Monday, January 2, 2012

മൊബൈല്‍ സമ്മാന തട്ടിപ്പ്: ഇന്ത്യക്കാരടക്കം നാല് പേര്‍ പിടിയില്‍

ബഷീര്‍ മാറഞ്ചേരി മാധ്യമം:
ഷാര്‍ജ: വന്‍തുക സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കുന്നതിന് നിശ്ചിത സംഖ്യയുടെ ഇത്തിസാലാത്ത് റീചാര്‍ജ് കാര്‍ഡുകള്‍ വഴി ടെലിഫോണ്‍ ക്രെഡിറ്റ് അയക്കണമെന്നും ആവശ്യപ്പെട്ട് ആളുകളെ കബളിപ്പിക്കുന്ന നാലംഗ സംഘത്തെ ഷാര്‍ജ പൊലീസ് അറസ്റ്റുചെയ്തു. രണ്ട് ഇന്ത്യക്കാരും രണ്ട് പാകിസ്താനികളുമാണ് പിടിയിലായത്. വ്യത്യസ്ത മൊബൈല്‍ വില്‍പന ശാലകളിലെ തൊഴിലാളികളായിരുന്നു നാലുപേരും. ഇവിടെയെത്തുന്ന ഇടപാടുകാരുടെയും മറ്റും ടെലഫോണ്‍ നമ്പറുകള്‍ തന്ത്രപൂര്‍വം കൈക്കലാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. സമ്മാനം കിട്ടിയിട്ടുണ്ടെന്നും ഇതിന്‍െറ പ്രാരംഭ ചെലവിലേക്കായി 1,500 മുതല്‍ 10,000 ദിര്‍ഹം വരെ വില വരുന്ന ഇത്തിസാലാത്ത് കാര്‍ഡുകള്‍ അയക്കണമെന്നുമായിരുന്നു സംഘം ഇരകളോട് ആവശ്യപ്പെട്ടിരുന്നത്. ഇങ്ങിനെ കിട്ടുന്ന സംഖ്യ മറ്റുള്ളവരുടെ ഫോണുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് പണമാക്കി മാറ്റുകയായിരുന്നു ഇവരുടെ രീതി. നേരത്തെ രാജ്യത്ത് താമസിച്ചിരുന്നവരുടെ മൊബൈല്‍ നമ്പറുകളും തിരിച്ചറിയല്‍ രേഖകളും ദുരുപയോഗം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇത് പലപ്പോഴും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി.




നേരത്തെ നാട്ടിലേക്ക് മടങ്ങിയവരുടെ തിരിച്ചറിയല്‍ രേഖകളുപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. മുമ്പ് നാട്ടിലേക്ക് മടങ്ങിയ നിരവധി ആളുകളുടെ പാസ്പോര്‍ട്ടുകളും മറ്റ് രേഖകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി പ്രതികളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം തട്ടിപ്പുകളെ കുറിച്ച് അറിയുന്നവര്‍ 06 5943446, 800151 എന്ന നമ്പറുകളിലോ techcrimes @shjpolice.gov.ae എന്ന ഇമെയിലിലോ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More