Wednesday, March 14, 2012

വ്യാജ രേഖകളുടെ മറവില്‍ വയല്‍ നികത്തലും മണ്ണെടുപ്പും

ആനക്കര: പഞ്ചായത്തുകളുടെ മറ്റു സര്‍ക്കാര്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ പേരില്‍ വ്യാപകമായ മണ്ണെടുപ്പും പാടം നികത്തലും. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലാണ്‌ വ്യാജരേഖളുണ്ടാക്കി മണ്ണെടുപ്പും വയല്‍നികത്തലും നടക്കുന്നത്‌. വിവിധ ആരാധനാലയങ്ങളുടെ പേരിലും കമ്പനികളുടെയും മറ്റും ലേബല്‍ പതിപ്പിച്ചാണ്‌ ഈ രംഗത്തുള്ളവര്‍ അനധികൃത പ്രവൃത്തികള്‍ നടത്തുന്നത്‌. കഴിഞ്ഞദിവസം തൃത്താല കുമ്പിടി തിരിവില്‍നിന്നു അനധികൃതമായി വയല്‍ നികത്തുകയായിരുന്ന വാഹനം റവന്യൂ അധികാരികള്‍ പിടികൂടിയിരുന്നു. എന്നാല്‍ ഇര്‍ പള്ളിയുടെ മറപിടിച്ചാണ്‌ വയല്‍ നികത്തിയിരുന്നതെന്ന്‌ കണ്ടെത്തി. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തലക്കശ്ശേരിയില്‍ ഇല്ലാത്ത ആശുപത്രിയുടെ പേരിട്ടാണ്‌ ഏക്കര്‍ കണക്കിന്‌ കൃഷിയിടം നികത്തിവന്നത്‌. എന്നാല്‍ ഒരുപാട്‌ നിയമയുദ്ധത്തിനൊടുവില്‍ പൂര്‍വസ്‌ഥിതി കൈവരിക്കാന്‍ ആര്‍.ഡി.ഒ ഉത്തരവിട്ടിട്ടും വര്‍ഷങ്ങള്‍ പിന്നിട്ടതല്ലാതെ ഫലമുണ്ടായില്ല. ഇപ്പോള്‍ ചുറ്റുഭാഗവും മതില്‍കെട്ടി വാഴ, തെങ്ങ്‌ കൃഷിചെയ്‌ത് നിയമ പഴുതുണ്ടാക്കുന്ന ശ്രമത്തിലാണ്‌ ഉടമകള്‍. നിയമത്തെ വെല്ലുവിളിച്ചുള്ള നടപടിയാണ്‌ തൃത്താല മേഖലയിലെന്നത്‌ അധികാരികള്‍ക്കുതന്നെ ബോധ്യപ്പെട്ടതുമാണ്‌. ആനക്കരയില്‍ വയല്‍നികത്തിയ പ്രദേശം ഇപ്പോഴത്തെ കലക്‌ടര്‍ നേരിട്ട്‌ സന്ദര്‍ശിച്ചതിനെതുടര്‍ന്ന്‌ നികത്തിയ പ്രദേശത്തെ മണ്ണ്‌ നീക്കംചെയ്യാന്‍ ഉത്തരവിട്ടിരുന്നു. ഇരുപതിലേറെ ഉടമകള്‍ക്ക്‌ ഇതുമായിബന്ധപ്പെട്ട്‌ നോട്ടീസ്‌ നല്‍കിട്ടുണ്ട്‌. ഇവിടെയും ഒരുവര്‍ഷമായിട്ടും ഉത്തരവ്‌ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല സമീപ ഭാഗത്തുള്ളവരും നികത്തി കൊണ്ടിരിക്കയാണ്‌. അതേസമയം, ഇതേസ്‌ഥലത്ത്‌ കലക്‌ടര്‍ കഴിഞ്ഞദിവസം വീണ്ടും വന്നിരുന്നെങ്കിലും ഉത്തരവ്‌ പ്രാബല്യമാക്കുന്നതിനെ കുറിച്ച്‌ തുടര്‍ നടപടി എടുത്തില്ല. വയലില്‍ കമ്പിവേലി കെട്ടിതിരിച്ച്‌ പ്ലോട്ടുകളാക്കിയിട്ടുണ്ട്‌. ഇവിടെയെല്ലാം യഥേഷ്‌ടം മണ്ണ്‌ നികത്തിവരുന്നുണ്ട്‌. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്‌ജിന്റെ മറവില്‍ കഴിഞ്ഞ ദിവസം വരെ ജില്ലാ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന്‌ മണ്ണ്‌ കൊണ്ടുപോയിരുന്നു.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More