Showing posts with label ടീം ഇന്ത്യ. Show all posts
Showing posts with label ടീം ഇന്ത്യ. Show all posts

Tuesday, January 10, 2012

ഇന്ത്യയ്‌ക്കെതിരെ ബയറണ് നാല് ഗോള്‍ ജയം

ലോക ഫുട്‌ബോളിലെ മിന്നുംതാരങ്ങള്‍ ഡല്‍ഹി ജവഹര്‍ലാല്‍ സ്‌റ്റേഡിയത്തില്‍ ബൂട്ട് കെട്ടിയിറങ്ങിയപ്പോള്‍ അത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുതിയ അനുഭവവും ആവേശവുമായി. പക്ഷേ ഗോള്‍ വല കുലുക്കുന്ന കാര്യത്തില്‍ അവര്‍ ഒട്ടും പിശുക്ക് കാട്ടിയില്ല. ലോക ക്ലബ് ഫുട്‌ബോളിലെ മുന്‍നിര ജര്‍മന്‍ ടീമായ ബയറണ്‍ മ്യൂണിക്കും ഇന്ത്യന്‍ ദേശീയ ടീമും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ബയറണ്‍ നാല് ഗോളിന് ജയിച്ചു. നാലും വീണത് ആദ്യപകുതിയില്‍.


സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഫുട്‌ബോള്‍ പ്രേമികളെ സാക്ഷിനിര്‍ത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. തുടക്കത്തില്‍ മികച്ച പ്രതിരോധം തീര്‍ത്ത ഇന്ത്യയ്ക്ക് അത് നിലനിര്‍ത്താനായില്ല. ഒന്നിന് പുറകേ ഒന്നായി ഇന്ത്യന്‍ ഗോള്‍വലയ്ക്കടുത്തേക്ക് ആര്യന്‍ റോബനും മുള്ളറും ഷ്യെയ്ന്‍ സ്റ്റീഗറും ഇരമ്പിക്കയറിയപ്പോള്‍ പ്രതിരോധ ഭടന്‍മാര്‍ കാഴ്ച്ചക്കാരായി മാറി.

ആദ്യ പകുതി അവസാനിക്കുന്നതിന് 20 മിനിറ്റ് മുമ്പാണ് മൂന്ന് ഗോളുകളും പിറന്നത്. ഗോമസും ഷ്യെയ്ന്‍ സ്റ്റീഗറും ഓരോ ഗോള്‍ വീതവും മുള്ളര്‍ രണ്ട് ഗോളും നേടി. ഇടയ്ക്ക് ബൈച്ചൂങ് ബൂട്ടിയയുടെ ചില മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല. മികച്ച ഒരവസരം ബൂട്ടിയ പുറത്തേക്ക് അടിച്ചുകളയുകയും ചെയ്തു.


നാല് ഗോള്‍ ആദ്യപകുതിയില്‍ വീണെങ്കിലും രണ്ടാംപകുതിയില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധ നിര നന്നായി പിടിച്ചുനില്‍ക്കുകയും പലപ്പോഴും ഗോള്‍മുഖത്തേക്ക് എത്തുകയും ചെയ്തു.


പക്ഷേ അവസരങ്ങളൊന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല. കളി തീരാന്‍ അഞ്ച് മിനിറ്റ് മാത്രമുള്ളപ്പോള്‍ ബൂട്ടിയ ബൂട്ടഴിച്ചു. പകരം മലയാളി താരം സബിത്താണ് ഇറങ്ങിയത്. ലോകകപ്പിലെ ആറ് കളിക്കാരടങ്ങിയ ജര്‍മന്‍ ക്ലബുമായുള്ള ഏറ്റുമുട്ടല്‍ ബൂട്ടിയയ്ക്കുള്ള വിടവാങ്ങല്‍ മത്സരം കൂടിയായിരുന്നു. തോല്‍വിയോടെ ബൂട്ടിയ ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയപ്പോള്‍ കരഘോഷത്തോടെയാണ് ആരാധകര്‍ അദ്ദേഹത്തെ വരവേറ്റത്.

22 തവണ ജര്‍മന്‍ ചാമ്പ്യന്മാരും നാലുതവണ യുവേഫ ചാമ്പ്യന്മാരുമായ ബയറണ്‍ മ്യൂണിക്ക് ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ നിറഞ്ഞുകളിച്ച ആര്യന്‍ റോബനും തോമസ് മുള്ളറും ഫിലിപ്പ് ലാമും ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറും മരിയോ ഗോമസും ഫ്രാങ്ക് റിബറിയും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഡല്‍ഹിയില്‍ കളിക്കാനിറങ്ങിയത്. 

