Saturday, April 28, 2012

മലയാളിയുടെ കൊല: ദുബയില്‍ മലയാളിക്ക് വധശിക്ഷ

ദുബയ്: മലയാളി അക്കൗണ്ടന്റിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മലയാളി ഡ്രൈവര്‍ക്ക് ദുബയ് കോടതി വധശിക്ഷ വിധിച്ചു. വേലൂര്‍ ചാരമംഗലം സി.കെ. ശശികുമാറി (47) നെ കൊലപ്പെടുത്തിയ കേസില്‍ തൃശ്ശൂര്‍ ചൂണ്ടല്‍ സ്വദേശി നവാസിനാണ് (35) ശിക്ഷ.


ശമ്പളത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ അവസാനിച്ചത്. കഴിഞ്ഞവര്‍ഷം ജൂലായിലാണ് ദുബായ് കരാമ ഫയര്‍സ്‌റ്റേഷനടുത്തുള്ള താമസസ്ഥലത്ത് ശശികുമാര്‍ കൊല്ലപ്പെട്ടത്. ചുറ്റികകൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് കുത്തിയുമാണ് കൊലപ്പെടുത്തിയത്. ശശികുമാറിന്റെ ദേഹത്ത് പ്രതി 30 തവണ കുത്തിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

കഴുത്തിനും ഹൃദയത്തിനുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം. കത്തിയും ചുറ്റികയും കണ്ടെടുത്തു. ശശികുമാറിന്റെ താമസസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളാണ് നവാസിനെതിരെയുള്ള തെളിവായത്.

കൊലനടക്കുന്ന ദിവസം ശശികുമാര്‍ താമസസ്ഥലത്ത് തനിച്ചായിരുന്നു. ശശികുമാര്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ െ്രെഡവറായിരുന്ന നവാസ് ഇവിടെയെത്തി 45,000 ദിര്‍ഹം ശമ്പളകുടിശ്ശിക ആവശ്യപ്പെട്ടു. കൊടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

ശശികുമാറിനെതിരെ നവാസ് നേരത്തെ വധഭീഷണി മുഴക്കിയിരുന്നതായും കോടതി കണ്ടെത്തി. എന്നാല്‍ നവാസ് കോടതിയില്‍ കുറ്റം നിഷേധിച്ചു. സ്വരക്ഷയ്ക്കാണ് കൊലനടത്തിയതെന്ന് അദ്ദേഹം വാദിച്ചു. വിധിക്കെതിരെ 15 ദിവസത്തിനകം നവാസിന് അപ്പീല്‍ പോകാം.

Thursday, April 26, 2012

യുവജന യാത്ര പര്യടനം പൂര്‍ത്തിയാക്കി

സ്വാശ്രയ യുവത്വം എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പി.സി. വിഷ്ണു നാഥ് നയിക്കുന്ന യുവജനയാത്രയുടെ ജില്ലയിലെ പര്യടനം സമാപിച്ചു.

യുവജന യാത്ര തൃത്താലയില്‍ എത്തിയപ്പോള്‍

ഇന്നലെ തിരൂരങ്ങാടിയില്‍ നിന്നഉ പര്യടനം ആരംഭിച്ചു. താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവന്നൂര്‍, എടപ്പാള്‍, ചങ്ങരംകുളം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ചങ്ങരംകുളത്താണ് ജില്ലയിലെ പര്യടനം അവസാനിച്ചത്.

താനാളൂരില്‍ നല്‍കിയ സ്വീകരണത്തില്‍ ബാജി പൊന്മുണ്ടം അധ്യക്ഷനായിരുന്നു. വി.ടി. ബല്‍റാം എംഎല്‍എ, മനോജ് മൂത്തേടന്‍, ഡിസിസി സെക്രട്ടറി മരക്കാരലി, സിദ്ദീഖ് പന്താവൂര്‍, പി. ഇഫ്ത്തിക്കാറുദ്ദീന്‍, ഒ. രാജന്‍ എന്നിവര്‍ സംസാരിച്ചു. ലീഗ് നേതാക്കളായ പാലാട്ട് ഹനീഫ, വി.പി.ഒ. അസ്ക്കര്‍ എന്നിവര്‍ വിഷ്ണുനാഥിനെ ഹാരമണിയിച്ചു.


