാന്‍ വരെ മുന്നോട്ടു വന്ന ഈ കുട്ടിയെയും കൂട്ടി ആകെ മൊത്തം ടോട്ടല്‍ അഞ്ചു മുസ്ലിം കുട്ടികളാണ് ഇപ്പൊ തന്നെ കൊടി വെച്ച കാറില്‍ മന്ത്രിക്കുപ്പായവുമിട്ടു നാട് ചുറ്റുന്നത്.. ഇതൊക്കെ കണ്ടാല്‍ ചെന്നിത്തല സഹിക്ക്വോ..പോട്ടെ വെള്ളാപള്ളി സഹിക്ക്വോ.. അതും പോട്ടെ പെരുന്നയിലെ നായരോ, പണിക്കരോ സഹിക്ക്വോ?

സമുദായത്തിന്റെ സന്തുലനം ഹിമാലയം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു വീട്ടില്‍ നിന്നാണ് ചെന്നിത്തല തലയുയര്‍ത്തി വരുന്നത്. ആ വീട്ടിലെ തള്ള പെറ്റ കുട്ടികള്‍ക്കൊക്കെ നെറ്റിയില്‍ ചന്ദനക്കുറിയും, നെഞ്ചില്‍ കുരിശുമാലയും ഒക്കെ കാണുമെങ്കിലും ആര്‍ക്കും ആ വീട്ടിലെ മതേതരത്വത്തെ കുറിച്ചോ, സാമുദായിക സന്തുലനത്തെ കുറിച്ചോ തെല്ലും ശങ്കയേയില്ല...നല്ല പത്തര മാറ്റിന്റെ തിളക്കം! സമുദായങ്ങളുടെ താല്പര്യങ്ങള്‍ക്ക് എപ്പോഴും ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടി കഴിഞ്ഞ ലോകസഭാ, നിയമസഭാ പാട്ടുല്സവങ്ങളില്‍ പോലും ഈ സാമുദായിക അനുപാതം തകരാതെ കാത്തു. (ടെ ..ടെ...) മലപ്പുറത്തെയും, കോഴിക്കോട്ടെയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും മുസ്ലിം കുട്ടികളെ പാടാന്‍ നിര്‍ത്താതെ തീണ്ടാപാടകലെ നിര്‍ത്തി മതേതരത്വം തെളിയിച്ചവരാണ് ഈ ചെന്നിത്തല വീട്ടുകാര്‍ .

ലോക സഭയില്‍ അങ്ങ് കാസര്‍ഗോട്ട് ഷാഹിദ കമാല്‍ എന്ന മുസ്ലിം കുട്ടിയെ സിംഹത്തിനു മുന്നിലേക്ക്‌ എറിഞ്ഞു കൊടുത്താണ് ഈ പാര്‍ട്ടി സാമുദായിക സന്തുലനം കാത്തത്. പ്രായശ്ചിത്തമായി ഷാനവാസിനെ വയനാടന്‍ കാട്ടിലേക്ക് മാനിനെ (സുലൈമാന്‍, റഹ്മാന്‍ , അബ്ദുറഹ്മാന്‍ തുടങ്ങിയ മാനുകളെ) പിടിക്കാന്‍ വിട്ടെന്കിലും, കോഴിക്കൊട്ടെത്തിയപ്പോള്‍ പാര്‍ട്ടിയുടെ തലകള്‍ക്ക് സന്തുലന രോഗം തലയ്ക്കു തന്നെ കയറി, പാര്‍ട്ടിയുടെ യുവതുര്‍ക്കി സിദ്ധീഖ്‌ അങ്ങനെ പടിക്കു പുറത്തായി.. തൃശൂരിനപ്പുറം അങ്ങ് തിരോന്തരം വരെയുള്ള സകല അരമനകളെയും, വിശാല ഹിന്ദുക്കളെയും പ്രീണിപ്പിക്കാന്‍ നീക്കി വെച്ച സീറ്റുകളില്‍ ഹസ്സന്‍, മുസ്തഫ, തലേകുന്നില്‍ ബഷീര്‍ എന്നീ പേര് പോലും ഉച്ചരിക്കാതെ നാട്ടിലെ സാമുദായിക സന്തുലനം പാര്‍ട്ടി കാത്തു പോന്നു. കഴിഞ്ഞ നിയമസഭാ മാമാങ്കത്തിലും ഈ സന്തുലനം കാക്കാന്‍ പാര്‍ട്ടി പാട് പെട്ടു. പെരുന്നയിലെ നായരെ പ്രീണിപ്പിക്കാന്‍ ചെന്നിത്തല തന്നെ രംഗത്തേക്കിറങ്ങിയതോടെ വീണ്ടും സാമുദായിക സന്തുലനം!!! ഇല്ലെങ്കില്‍ എന്താകുമായിരുന്നു ന്റെ റബ്ബേ.... ജനങ്ങളുടെ തലയ്ക്കും മുകളില്‍ ഹെലികോപ്‌റ്ററില്‍ കറങ്ങി ചെന്നിത്തല നേടിയെടുത്തത് ഒരു സീറ്റ്, പക്ഷെ പാര്‍ട്ടി ചെന്നിയും, തലയും കറങ്ങി വീണത്‌ പല സീറ്റുകളില്‍!!! അതാരോടും പറയേണ്ട ....ശ് ശ് ....

