ലോക ഫുട്‌ബോളിലെ മിന്നുംതാരങ്ങള്‍ ഡല്‍ഹി ജവഹര്‍ലാല്‍ സ്‌റ്റേഡിയത്തില്‍ ബൂട്ട് കെട്ടിയിറങ്ങിയപ്പോള്‍ അത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുതിയ അനുഭവവും ആവേശവുമായി. പക്ഷേ ഗോള്‍ വല കുലുക്കുന്ന കാര്യത്തില്‍ അവര്‍ ഒട്ടും പിശുക്ക് കാട്ടിയില്ല. ലോക ക്ലബ് ഫുട്‌ബോളിലെ മുന്‍നിര ജര്‍മന്‍ ടീമായ ബയറണ്‍ മ്യൂണിക്കും ഇന്ത്യന്‍ ദേശീയ ടീമും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ബയറണ്‍ നാല് ഗോളിന് ജയിച്ചു. നാലും വീണത് ആദ്യപകുതിയില്‍.
സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഫുട്‌ബോള്‍ പ്രേമികളെ സാക്ഷിനിര്‍ത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. തുടക്കത്തില്‍ മികച്ച പ്രതിരോധം തീര്‍ത്ത ഇന്ത്യയ്ക്ക് അത് നിലനിര്‍ത്താനായില്ല. ഒന്നിന് പുറകേ ഒന്നായി ഇന്ത്യന്‍ ഗോള്‍വലയ്ക്കടുത്തേക്ക് ആര്യന്‍ റോബനും മുള്ളറും ഷ്യെയ്ന്‍ സ്റ്റീഗറും ഇരമ്പിക്കയറിയപ്പോള്‍ പ്രതിരോധ ഭടന്‍മാര്‍ കാഴ്ച്ചക്കാരായി മാറി.
ആദ്യ പകുതി അവസാനിക്കുന്നതിന് 20 മിനിറ്റ് മുമ്പാണ് മൂന്ന് ഗോളുകളും പിറന്നത്. ഗോമസും ഷ്യെയ്ന്‍ സ്റ്റീഗറും ഓരോ ഗോള്‍ വീതവും മുള്ളര്‍ രണ്ട് ഗോളും നേടി. ഇടയ്ക്ക് ബൈച്ചൂങ് ബൂട്ടിയയുടെ ചില മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല. മികച്ച ഒരവസരം ബൂട്ടിയ പുറത്തേക്ക് അടിച്ചുകളയുകയും ചെയ്തു.
നാല് ഗോള്‍ ആദ്യപകുതിയില്‍ വീണെങ്കിലും രണ്ടാംപകുതിയില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധ നിര നന്നായി പിടിച്ചുനില്‍ക്കുകയും പലപ്പോഴും ഗോള്‍മുഖത്തേക്ക് എത്തുകയും ചെയ്തു.
പക്ഷേ അവസരങ്ങളൊന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല. കളി തീരാന്‍ അഞ്ച് മിനിറ്റ് മാത്രമുള്ളപ്പോള്‍ ബൂട്ടിയ ബൂട്ടഴിച്ചു. പകരം മലയാളി താരം സബിത്താണ് ഇറങ്ങിയത്. ലോകകപ്പിലെ ആറ് കളിക്കാരടങ്ങിയ ജര്‍മന്‍ ക്ലബുമായുള്ള ഏറ്റുമുട്ടല്‍ ബൂട്ടിയയ്ക്കുള്ള വിടവാങ്ങല്‍ മത്സരം കൂടിയായിരുന്നു. തോല്‍വിയോടെ ബൂട്ടിയ ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയപ്പോള്‍ കരഘോഷത്തോടെയാണ് ആരാധകര്‍ അദ്ദേഹത്തെ വരവേറ്റത്.
22 തവണ ജര്‍മന്‍ ചാമ്പ്യന്മാരും നാലുതവണ യുവേഫ ചാമ്പ്യന്മാരുമായ ബയറണ്‍ മ്യൂണിക്ക് ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ നിറഞ്ഞുകളിച്ച ആര്യന്‍ റോബനും തോമസ് മുള്ളറും ഫിലിപ്പ് ലാമും ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറും മരിയോ ഗോമസും ഫ്രാങ്ക് റിബറിയും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഡല്‍ഹിയില്‍ കളിക്കാനിറങ്ങിയത്.
No comments:
Post a Comment