എടപ്പാളില്‍ നല്‍കിയ സ്വീകരണത്തില്‍ സി. ഹരിദാസ്, യു. അബൂബക്കര്‍, പി.ടി. അജയ്മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജീപ്പിടിച്ച് കുട്ടി മരിച്ചു; ഡ്രൈവറെ കത്തിച്ചു

പാറ്റ്‌ന: ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ചതില്‍ രോഷാകുലരായ ജനക്കൂട്ടം അപകടത്തിനിടയാക്കിയ ജീപ്പിന്റെ ഡ്രൈവറെ ജീവനോടെ കത്തിച്ചു. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ മീര്‍ഗഞ്ചില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.


ജീപ്പ് മൂന്ന് കുട്ടികളെ ഇടിച്ചിടുകയായിരുന്നു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ ഗ്രാമീണര്‍ ഡ്രൈവറെ ജീപ്പില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും ജീപ്പിന് തീകൊളുത്തുകയും ചെയ്തു. പിന്നീട് ഇവര്‍ ജീപ്പ് ഡ്രൈവറേയും തീവച്ച് കൊല്ലുകയായിരുന്നു.

ഷാര്‍ജയില്‍ ഒരു റൂം ഫ്‌ളാറ്റില്‍ 45 പേര്‍

ഷാര്‍ജ: ബാച്ചിലേഴ്‌സിനു പ്രത്യേക താമസ സ്ഥല ഒരുക്കുന്നതിന്റെ ഭാഗമായി ഷാര്‍ജ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനക്കിടെ ഒരു ബെഡ്‌റൂം ഫ്‌ളാറ്റ്‌ 45 ആളുകള്‍ ഷെയര്‍ ചെയ്യുന്ന അവസ്ഥ കണ്ട്‌ ഞെട്ടി. ഷാര്‍ജയിലെ വാസിത്‌ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നടത്തിയ പരിശോധനയില്‍ ആണ്‌ ഈ കണ്ടെത്തല്‍.


കുടുംബങ്ങള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ഷാര്‍ജ മുനിസിപ്പാലിറ്റി നിഷ്‌കര്‍ശിച്ച നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും എതിരാണ്‌ 45 പേര്‍ ഇങ്ങനെ ഒരൊറ്റ ബെഡ്‌റൂം ഫ്‌ളാറ്റില്‍ തിങ്ങിപ്പാര്‍ക്കുന്നത്‌.

റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്നും ബാച്ചിലേഴ്‌സിനെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള തീവ്രശ്രമങ്ങളിലാണ്‌ തങ്ങള്‍. ഇപ്പോള്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്ന ബാച്ചിലേഴ്‌സിന്റെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്‌. ഷാര്‍ജ മുനിസിപ്പാലിറ്റി ഡയരക്‌റ്റര്‍ ജനറല്‍ സുല്‍ത്താന്‍ അല്‍ മുല്ല അറിയിച്ചു.

കാറുകള്‍ കഴുകല്‍, വ്യജ സിഡി വില്‌പന, മദ്യ വില്‌പന എന്നിങ്ങനെ ഒരേ സമയം നിയമ വിരുദ്ധമായ നിരവധി ജോലികള്‍ ചെയ്യുന്നവരാണ്‌ ഇങ്ങനെ അനധികൃതമായ താമസിക്കുന്ന ബാച്ചിലേഴ്‌സില്‍ അധികവും എന്നും അദ്ദേഹം അറിയിച്ചു.

മൈസലൂണ്‍, അല്‍ മജ്ജറ, അല്‍ നബ, അല്‍ ഖഡിഷ്യ എന്നിവിടങ്ങളില്‍ മുനിസിപ്പാലിറ്റി ഇപ്പോള്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്‌. ആദ്യം ഇങ്ങനെ അനധികൃതമായി റസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്ന ബാച്ചിലേഴ്‌സിനോട്‌ ഇന്‍ഡസ്‌ട്രിയല്‍ ഏരിയകളിലേക്ക്‌ താമസം മാറാന്‍ ആവശ്യപ്പെടും.

