Monday, May 31, 2010

ഇന്ന് ആഗോള പുകയില വിരുദ്ധ ദിനം

ഡോ. അലി അശ്‌റഫ്
കൊല്ലംതോറും മേയ് മാസത്തിലെ 31ാം തീയതി പുകയില വിരുദ്ധദിനമായി ലോകമെമ്പാടും ആചരിക്കുന്നു. ലോകാരോഗ്യ സംഘടനകളുടെ ഇന്നത്തെ കണക്കനുസരിച്ച് ആഗോളതലത്തില്‍ പതിനൊന്ന് കോടിയിലധികം ജനങ്ങള്‍ പുകവലിക്കാരാണ്. ലോകത്ത് ഓരോ എട്ട് സെക്കന്‍ഡിലും പുകയില മൂലം ഒരാള്‍ മരിക്കാനിട വരുന്നുണ്ട്. അഞ്ച് കൗമാരക്കാരില്‍ ഒരാളെങ്കിലും കൗമാരത്തിലെത്തുന്നതിന് മുമ്പുതന്നെ അഥവാ 13 വയസ്സാകുമ്പോള്‍ തന്നെ പുകവലിച്ചു തുടങ്ങുന്നുണ്ട്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) പുകയില ഉല്‍പന്നങ്ങളുടെ ദോഷഫലങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ നടത്തുന്നതില്‍ മുന്‍പന്തിയിലുണ്ട്. ഐ.എം.എയുടെ എല്ലാ പ്രാദേശിക ഘടകങ്ങളും മേയ് 31ന് ലോക പുകയില വിരുദ്ധദിനം ആചരിക്കുന്നു. ഈ വര്‍ഷവും പുകയില വിരുദ്ധ പരിപാടികളുമായി ഐ.എം.എ രംഗത്തുണ്ട്.

പുകയില മുറുക്കും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണെന്ന് അത് ചെയ്യുന്നവര്‍ക്ക് പോലും അറിയാം. പുകയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ എന്ന രാസവസ്തു 'കോണ്‍ടാക്ട് പോയ്‌സണ്‍സ്' വിഭാഗത്തില്‍പെടുന്ന വിഷമാണ്. പുകയില പുകയുമ്പോള്‍ വമിക്കുന്ന വാതകങ്ങള്‍ വിഷലിപ്തമാണ്. ഇവയൊക്കെ ഉണ്ടാക്കുന്ന ദോഷങ്ങള്‍ വിവരണാതീതമാണ്. ആമാശയ-കുടല്‍പുണ്ണുകള്‍, രക്തധമനി-നാഡി ക്ഷതങ്ങള്‍, ഹൃദ്രോഗം, തലച്ചോറിന്റെ ക്ഷതങ്ങള്‍, ശ്വാസകോശ, നേത്രരോഗങ്ങള്‍, വിവിധ അവയവങ്ങളില്‍ കാണപ്പെടുന്ന അര്‍ബുദങ്ങള്‍ തുടങ്ങിയ വിവിധയിനം രോഗങ്ങള്‍ പുകയില ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്നു.

അന്തരീക്ഷത്തില്‍ പടരുന്ന പുക, പുകവലിക്കാത്തവരും ശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്നതിനാല്‍ പുക വലിച്ചുകൊണ്ടിരിക്കുന്നവര്‍ തങ്ങളുടെ സമീപത്തുള്ള പുകവലിക്കാത്തവരേയും കഷ്ടപ്പെടുത്തുന്നുണ്ട്. ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍ പലപ്പോഴും ഉറ്റവരുടെ പുകവലി കൊണ്ട് കഷ്ടപ്പെടേണ്ടിവരും. കുഞ്ഞുങ്ങളുടെ സമീപത്ത് നിന്ന് പുകവലിച്ചാല്‍ പുക ശ്വസിച്ച് വളരുന്ന കുട്ടികള്‍ക്ക് ശ്വാസകോശ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത മറ്റു കുട്ടികളെ അപേക്ഷിച്ച് നാലിരട്ടിയായിരിക്കും.

പുകയിലയിലും അത് പുകയുമ്പോള്‍ വമിക്കുന്ന വാതകങ്ങളിലും കാന്‍സര്‍ ബാധക്ക് സാധ്യതയുള്ള പദാര്‍ഥങ്ങളുണ്ട്. ഈ പദാര്‍ഥങ്ങളും ജനിതകവും അല്ലാത്തതുമായ മറ്റു ഘടകങ്ങളും ഒത്തുചേര്‍ന്നാല്‍ വിവിധങ്ങളായ അര്‍ബുദങ്ങളുണ്ടാകുന്നു. ശ്വസനനാളി, ശ്വാസകോശങ്ങള്‍, വായ, അന്നനാളം, ആമാശയം, കുടലുകള്‍, വൃക്കകള്‍, പാന്‍ക്രിയാസ്, മൂത്രസഞ്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും പുകവലി മൂലം അര്‍ബുദബാധയുണ്ടാകുന്നത്.

പുകയിലയില്‍ അടങ്ങിയ അറിയപ്പെടുന്ന ദോഷവസ്തുവായ നിക്കോട്ടിന്റെ സ്‌പര്‍ശമേറ്റാല്‍ തളരാത്ത ഒരൊറ്റ കോശം പോലും മനുഷ്യ ശരീരത്തില്‍ ഇല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ പത്രക്കുറിപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
ശരീരത്തിനും ജീവനും ഹാനികരമാവുന്ന എല്ലാ വസ്തുക്കളേയും നടപടികളേയും വേദഗ്രന്ഥമായ ഖുര്‍ആന്‍ നിരോധിച്ചിട്ടുണ്ട്. ലഹരിയും തളര്‍ച്ചയുമുണ്ടാക്കുന്ന എല്ലാ വസ്തുക്കളും മുഹമ്മദ് നബി നിരോധിച്ച കാര്യം പത്‌നി ഉമ്മുസലമ പറയുകയുണ്ടായി. ഇതെല്ലാം ചേര്‍ത്ത് വായിച്ചാല്‍ മനസ്സിലാവുന്നത് പുകയില ഒരു പാഴ്‌വസ്തുവും അതിലുപരി ദോഷവസ്തുവുമാണെന്നാണ്. അതിനാല്‍, പുകയില ഉല്‍പന്നങ്ങളും പുകവലിയും ഉപേക്ഷിക്കുക, പുകയില വിരുദ്ധ ബോധവത്കരണപരിപാടികളില്‍ സഹകരിക്കുക, പങ്കാളികളാവുക.
കടപ്പാട് മാധ്യമം

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More