Tuesday, January 31, 2012

സൌമ്യയ്ക്ക് ഇപ്പോഴും ശമ്പളമുണ്ട്, 6000 രൂപ

ജോലിസ്ഥലത്തുനിന്ന് എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വീട്ടിലേക്കു വരികയായിരുന്ന സൗമ്യ എന്ന പെണ്‍കുട്ടിയെ ഒറ്റക്കൈയന്‍ ഗോവിന്ദച്ചാമി വള്ളത്തോള്‍ നഗറിനു സമീപം റെയില്‍വേ ട്രാക്കിലേക്കു തള്ളിയിട്ട്‌ പീഡിപ്പിച്ചുകൊന്ന ദാരുണ സംഭവത്തിന് ഫെബ്രുവരി ഒന്നിന് ഒരു വയസ്. എറണാകുളത്ത് ‘ഹോം സ്റ്റെയില്‍’ എന്ന വീട്ടുപകരണക്കടയിലായിരുന്നു സൗമ്യക്കു ജോലി. അപകടത്തില്‍ പെടുമ്പോള്‍ സൌമ്യ ജോലിക്ക് ചേര്‍ന്നിട്ട് വെറും മൂന്നുമാസം മാത്രമേ ആയിരുന്നുള്ളൂ. സൌമ്യ മരിച്ച് ഒരു വര്‍ഷം തികയുമ്പോഴും ശമ്പളമായ ആറായിരം രൂപ മുടങ്ങാതെ അവളുടെ വീട്ടിലെത്തിക്കുന്നു കടയുടമ.

ശമ്പളം കിട്ടുന്ന ദിവസം അത് ഒരു രൂപ പോലും കുറയാതെ അമ്മയെ ഏല്‍പ്പിക്കുമായിരുന്നു സൌമ്യ. അവള്‍ ഇല്ലാതായിട്ടും ആ കുടുംബത്തിന് എല്ലാ ഒന്നാം തീയതിയും ‘ഹോം സ്റ്റെയിലി’ല്‍ നിന്ന് 6000 രൂപ ശമ്പളമായെത്തും. സൌമ്യയുടെ അമ്മയ്ക്ക് ഈ തുക ഒരിക്കലും മുടങ്ങാതെ അയച്ചുകൊടുക്കുമെന്ന് കടയുടമ പറയുന്നു.

ജീവനക്കാരെ സഹായിക്കുന്നതിനായി കമ്പനി ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ട്‌. അതിന്‍റെ ആദായത്തില്‍ നിന്നാണ്‌ ഈ പണം നല്‍കുന്നത്‌. മുടങ്ങാതെ അത് തുടരുമെന്ന്‌ കടയുടമ പറയുന്നു.

എന്തായാലും ഈ തുക കൃത്യമായി എത്തുന്നത് സൌമ്യയുടെ അമ്മയ്ക്കും സഹോദരനും ആശ്വാസമാണ്. സൌമ്യയുടെ അമ്മ സുമതിയുടെ ചികിത്സയ്ക്ക് ഈ പണം ഏറെ സഹായകമാണെന്ന് അവര്‍ പറയുന്നു.

സമൂഹത്തില്‍ മനുഷ്യത്വവും സഹജീവിസ്നേഹവും തീരെ നഷ്ടപ്പെട്ടുപോയെന്ന് ആകുലപ്പെടുന്ന ഈ കാലത്ത് ‘ഹോം സ്റ്റെയില്‍’ വേറിട്ട് നില്‍ക്കുന്നത് നന്‍‌മ മരിക്കാത്ത മനസുകള്‍ ഇവിടെ ബാക്കിയുണ്ടെന്ന ആശ്വാസം നല്‍കുന്നു.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More