Monday, March 5, 2012

ബില്‍ ഫേസ്ബുക്കില്‍; ബല്‍റാമിന് വിമര്‍ശനം

തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കേണ്ട സ്വകാര്യബില്ല് ഫേസ്ബുക്കിലിട്ടതിന് തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന് സ്പീക്കറുടെ വിമര്‍ശനം. ബല്‍റാമിന്റെ നടപടി ചട്ടവിരുദ്ധവും അവകാശലംഘനവുമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പുതിയ അംഗമായതിനാല്‍ നടപടി സ്വീകരിക്കുന്നില്ലെന്നും സ്പീക്കര്‍ അറിയിച്ചു.



നടപടിയെടുക്കേണ്ട കുറ്റമാണ് ബല്‍റാം ചെയ്തിരിക്കുന്നത്. എന്നാല്‍ സഭയില്‍ നവാഗതനായതിനാല്‍ ഇക്കുറി നടപടി സ്വീകരിക്കുന്നില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കറുടെ ഓഫീസ് അനുമതി നല്‍കിയതിനാലാണ് ബില്ല് പ്രസിദ്ധീകരിച്ചതെന്ന തരത്തില്‍ വന്ന വാര്‍ത്തയിലും സ്പീക്കര്‍ അതൃപ്തി രേഖപ്പെടുത്തി. ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ബില്ലിന്റെ കരട് രൂപമാണ് ബല്‍റാം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച് ജനങ്ങളുടെ അഭിപ്രായം തേടിയത്. ഫേസ് ബുക്കിലും ഗൂഗിള്‍ ഗ്രൂപ്പിലും ബില്ലിന്റെ പൂര്‍ണരൂപം ബല്‍റാം അപ്‌ലോഡ് ചെയ്തിരുന്നു.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സംരക്ഷണം ഉറപ്പുവരുത്താന്‍ ഉദ്ദേശിച്ചുള്ളതാണു ബല്‍റാം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കരട് ബില്ല്. നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സംരക്ഷണത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നതാണു കരട് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശം.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More