മുസ്ലിം തള്ള പെറുന്ന കുട്ടികളൊക്കെ മുസ്ലിമായി പിറന്നു വീഴുന്നതിനാല്‍ , മലപ്പുറത്ത് പോലും ഈ പാര്‍ട്ടിക്ക് ലഭിച്ച നാല് സീറ്റില്‍ മൂന്നിലും അനില്‍കുമാറും, പ്രകാശും, അജയ്‌ മോഹനുമാണ് നിന്ന് പാടിയത്. ഇതില്‍ രണ്ടു പേരും വോട്ടെണ്ണിയതിനു ശേഷവും നിര്‍ത്താതെ നിന്ന് പാടുന്നതും ഈ സാമുദായികസന്തുലനം കൊണ്ട് തന്നെ. കോഴിക്കോട്ടങ്ങാടിയിലെ ഒരു സീറ്റ് വ്യവസായ പ്രമുഖനായ അമുസ്ലിമിന് കാണിക്കയായി നല്‍കിയതും നന്നായെന്ന് പിന്നീട് മനസ്സിലായി. കോഴിക്കോട്‌ ജില്ല മൊത്തം പാര്‍ട്ടിയിലെ ഒരു സമുദായക്കാരനും ജയിക്കാതെ സന്തുലനം നില നിര്‍ത്താനായല്ലോ..

ഗോപിനാഥന്‍വൈദ്യര്‍ കഷായവും, മരുന്നും ഉണ്ടാക്കുന്നത്‌ പോലെയാകണം കേരളത്തിലെ മന്ത്രി സഭയെന്നാണ് നാട്ടുനടപ്പ്. ആകെ ഇരുപതു മന്ത്രിമാരെ പാടുള്ളൂ... ഇരുപതു മന്ത്രിമാരില്‍ അഞ്ചു ക്രിസ്ത്യാനികള്‍, അഞ്ചു മുസ്ലിംകള്‍ (അതില്‍ കൂടരുത്, കൂടിയാല്‍ മരുന്ന് കേടാകും) ബാക്കിയെല്ലാം ഹിന്ദു സമുദായത്തില്‍ നിന്ന്, ഇതാണ് ചേരുവ.. ഈ മരുന്ന്കൂട്ടിലേക്ക് ഒരു ക്രിസ്ത്യാനി കൂടി ചേര്‍ന്നാല്‍ മൊത്തം കൃസ്ത്യാനികളുടെ എണ്ണം ആറായാവും, എന്നാലും ഈ കഷായമോ, മരുന്നോ ഒരു കേടും വരുന്നില്ലെന്ന് മാത്രമല്ല, മന്ത്രിസഭയിലെ സാമുദായിക സന്തുലനം തകര്‍ന്നു വീഴുന്നുമില്ല....എങ്ങനെയുണ്ട് വിദ്യ..! ഹായ് മരുന്ന്... നല്ല മരുന്ന്! അലിയെന്ന ഒരു ലീഗ് വേരും കൂടി ചേരുന്നതോടെ, ഒരു നുള്ള് ഷാംപൂ മതി ഒരു നല്ല ഭാര്യയാകാന്‍ എന്ന് പറഞ്ഞത് പോലെ ഈ മരുന്നിന്റെ നിറം തന്നെ പച്ചയാകും, മണവും, രുചിയും ഒക്കെ മാറും.. അതോടെ കഴിഞ്ഞു കഥ. റബ്ബേ...കാത്തോളണെ...!!!