എന്നിട്ടും താമസം മാറാത്തവര്‍ക്കുള്ള വൈദ്യുത, ജല വിതരണം നിര്‍ത്തലാക്കാന്‍ ഷാര്‍ജ വൈദ്യുത, ജല അതോറിറ്റികളോട്‌ ആവശ്യപ്പെടും. അദ്ദേഹം അറിയിച്ചു.

Wednesday, April 25, 2012

യുവതി സ്വന്തം കുഞ്ഞിനെ മാലിന്യക്കുഴലിലിട്ടു

ഷാര്‍ജ: മാലിന്യം കളുയുന്ന കുഴലിലൂടെയിട്ട്‌ തന്റെ നവജാത ശിശുവിനെ കൊല്ലാന്‍ ശ്രമിച്ച ഫിലിപൈന്‍ യുവതിയെ ഷാര്‍ജ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഒരെ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്നും താഴേക്കുള്ള മാലിന്യ കഴലിലൂടെ ഇട്ടാണ്‌ സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ യുവതി ശ്രമിച്ചത്‌.


The rubbish chute into which the newborn baby was dumped.


അത്രയും ഉയരത്തില്‍ നിന്നും താഴേക്കു വീണിട്ടും കുട്ടി രക്ഷപ്പെട്ടത്‌ അത്ഭുതകരാമാം വണ്ണമാണ്‌ എന്നാണ്‌ പൊലീസ്‌ അഭിപ്രായപ്പെട്ടത്‌. ഒരു ഏഷ്യന്‍ കുടുംബം നിയമ വിധേയമല്ലാതെ വീട്ടു ജോലിക്കു വേണ്ടി നിയമിച്ചതാണ്‌ ഈ ഫിലിപൈന്‍ യുവതിയെ. പൊലീസ്‌ അറിയിച്ചു.

യുവതി കുറ്റം ഏറ്റു പറഞ്ഞിട്ടില്ലെങ്കിലും സംശയത്തിന്റെ പേരില്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയില്‍ എപ്പഴോ ആണ്‌ സംഭവം നടന്നതെന്നാണ്‌ പൊലീസ്‌ നിഗമനം.

ഗര്‍ഭിണിയായിരുന്ന യുവതിക്ക്‌ പുലര്‍ച്ചെ പ്രസവ വേദന അനുഭവപ്പെടുകയും പ്രസവിക്കുകയും ആയിരുന്നു. വീട്ടില്‍ എല്ലാനരും ഉറങ്ങിക്കിടക്കുകയായിരുന്നതിനാല്‍ ആരും അറിയാതെ ഒരു ബാത്ത്‌റൂമില്‍ കയറി അടുക്കളയിലെ കത്തി ഉപയോഗിച്ച്‌ പൊക്കിള്‍കൊടി മുറിച്ച്‌ കുഞ്ഞിനെ മാലിന്യ കുഴലിലൂടെ താഴേക്കിടുകയായിരുന്നു.

കുഞ്ഞിനെ പത്രക്കടലാസില്‍ പൊതിഞ്ഞ്‌, പ്ലാസ്റ്റിക്‌ കവറിലിട്ടാണ്‌ കളഞ്ഞത്‌. പതിവു പോലെ മാലിന്യങ്ങള്‍ നീക്കാന്‍ വന്ന പാറാവുകാരനാണ്‌ കുഞ്ഞിനെ മാലിന്യക്കൂമ്പാരങ്ങള്‍ക്കു മുകളില്‍ നിന്നായി കണ്ടെടുത്തത്‌. കുഞ്ഞ്‌ ഇപ്പോള്‍ അല്‍ ക്വാസിമി ആശുപത്രിയില്‍ പരിചരണത്തിലാണ്‌.