Monday, January 9, 2012

ഇന്ത്യ x ബയേണ്‍ ഇന്ന്

ഇന്ത്യ-ബയറണ്‍ മത്സരം വൈകിട്ട് 5.55 മുതല്‍ 'ടെന്‍ ആക്ഷ'നില്


ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ലോകത്തെ മിന്നുംതാരങ്ങള്‍ ഡല്‍ഹിയില്‍ പറന്നെത്തി. ഇനി കാത്തിരിപ്പിന് വിരാമമിടാം. മുന്‍നിര ജര്‍മന്‍ ക്ലബ്ബായ ബയറണ്‍ മ്യൂണിക്കും ഇന്ത്യന്‍ ദേശീയ ടീമും നേര്‍ക്കുനേര്‍ പോരാടുന്ന കളിവിരുന്നിന് ഇനി മണിക്കൂറുകള്‍ മാത്രം. ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് കഴിഞ്ഞ ലോകകപ്പിലെ ആറ് കളിക്കാരടങ്ങിയ താരനിബിഡമായ ജര്‍മന്‍ ക്ലബുമായുള്ള പോരാട്ടം. ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസതാരമായ ബൈച്ചുങ് ബൂട്ടിയയ്ക്കുള്ള വിടവാങ്ങല്‍ സമ്മാനം കൂടിയാണിത്. ഫുള്‍ടീമുമായാണ് ഇന്ത്യയ്‌ക്കെതിരെ കളത്തിലിറങ്ങുകയെന്ന് ബയറണ്‍ മ്യൂണിക്ക് കോച്ച് ജപ്പ് ഹെയ്ന്‍ക്കസ് വ്യക്തമാക്കി. കളിമികവില്‍ ഇന്ത്യയും ജര്‍മനിയും തമ്മിലെ വലിയ അന്തരം ഇവിടെ അളക്കേണ്ടതില്ലെന്നും രാജ്യത്തെ ഫുട്‌ബോളിന് ഇക്കളി വലിയ മുതല്‍ക്കൂട്ടാണെന്നും ദേശീയ ടീം കോച്ച് സാവിയോ മെഡീര പറഞ്ഞു.


ബയറണ്‍ - ഇന്ത്യ പോരാട്ടം നാളെ

ന്യൂഡല്‍ഹി: കാല്‍പന്ത് കളിയിലെ ചരിത്ര പോരാട്ടത്തിന് ഡല്‍ഹി ഒരുങ്ങി. മുന്‍നിര ജര്‍മന്‍ ക്ലബ്ബായ ബയറണ്‍ മ്യൂണിക്കും ഇന്ത്യന്‍ ടീമും തമ്മിലുള്ള പ്രദര്‍ശന മത്സരം ചൊവ്വാഴ്ച വൈകിട്ട് ആറിന് ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസതാരമായ ബൈച്ചുങ് ബൂട്ടിയയ്ക്കുള്ള വിടവാങ്ങല്‍ സമ്മാനമാണ് ഈ അത്യപൂര്‍വ മത്സരം. സമീപകാല ചരിത്രത്തില്‍ ലോകഫുട്‌ബോളിലെ വന്‍കിട ക്ലബുമായി ഇന്ത്യന്‍ ടീം മാറ്റുരയ്ക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ലോകകപ്പില്‍ കളിച്ച ആറ് താരങ്ങളാണ് ഈ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ബൂട്ടണിയുന്നത്.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട തോമസ് മുള്ളര്‍, ജര്‍മന്‍ ക്യാപ്റ്റന്‍ ഫിലിപ്പ് ലാം, ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍, മരിയോ ഗോമസ്, ഹോളണ്ടിന്റെ സ്‌ട്രൈക്കര്‍ ആര്യന്‍ റോബന്‍, ഫ്രാന്‍സിന്റെ മധ്യനിരതാരം ഫ്രാങ്ക് റിബറി തുടങ്ങിയവര്‍ ഇന്ത്യയ്‌ക്കെതിരെ പോരാട്ടത്തിനിറങ്ങും. സ്‌ട്രൈക്കര്‍മാരായ മുള്ളറും റോബനും മരിയോ ഗോമസുമാണ് ബയറണ്‍ മ്യൂണിക്കിന്റെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. മധ്യനിരയില്‍ മിന്നുന്നപ്രകടനം കാഴ്ചവെക്കുന്ന ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറും പ്രതിരോധത്തിന്റെ കുന്തമുനയായ ഫിലിപ്പ് ലാമും ചേരുന്ന ബയറണ്‍ മ്യൂണിക്കുമായുള്ള മത്സരം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ നവ്യാനുഭവമാകും. ദോഹയിലെ ഒരാഴ്ച നീണ്ടുനിന്ന പരിശീലന ക്യാമ്പിന് ശേഷം ബയറണ്‍ മ്യൂണിക്ക് താരങ്ങള്‍ തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയിലെത്തും.

ബൈച്ചുങ് ബൂട്ടിയയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന സുനില്‍ ഛേത്രിയുടെ അസാന്നിധ്യമാണ് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായത്. സാഫ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനം കെട്ടഴിച്ച സുനില്‍ ഛേത്രി പരിക്കുമൂലം ടീമിന് പുറത്താണ്. ഐ.ലീഗില്‍ ആരോസിന്റെ മലയാളി സ്‌ട്രൈക്കര്‍ സി.എസ്. സബീത്താണ് ദേശീയ ടീമിലെ ഏക മലയാളി താരം. ബൈച്ചുങ് ബൂട്ടിയയെ കൂടാതെ ജെജെ ലാല്‍പെഖുലയും സുശീല്‍ സിങ്ങുമായിരിക്കും ഇന്ത്യയുടെ മുന്‍നിരയിലുണ്ടാവുക. ക്ലിഫോര്‍ഡ് മിറാന്‍ഡ, ബല്‍ദീപ് സിങ്, ക്ലൈമാക്‌സ് ലോറന്‍സ് എന്നിവര്‍ മധ്യനിരയിലെ നീക്കങ്ങള്‍ക്ക് ദ്രുതവേഗം നല്‍കും. റഹീംനബി, ജസ്പാല്‍ സിങ്, സമീര്‍ നായിക്, നിര്‍മല്‍ ഛേത്രി എന്നിവരാണ് പ്രതിരോധന നിരയിലുണ്ടാവുക. കരംജിത് സിങ്, സുഭാഷ് റായ് ചൗധരി, ഫെലിക്‌സ് എന്നീ ഗോള്‍കീപ്പര്‍മാര്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. കരംജിത് സിങ്ങിനാവും അവസാന ഇലവനില്‍ നറുക്കുവീഴുക. source: mathruboomi

Share

Twitter Delicious Facebook Digg Stumbleupon Favorites More