Tuesday, February 7, 2012

ഗൂഗിള്‍ നീക്കി തുടങ്ങി, ഫേസ്ബുക്കിന് സമയം വേണം

ദില്ലി: അപ്രിയകാര്യങ്ങള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിനും ഫേസ്ബുക്കിനും വിചാരണകോടതി 15 ദിവസത്തെ സമയം അനുവദിച്ചു. അപകീര്‍ത്തികരമായ ഉള്ളടക്കങ്ങളുടെ പേരില്‍ ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പെടെ 22 കമ്പനികളോട് പട്യാല കോടതി നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അബ്കാരി എഡിറ്ററായ വിനയ് റായ് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇത്തരം രേഖകള്‍ നീക്കം ചെയ്യാന്‍ നടപടി തുടങ്ങിയതായി ഗൂഗിള്‍ കോടതിയെ അറിയിച്ചപ്പോള്‍ ഫേസ്ബുക്ക് സെര്‍വറില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യപ്പെട്ടത്.

തുടക്കത്തില്‍ വെബ് പേജ് ഉള്ളടക്കങ്ങളുടെ കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ സ്വീകരിച്ചത്. കീഴ്‌ക്കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നെങ്കിലും കമ്പനികളുടെ വാദം അംഗീകരിക്കപ്പെട്ടില്ല.

ട്വിറ്റര്‍ ചില രാജ്യങ്ങളില്‍ സ്വയം സെന്‍സറിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതാത് രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ചുള്ള ഉള്ളടക്കം മാത്രമേ ആ രാജ്യങ്ങളില്‍ ദൃശ്യമാവൂ. പക്ഷേ, വിലക്കില്ലാത്ത രാജ്യങ്ങളില്‍ മുഴുവന്‍ ഉളളടക്കവും കാണാനാവും.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More