Monday, April 23, 2012

ഗര്‍ഭിണിയെ പീഡിപ്പിച്ച് നഗ്നചിത്രമെടുത്തു

ചാത്തന്നൂര്‍: ഗര്‍ഭിണിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങളെടുത്ത ഓട്ടോഡ്രൈവര്‍ പിടിയിലായി. ചാത്തന്നൂര്‍ താഴം തെക്ക് കൊച്ചാലുംമൂട് ചാലില്‍ സുരേഷാ(36)ണ് അറസ്റ്റിലായത്. ചാത്തന്നൂര്‍ സ്റ്റാന്റിലെ ഓട്ടോഡ്രൈവറായ ഇയാള്‍ക്ക് സ്ത്രീയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നു.

ഏഴുമാസം മുന്‍പ്  ആരുമില്ലാതിരുന്ന സമയത്ത് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറുകയും ഗര്‍ഭിണിയായിരുന്ന സ്ത്രീയെ പീഡിപ്പിക്കുകയും ചെയ്തു. പീഡന ശേഷം യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് പ്രതി നഗ്ന ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി. ചിത്രങ്ങള്‍ പുറത്തു വിടാതിരിക്കാനായി യുവതിയില്‍ നിന്ന് ഇയാള്‍ 25,000 കൈപ്പറ്റുകയും ചെയ്തു. തുടര്‍ന്ന് യുവതി അമ്മയോട് വിവരങ്ങള്‍ പറഞ്ഞു. അമ്മ പ്രതിയുമായി സംസാരിച്ചെങ്കിലും പ്രതി ഇവരേയും ഭീഷണിപ്പെടുത്തി.

ഭര്‍ത്താവില്‍ നിന്ന് ഇക്കാര്യം മറച്ചു വച്ച യുവതി അമ്മയുമൊത്ത് മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറി. ഇവിടെയെത്തിയ പ്രതി വീണ്ടും ഇവരെ ഭീഷണിപ്പെടുത്തി. ഇതെ തുടര്‍ന്ന് ഇരുവരും ബന്ധു വീട്ടിലെത്തുകയും അവരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഭാര്യയ്ക്ക് സൌന്ദര്യം കൂടിപ്പോയി; ആസിഡ് ഒഴിച്ച് പൊള്ളിച്ചു

ഭാര്യയ്ക്ക് സൌന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ ഭര്‍ത്താവ് അവരെ ആസിഡ് ഉപയോഗിച്ച് പൊള്ളിച്ചു. മൈസൂര്‍ റോഡില്‍ നിന്ന് അല്പം അകലെയുള്ള കുബാസിപല്യയിലെ പെയിന്റിംഗ് കോണ്‍‌ട്രാക്ടര്‍ ആണ് ഭാര്യ ക്രൂരമായി ആക്രമിച്ചത്.


കുമാര്‍(46) എന്നയാളും ഭാര്യ ഗൌരമ്മ(37)യും വേറിട്ടുകഴിയുകയാണ്. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടോ എന്ന സംശയത്താലാണ് കുമാര്‍ ഒരു കാന്‍ ആസിഡ് കൊണ്ടുവന്ന്അവരുടെ മുഖത്തൊഴിച്ചത്. ഭാര്യ ഇനി ഒരിക്കലും ബ്യൂട്ടി പാര്‍ലറില്‍ പോകരുതെന്നും ഇയാള്‍ അലറി വിളിക്കുന്നുണ്ടായിരുന്നു. മുഖത്തും കൈകള്‍ക്കും പൊള്ളലേറ്റ ഗൌരമ്മ നിലവിളിച്ചുകൊണ്ട് നിലത്തുവീഴുകയായിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അറസ്റ്റിലായ കുമാര്‍ താന്‍ ചെയ്തത് ശരിയായ കാര്യം തന്നെയാണ് എന്ന നിലപാടിലാണ്. സ്വന്തം ഭാര്യ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞാല്‍ ഏതൊരു ഭര്‍ത്താവും ഇങ്ങനെ ചെയ്യുമെന്നും ഇയാള്‍ പറഞ്ഞു. 17 വര്‍ഷം മുമ്പാണ് കുമാറും ഗൌരമ്മയും വിവാഹിതരായത്. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് അഞ്ച് വര്‍ഷമായി ഇവര്‍ വേര്‍പെട്ട് കഴിയുകയാണ്. ഈ ദമ്പതികള്‍ നാല് മക്കളുണ്ട്.