കേരളത്തിന്റെ മുഖ്യമന്ത്രിയും, ധനമന്ത്രിയും, ഡി.ജി.പി യും, യൂ ഡി എഫ് കണ്‍വീനറും ഒരേ സമുദായക്കാരായിട്ടും ആര്‍ക്കും തോന്നാത്ത സാമുദായികത ലീഗ് ഒരഞ്ചാം മന്ത്രിയെ ചോദിക്കുമ്പോള്‍ മാത്രം തോന്നുന്നത് സ്വാഭാവികമാണോ.. ഹേയ് കഥയില്‍ ചോദ്യമില്ലല്ലോ..ല്ലേ ചെന്നിത്തലേ? (കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു തൊട്ടു മുമ്പ് റിയാസുദീന്‍ എന്ന ഐ എ എസ്സുകാരന് ചീഫ്‌ സെക്രെട്ടറി പദവി തട്ടി തെറിപ്പിക്കാനും ചില തലകള്‍ പ്രവര്‍ത്തിച്ചത് ആരും ഇതിനോട് ചേര്‍ത്തു വായിക്കരുതെ..ബ്ലീസ്).
 

ഇ.മൊയ്‌തു മൌലവി, മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങി ധീര ദേശാഭിമാനികള്‍ നേതൃത്വം കൊടുത്ത ഒരു പാര്‍ട്ടിയാണിത്..അതൊക്കെ പഴങ്കഥ... ആ ധീര ദേശാഭിമാനികളുടെ സമുദായത്തെ പാര്‍ട്ടിക്കുള്ളിലും, പുറത്തും പുറംകാലു കൊണ്ട് ചവിട്ടാന്‍ 'കൊട്ടേഷന്‍' സംഘത്തെ തന്നെ ഏര്‍പ്പാടാക്കിയിരിക്കുന്നു എന്നതാവും സത്യം. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു മുസ്ലിമിനെ മുഖ്യമന്ത്രി സ്ഥാനത്തെക്കോ, കേന്ദ്രമന്ത്രിസ്ഥാനത്തെക്കോ പരിഗണിക്കാതെ സന്തുലനം കാക്കുന്നവര്‍ തന്നെ കെ പി സി സി യുടെ അധ്യക്ഷ സ്ഥാനത്തേക്ക്‌ ഒരു മുസ്ലിമിനെ പോലും അടുപ്പിക്കാതെ സാമുദായികവെറിയും വെളിവാക്കുന്നത് കാണുമ്പോള്‍ മേല്‍ പറഞ്ഞത് എന്റെ ഒരു സംശയമല്ല, ആ പാര്‍ട്ടിയുടെ ഒരു രോഗമാണ് എന്ന് തെളിയുന്നു. ഈ രോഗത്തില്‍ നിന്നാണ് മന്ത്രിമാരുടെ സാമുദായികത ചികയാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. പാര്‍ട്ടിക്ക് ഈ രോഗമുണ്ടെന്ന് മുമ്പ് വിളിച്ചു പറഞ്ഞ പലരും ഇന്ന് മൌനവ്രതത്തിലാണെങ്കിലും രോഗം മൂര്‍ച്ചിച്ചിട്ടെയുള്ളൂ. മുന്നണിയില്‍ മുസ്ലിം ലീഗുള്ളത് കൊണ്ട് മുസ്ലിം കൊണ്ഗ്രസ്സുകാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നായിരുന്നു എം ഐ ഷാനവാസ്‌ മുമ്പ് പരാതിപ്പെട്ടിരുന്നത്. അങ്ങനെയെങ്കില്‍ മുന്നണിയില്‍ കേരള കൊണ്ഗ്രെസ്സ് ഉള്ളത് കൊണ്ട് കൊണ്ഗ്രസ്സിലെ കൃസ്ത്യാനികളും തഴയപ്പെടെണ്ടതല്ലേ..കഥയില്‍ വീണ്ടും ചോദ്യമില്ലല്ലോ!

