Wednesday, February 1, 2012

ഷാഹുവിന്റെ മരണം; അച്ഛനും മകനും അറസ്റ്റില്‍

മാതൃഭൂമി ചാവക്കാട്:കടപ്പുറം കുമാരന്‍പടി സ്വദേശി ഷാഹു പോലീസ് കസ്റ്റഡിയിലെടുത്തശേഷം മരിച്ച സംഭവത്തില്‍ അയല്‍വാസിയായ പിതാവും മകനും അറസ്റ്റില്‍. ചക്കര മുഹമ്മദ് കുഞ്ഞി (56), മകന്‍ മുക്താര്‍ (28) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

കൂടുതല്‍ പ്രതികളുണ്ടെന്നും അവര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അറസ്റ്റിലായ മുഹമ്മദ് കുഞ്ഞിയുടെ ബന്ധുവും ഷാഹുവും രണ്ട്തവണ അടിപിടിയിലേര്‍പ്പെട്ടു. ഈ സമയം ഷാഹുവിനെ ബന്ധുവിന്റെ സുഹൃത്തുക്കളും മറ്റും ചേര്‍ന്ന് മര്‍ദിച്ചു. ബന്ധു ശക്തമായി ഇടിച്ചാണ് ഷാഹുവിന്റെ മൂക്കിന് ക്ഷതമേറ്റത്. മൂക്കിന്റെ പാലം തകര്‍ന്ന് രക്തമൊഴുകിയിരുന്നു.

മദ്യലഹരിയിലായതിനാല്‍ ഷാഹു ഇത് കാര്യമാക്കിയില്ല. മൂന്ന് തവണയായി നടന്ന മര്‍ദനത്തില്‍ ആന്തരികാവയവങ്ങളില്‍ 23 മുറിവുകളേറ്റു. ഇടത് തോളിനും തലയ്ക്കും വടികൊണ്ട് അടിയേറ്റു. ഷാഹുവിന്റെ ഹൃദയത്തിന്റെ രണ്ട് വാള്‍വുകള്‍ക്ക് എണ്‍പത്ശതമാനം ബ്ലോക്കുണ്ട്. നേരത്തെ ഇയാള്‍ക്ക് നിശ്ശബ്ദ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. മൂക്കിനും ശരീരത്തിനുമേറ്റ ഇടി ഷാഹുവിന്റെ ശരീരത്തിനും ഹൃദയത്തിനും താങ്ങാവുന്നതിലേറെ ആഘാതമാണ് ഉണ്ടാക്കിയത്. ഇത് ഹൃദയാഘാതത്തിന് കാരണമായി.

രക്തം വാര്‍ന്ന് ഹൃദയാഘാതത്തിന്റെ ആക്കം കൂട്ടി. ഇങ്ങനെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്നാണ് പോലീസ് പറയുന്നത്.

ചാവക്കാട് ആസ്​പത്രിയില്‍ പോലീസ് എത്തിക്കുമ്പോള്‍ ഹൃദയസ്​പന്ദനം ദുര്‍ബലമായിരുന്നു. രക്തസമ്മര്‍ദ്ദം നന്നെ താണിരുന്നു. ശ്വാസമിടിപ്പ് നിലച്ച മട്ടായിരുന്നു. കണ്ണുകള്‍ മറിഞ്ഞ നിലയിലായിരുന്നു എന്നാണ് ഡോക്ടര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 1.30 നാണ് അവസാനത്തെ അടി നടക്കുന്നത്. വിവരമറിഞ്ഞ് ഉടന്‍ പോലീസ് എത്തുമ്പോള്‍ അടിവസ്ത്രം മാത്രമായിരുന്നു ഷാഹു ധരിച്ചിരുന്നത്. തൊട്ട് മുമ്പാണ് മുക്താറിന്റെ വീട്ടുമുറ്റത്ത് വെച്ച് മുഹമ്മദ് കുഞ്ഞിയെ മര്‍ദിച്ചത്. പിതാവിനെ അടിക്കുന്നതു കണ്ട് മുക്താര്‍ ഷാഹുവിനെ തിരിച്ചടിച്ചു. മുക്താറിന്റെ തലയ്ക്ക് പരിക്ക് പറ്റി. 1.50 ഓടെ പോലീസ് ഷാഹുവിനെ ജീപ്പില്‍ കയറ്റി ആസ്​പത്രിയിലെത്തിച്ചു. ഈ സമയം ഷാഹു കുറേശ്ശെയായി മരണത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് രേഖകളില്‍ പറയുന്നത്.

കുന്നംകുളം ഡിവൈഎസ്​പി കെ.കെ. ഇബ്രാഹിം, ചാവക്കാട് സിഐ കെ. സുദര്‍ശന്‍, എഎസ്‌ഐമാരായ സുരേന്ദ്രന്‍ മുല്ലശ്ശേരി, ശ്രീകൃഷ്ണകുമാര്‍, സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More