തനിക്ക് അവിഹിത ബന്ധമുണ്ടെന്ന ആരോപണം സഹിക്കാന്‍ വയ്യാതെയാണ് താന്‍ ഭര്‍ത്താവിനെ വിട്ടുപോയതെന്ന് ഗൌരമ്മ പൊലീസിനോട് പറഞ്ഞു. ഒരുമിച്ച് ജീവിക്കണം എന്നാവശ്യപ്പെട്ട് തന്നെ കാണാനെത്തിയ കുമാര്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു എന്നും ഇവര്‍ പറഞ്ഞു.

Sunday, April 22, 2012

മൊബൈല്‍ ഫോണ്‍: സൗദി ഒന്നാം സ്ഥാനത്ത്

ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്. ഇവിടുത്തെ മൊബൈല്‍ ഉപയോഗം 158 ശതമാനമാണ്. വിയറ്റ്നാം രണ്ടാം സ്ഥാനത്തും ഒമാന്‍ മൂന്നാം സ്ഥാനമെത്തി. കുവൈറ്റിനാണു നാലാം സ്ഥാനം. 145 ശതമാനമാണ് ഇവിടുത്തെ മൊബൈല്‍ ഉപയോഗം.

Saturday, April 21, 2012

മലയാളി കളക്ടറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ മലയാളി കളക്ടറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. അലക്സ് പോള്‍ മേനോനെയാണ്‌ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്.

കളക്ടറെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.

സുക്ക്മയില്‍ നിന്നും തിരിച്ചുവരുന്നതിനിടയില്‍ 20 പേരടങ്ങുന്ന മാവോയിസ്റ്റുകളുടെ സംഘം വാഹനം തടഞ്ഞുനിര്‍ത്തി കളക്ടറെ ബന്ദിയാക്കുകയായിരുന്നു.

Thursday, April 19, 2012

കമല്‍‌ഹാസന്‍ ഇനി ‘ഖമാല്‍ ഹാസന്‍’, മുസ്ലീങ്ങളോട് ഐക്യദാര്‍ഢ്യം

നടന്‍ കമല്‍‌ഹാസന്‍ വ്യത്യസ്തനാണ്, നടനെന്ന നിലയിലും വ്യക്തി എന്ന നിലയിലും. തന്‍റെ സിനിമകള്‍, കഥാപാത്രങ്ങള്‍ എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാകണമെന്നും പുതുമ നിറഞ്ഞതാകണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. കലാകാരന്‍ എന്ന നിലയില്‍ സമൂഹത്തിലെ അനീതികളോട് പ്രതികരിക്കാറുമുണ്ട്.


കഴിഞ്ഞ ദിവസം സുരക്ഷാ പരിശോധനയുടെ പേരില്‍ ഇന്ത്യയുടെ മഹാനടന്‍ ഷാരുഖ് ഖാനെ അമേരിക്കയില്‍ അപമാനിച്ച സംഭവം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. ‘ഷാരുഖ് ഖാന്‍’ എന്ന പേരാണ് അദ്ദേഹത്തിന് വിനയായത്. കമല്‍‌ഹാസനും മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനുമൊക്കെ ഈ രീതിയിലുള്ള അപമാനം അമേരിക്കയില്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

എന്തായാലും കമല്‍‌ഹാസന്‍ ഒരു പുതിയ തീരുമാനമെടുത്തിരിക്കുകയാണ്. ‘കമല്‍‌ഹാസന്‍’ എന്ന പേര് മാറ്റാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഇനി പേര് ‘ഖമാല്‍ ഹാസന്‍’ എന്ന മാറ്റാനാണ് നീക്കം. മുസ്ലീം സുഹൃത്തുക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കമല്‍ഹാസന്‍ പേര് മാറ്റുന്നത്.