ജനസംഖ്യാനുപാതികമാണ് മന്ത്രിമാരുടെ എണ്ണം തിട്ടപ്പെടുത്തുന്നതത്രെ..പറഞ്ഞത് ഏതായാലും നന്നായി ഞമ്മള് ആ പരിപാടി തൊടങ്ങി ബെച്ചിട്ടുണ്ട്.. സംഗതി കേരള ജനസംഖ്യയില്‍ മുസ്ലിം സമുദായം രണ്ടാം സ്ഥാനത്തൊക്കെ തന്നെയാണ്. അതിനല്ലേ കുഞാപ്പാ, മലപ്പോറത്ത് ഞമ്മക്ക് പതിനാറു സീറ്റ് തന്നക്ക്ണത് എന്നാണു തെക്കോട്ടുള്ള ചില നായന്മാരുടെയും, അച്ഛന്മാരുടെയും ന്യായമായ ചോദ്യം. അത് ഇന്നലെ പാര്‍ട്ടിയിലേക്ക് വന്ന ദി കിംഗിനോട് സകല ഉപചാപകങ്ങളുടെയും കമ്മീഷന്‍ പറ്റുന്ന പാര്‍ട്ടിയുടെ കമ്മീഷണര്‍ തന്നെ പറഞ്ഞു മനസ്സിലാക്കണം എന്നാണു ഇന്ദിരാ ഭവനില്‍ നിന്നുള്ള വിജ്ഞാപനം. ഈ വിജ്ഞാപനം കണ്ടു മയങ്ങി വീണ വീട്ടിലേക്കാണ് അങ്ങാടിപ്പുറത്തെ യൂത്ത്‌ലീഗുകാര്‍ കൊടിയെടുത്ത് പാഞ്ഞു വന്നത്. കാരാതോട്ടെ വസതിയിലേക്ക് അങ്ങാടിപ്പുറത്ത് നിന്നും പോരുന്ന പോക്കിലോ, തിരിച്ചു പോകുമ്പോഴോ പാണക്കാട്ടെ കൊടപ്പനക്കല്‍ വീട്ടിനു മുന്നില്‍ ഈ കുട്ടികള്‍ ഒരു അലമ്പും ഉണ്ടാക്കിയില്ലെന്നത് കമ്മീഷണര്‍ക്ക് ഒരു തിരിച്ചറിവാകണം. സന്തുലനപാര്‍ട്ടിയുടെ തലപ്പത്ത് അടയിരിക്കുന്നത് നായന്മാരാവണമെന്നും, മുഖ്യമന്ത്രി പദത്തില്‍ കൃസ്ത്യാനിയാവണമെന്നും ഏതു ഭരണഘടനയാണെന്ന് ചോദിക്കാന്‍ കഴിയണം മിസ്റ്റര്‍ കമ്മീഷണര്‍ . എ.കെ ആന്റണി, കെ.വി തോമസ്‌ എന്നീ കൃസ്ത്യാനികളും, മുല്ലപ്പള്ളി, വയലാര്‍ രവി, കെ.സി. വേണുഗോപാല്‍ എന്നീ വിശാല ഹിന്ദുക്കളും കേന്ദ്രത്തില്‍ മന്ത്രിമാരായി കൊടി വെച്ച കാറില്‍ കറങ്ങുമ്പോഴും ഒരു സാമുദായികസന്തുലനവും തകരുന്നില്ലേ എന്നും ചോദിക്കാനാവണം കമ്മീഷണര്‍ ..ഒരെല്ല് കൂടുതലുള്ള ദി കിംഗ്‌ അഥവാ മാക് അലി ആ എല്ല് നട്ടെല്ലാണ് എന്ന് തെളിയിച്ച് തോക്കെടുക്കും മുമ്പ്, ഉടുത്തിരിക്കുന്ന മുണ്ട് മടക്കിക്കുത്താനും അറിയും ഈ മഞ്ഞളാംകുഴിക്ക് എന്ന് പറയുന്നതിന് മുമ്പെങ്കിലും കമ്മീഷണര്‍ കുട സടഞ്ഞ് സോറി സട കുടഞ്ഞ്‌ എഴുന്നെല്‍ക്കണം, ഇല്ലെങ്കില്‍ എങ്കെടാ ഉങ്ക മന്ത്രി എന്ന് ചോദിച്ചു കൊടിയെടുക്കുക അങ്ങാടിപ്പുറത്ത്‌ നിന്നാവില്ല, കൊടപ്പനക്കല്‍ നിന്നാവും, മറക്കേണ്ട..ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌...

