Saturday, January 7, 2012

ധനുഷിന്റെ കൊലവെറിക്ക് ചിമ്പുവിന്റെ "ദസുരി സലാങ് സലാങ്..."

ധനുഷിന്റെ കൊലവെറിപ്പാട്ട് തമിഴിനും ഇന്ത്യയ്ക്കും സമ്മാനിച്ച പ്രശസ്തി ഏറെയാണ്. 2011-ലെ ഏറ്റവും മികച്ച ഗാനമായി സി‌എന്‍‌എന്‍ ഈ കൊലവെറിപ്പാട്ടിനെ തെരഞ്ഞെടുത്തിരുന്നു. തമിഴ്നാട് കടന്ന് ഇന്ത്യ മുഴുവന്‍ എത്തുകയും തുടര്‍ന്ന് ലോകജനതയെ തന്നെ ആകര്‍ഷിക്കുകയും ചെയ്ത ഈ പാട്ടിന് പിന്നില്‍ ധനുഷും യുവ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും കമലിന്റെ മകള്‍ ശ്രുതി ഹാസനും ആയിരുന്നു. ഈ തികച്ചും ദ്രാവിഡമായ ലളിത താളത്തില്‍ ഒരു നിഷ്കളങ്കനും നിരക്ഷരനുമായ യുവാവ് പാടുന്ന ഈ പ്രണയനിരാശാ ഗാനം യൂട്യൂബില്‍ കണ്ടത് എത്രപേരാണെന്ന് യൂട്യൂബ് അധികൃതര്‍ക്കേ അറിയൂ.






ഈ പാട്ട് ഹിറ്റായതുതൊട്ട് ഇരിപ്പുറയ്ക്കാതെ, ഉറക്കമില്ലാതെ നടക്കുന്ന മറ്റൊരു നടനുണ്ട്. ‘എസ്‌ടി‌ആര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിമ്പുവല്ലാതെ മറ്റാരുമല്ല അത്. സ്വയം ഒരു റോമിയോ ആണെന്നാണ് കക്ഷിയുടെ വിചാരമെങ്കിലും പ്രണയിച്ച കാമുകിമാരെല്ലാം ഈ പാവം നടനെ കൈവിട്ട് പോയി. ഏറ്റവും അവസാനം കക്ഷി പ്രണയിച്ചത് നയന്‍‌താരയെ ആയിരുന്നു. നയനും ചിമ്പുവിനെ വിട്ട് പ്രഭുദേവയെ പിടിച്ചു. രജനീകാന്തിന്റെ മകളും ഇപ്പോള്‍ ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യയുമായും ചിമ്പുവിന് അടുപ്പമുണ്ടായിരുന്നു എന്നും ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.



സംഗതി എന്തായാലും, കൊലവെറിയേക്കാള്‍ പോപ്പുലര്‍ ആയ ഒരു പാട്ട് ഉണ്ടാക്കാന്‍ രാപകല്‍ പാടുപ്പെട്ട് അവസാനം ചിമ്പു അത് ഒപ്പിച്ചെടുത്തു. ഏകദേശം കൊലവെറി മോഡലില്‍ തന്നെ സൃഷ്ടിച്ചെടുത്ത ചിമ്പുവിന്റെ ഈ ‘ലവ് ആന്തം’ (പ്രണയ ഗാനം) സ്വന്തം ഫേസ്‌ബുക്ക് അക്കൌണ്ട് വഴിയും യൂട്യൂബ് വഴിയും (കാശുകൊടുത്ത്) പോപ്പുലറാക്കിക്കൊണ്ടിരിക്കുകയാണ് ഈ യുവനടന്‍.


മദര്‍ തരേസയെയും മൈക്കേല്‍ ജാക്സനെയും കാണിച്ചുകൊണ്ടാണ് ഈ ഗാനം ആരംഭിക്കുന്നത്. ചിമ്പു തന്നെയാണ് ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നതും ചിട്ടപ്പെടുത്തിയിരിക്കുന്നതും പാടിയിരിക്കുന്നതും എന്നാണ് അറിവാകുന്നത്. പ്രണയം എന്ന വാക്കിന്റെ മറ്റ് ഭാഷകളിലുള്ള തത്തുല്യ പദങ്ങള്‍ കൂട്ടിണക്കിക്കൊണ്ട് ഒരു പാട്ടാണിത്. പത്തുലക്ഷത്തിലധികം പേര്‍ ഈ പാട്ട് കണ്ടിട്ടുണ്ടെന്ന് യൂട്യൂബ് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്തായാലും ധനുഷിന്റെ കൊലവെറിയെ ചിമ്പുവിന്റെ ‘ലവ് ആന്തം’ മറികടക്കുമോ എന്ന് കണ്ടുതന്നെ അറിയണം

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More