പേരുമാറ്റത്തിന്‍റെ പേരില്‍ ഭാവിയില്‍ എന്ത് പ്രശ്നങ്ങളുണ്ടായാലും അത് നേരിടാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍ അറിയിച്ചു.

Wednesday, April 11, 2012

ടയര്‍ കടയ്ക്ക് തീപിടിച്ച് അച്ഛനും മക്കളും വെന്തുമരിച്ചു

പാലക്കാട് ടയര്‍ കടയ്ക്ക് തീപിടിച്ച് അച്ഛനും മക്കളും വെന്തു മരിച്ചു. പാലക്കാട് തൃത്താലയ്ക്ക് അടുത്തുള്ള ടയര്‍ കടയിലാണ് തീപിടിത്തം ഉണ്ടായത്. മുണ്ടക്കര തോട്ടുങ്കല്‍ വീട്ടില്‍ സുരേഷ്, മക്കളായ അമര്‍ ബാബു, യോഗേശ്വരി എന്നിവരാണ് മരിച്ചത്.


ടയര്‍ കടയില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍‌ഫോഴ്സില്‍ വിവരം അറിയിച്ചെങ്കിലും ഫയര്‍ ഫോഴ്സ് എത്തിയപ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. കടയ്ക്കുള്ളില്‍ ഇവരെ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

ആരുഷി വധം: അമ്മയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

ആരുഷി വധക്കേസില്‍ അമ്മ നൂപുര്‍ തല്‍വാറിനെതിരെ പ്രത്യേക സി ബി ഐ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ബുധനാഴ്ച കേസ്‌ പരിഗണിക്കവേ ഇവര്‍ കോടതിയില്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ്‌ വാറണ്ട്. കേസ് ഏപ്രില്‍ 18 ന് വീണ്ടും പരിഗണിക്കും.

കേസില്‍ ആരോപണ വിധേയനായ ആരുഷിയുടെ പിതാവ്‌ ഡോ രാജേഷ്‌ തല്‍വാര്‍ ബുധനാഴ്ച കോടതിയില്‍ ഹാജരായിരുന്നു. കോടതി നടപടിയോട്‌ പ്രതികരിക്കാന്‍ തല്‍വാര്‍ തയ്യാറായില്ല. കേസില്‍ സി ബി ഐ അന്വേഷണം അവസാനിപ്പിക്കാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും തള്ളുകയായിരുന്നു. അന്വേഷണം തുടരാന്‍ കഴിയില്ലെന്നും മാതാപിതാക്കള്‍ ഒഴികെ ആരും ആരൂഷിയെ കൊലപ്പെടുത്താന്‍ സാധ്യതയില്ലെന്നുമാണ്‌ സി ബി ഐയുടെ കണ്ടെത്തല്‍.

2008 മേയ് 16നു രാവിലെയാണു ഡിപിഎസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ആരുഷി തല്‍വാറിന്റെ മൃതദേഹം കിടപ്പു മുറിയില്‍ കണ്ടെത്തിയത്. വീട്ടുവേലക്കാരനായിരുന്ന ഹേംരാജിന്റെ ജഡം കഴുത്തറുത്ത നിലയില്‍ ടെറസിലും കണ്ടെത്തി. ആരുഷിയുടെ പിതാവായ രാജേഷ് തല്‍‌വാറാണ് ഇരട്ടക്കൊലപാതകം നടത്തിയത്‌ എന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. തന്റെ അവിഹിത ബന്ധങ്ങള്‍ മകളും വേലക്കാരനും അറിഞ്ഞതിനാലും ഇരുവരും തമ്മിലുള്ള അടുപ്പത്തില്‍ രോഷം കൊണ്ടുമാണ്‌ ദന്തഡോക്‌ടറായ രാജേഷ്‌ ഇവരെ വകവരുത്തിയതെന്നായിരുന്നു പൊലീസ് ഭാഷ്യം.

Share

Twitter Delicious Facebook Digg Stumbleupon Favorites More