കൊണ്ഗ്രെസ്സ് ഇപ്പോള്‍ കളിക്കുന്ന കളി മുന്‍കൂട്ടി തിരക്കഥ തയ്യാറാക്കിയുള്ള ഒരുഗ്രന്‍ കളിയാണ്. കഴിഞ്ഞ മെയില്‍ തന്നെ ലീഗിന്റെ നാല് മന്ത്രിമാരോടൊപ്പം അലിയും അഞ്ചാം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നെങ്കില്‍ ഇന്ന് ലീഗിന്റെ ആവശ്യം ഒഴിവു വരുന്ന രാജ്യസഭാ സീറ്റിനു വേണ്ടിയാവുമായിരുന്നു. സമദാനിയും, പി വി അബ്ദുല്‍ വഹാബും കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷം ഒരു സീറ്റെങ്കിലും ലീഗിന് അര്‍ഹതപ്പെട്ടതുമാണ്. ഈ ആവശ്യം ഉന്നയിക്കാന്‍ പോലുമാകാത്ത വിധം ലീഗിന്റെ വായില്‍ അഞ്ചാം മന്ത്രി എന്ന കീറത്തുണി വെച്ച് തിരുകിയത് മിച്ചം.. കുഞ്ഞാലികുട്ടി എന്ന ട്രോജന്‍ കുതിരയെ വെച്ച് കളിക്കുകയാണ് കോണ്ഗ്രസ് എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. അഞ്ചാം മന്ത്രിയെന്ന ലീഗ് പ്രവര്‍ത്തകരുടെ അടങ്ങാത്ത ദാഹത്തെ ഹൈകമാന്റിലേക്ക് വിട്ട് തട്ടിക്കളിച്ചും, സാമുദായിക വികാരം ഇളക്കി വിട്ടും തടയാന്‍ ശ്രമിക്കുന്ന ഈ ഞാണിന്മേല്‍കളി തികച്ചും ലജ്ജാവഹമായിപ്പോയി. മുന്നണി രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയ പഴയ കാല നേതാക്കളുടെ പാരമ്പര്യം പോലും ഇന്നത്തെ നേതാക്കള്‍ക്ക് ഇല്ലാതെ പോയോ.. സ്വജാതിയും, സ്വസമുദായവും മാത്രമാണ് പുരോഗമിക്കേണ്ടത് എന്നായോ നമ്മുടെ രാഷ്ട്രീയ ചിന്തകള്‍ . ഈ പരിഗണനകളില്‍ തപ്പി തടഞ്ഞാണ് കോണ്‍ഗ്രസ്സ് എന്ന മുതുമുത്തശ്ശി മുപ്പത്തിയെട്ടില്‍ ഒതുങ്ങിയത് എന്ന് ചേര്‍ത്തു വായിക്കുക.

മതമല്ല, മതമല്ല, മതമല്ല പ്രശ്നം..എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നം എന്ന് മുദ്രാവാക്യം വിളിച്ചു നടന്നവര്‍ പോലും ഇപ്പോള്‍ ജാതിയും, മതവും നോക്കി സ്ഥാനാര്‍തികളെ നിര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. നാടോടുമ്പോള്‍ നടുവേ ഓടണമല്ലോ.. ആ ഓട്ടത്തിലാണ് നമ്മുടെ സന്തുലനപാര്ട്ടിയും, നേതാക്കളും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തില്‍ സാമുദായികമായി ചിന്തിക്കുകയാണ് എല്ലാ രാഷ്ട്രീയ നേതാക്കളും. ജനാധിപത്യത്തില്‍ പൗരന്റെ അവകാശമായ വോട്ട് സകല വിധ സാമുദായിക, മത, ജാതി ചിന്തകള്‍ക്കുമതീതമായി വിനിയോഗിക്കപ്പെടുന്ന ശുഭമുഹൂര്‍ത്തങ്ങള്‍ ഈ രാഷ്ട്രീയ നേതാക്കള്‍ക്ക് അശുഭമായി തോന്നാം. കാസര്‍ഗോട്ടും, മഞ്ചേശ്വരത്തും അറുപതു ശതമാനത്തിലേറെ വരുന്ന ഹിന്ദു വോട്ടര്മാരുള്ളിടത്തു നിന്ന് ബി ജെ പിയുടെയടക്കം ഹിന്ദു സ്ഥാനാര്തികളെ തോല്‍പ്പിച്ച് മുസ്ലിം ലീഗിന്റെ രണ്ടു സ്ഥാനാര്‍തികള്‍ നിയമസഭയിലേക്ക് ജയിച്ചു പോകുന്നത് ഈ സന്തുലന രാഷ്ട്രീയത്തിന് തീര്‍ത്തും അരോചകമോ, അശുഭമോ ആയി തോന്നാം. തിരൂരങ്ങാടി എന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എ.കെ ആന്റണി എന്ന കൃസ്ത്യാനിയെ മതമോ, ജാതിയോ നോക്കാതെ കൈപ്പത്തി ചിഹ്നത്തില്‍ (അതും ബാബരി മസ്ജിദ്‌ ദുരന്തം മുസ്ലിം മനസ്സുകളെ വേട്ടയാടികൊണ്ടിരിക്കുംപോള്‍ ) വോട്ടു ചെയ്തു, വന്‍ ഭൂരിപക്ഷത്തിനു വിജയിപ്പിച്ചു കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തിയതും നമുക്ക് മറക്കാം. നമുക്ക് കൂടുതല്‍ സാമുദായികമായി ചിന്തിക്കാം..അതിനായി പാര്‍ട്ടി സമവാക്യങ്ങള്‍ തിരുത്തിയെഴുതാം.

പിന്കുറി: അഞ്ച് മന്ത്രിമാരുമായി ഒരു കൊല്ലം ഭരിക്കുന്നതിനേക്കാള്‍ , നാല് മന്ത്രിമാരുമായി അഞ്ചു കൊല്ലം ഭരിക്കുന്നതാണ് നല്ലതെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ മനസ്സിലാക്കണം എന്ന് ജിദ്ദയില്‍ വെച്ച് പി.വി അബ്ദുല്‍വഹാബ്.
 
അതെ, അത് തന്നെയാണ് മൂപ്പര്‍ക്കും നല്ലത് എന്ന് രാജ്യസഭയുടെ മുന്നിലുള്ള ചായക്കടക്കാരന്‍.
 
 

Share

Twitter Delicious Facebook Digg Stumbleupon Favorites More