Monday, January 23, 2012

ബിവറേജസിന്റെ 7ലക്ഷം അക്കൗണ്ട് മാറി നിക്ഷേപിച്ചു

കോഴിക്കോട്: സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിക്ഷേപിച്ച എഴുലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. ബാങ്ക് ജീവനക്കാര്‍ അക്കൗണ്ട് നമ്പര്‍ മാറി പണം നിക്ഷേപിച്ചതാണ് കാരണം. മാറി നിക്ഷേപിച്ച അക്കൗണ്ടിന്റെ ഉടമസ്ഥന്‍ പണം മുഴുവന്‍ പിന്‍വലിക്കുകയും ചെയ്തു.

























ബാങ്ക് ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ അത് മടങ്ങി. കാണാതയ തുക സ്വന്തം ഫണ്ടില്‍ നിന്നും ബിവറേജസ് കോര്‍പ്പറേഷന് നല്‍കി ബാങ്ക് തല്‍ക്കാലം പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. പക്ഷേ നഷ്ടപ്പെട്ട തുക തിരികെക്കിട്ടാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ബാങ്ക് ഇതേവരെ പൊലീസില്‍ പരാതി നല്‍കിയിട്ടുമില്ല.

സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ കല്ലായി വട്ടാംപൊയിലിലുള്ള ഷോപ്പില്‍നിന്നാണു ഡിസംബര്‍ 30ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പള്ളിക്കണ്ടി ശാഖയില്‍ 7,39,265 രൂപ നിക്ഷേപിച്ചത്. ബിവറേജസ് കോര്‍പറേഷന്റെ 2100009280 എന്ന അക്കൗണ്ടിലേക്കാണു പണം അടച്ചത്.

ബാങ്ക് ക്ലര്‍ക്ക് ഈ തുക മറ്റൊരു അക്കൗണ്ടിലാണു രേഖപ്പെടുത്തിയത്. ആ അക്കൗണ്ട് ഉടമ മൂന്നു തവണയായി തുകമുഴുവന്‍ പിന്‍വലിക്കുകയായിരുന്നു. പിന്നീട് ബിവറേജസ് കോര്‍പറേഷന്റെ അക്കൗണ്ടില്‍ ഏഴര ലക്ഷത്തോളം രൂപ വരവു വയ്ക്കാത്തതിനേത്തുടര്‍ന്ന് അവര്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് അക്കൗണ്ട് നമ്പര്‍ മാറിപ്പോയ വിവരം അറിയുന്നത്.

അപ്പോഴേക്കും അറിയാതെ കിട്ടിയ പണം അക്കൗണ്ട് ഉടമ പിന്‍വലിച്ചിരുന്നു. ബാങ്കുകാര്‍ ഈ അക്കൗണ്ട് ഉടമയെ കണ്ടെത്തി പണം തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ രണ്ടു ലക്ഷം രൂപ മടക്കി അടച്ചുവെന്നാണ് അറിയുന്നത്. ഇയാളുടെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചിരിക്കുകയാണ്.

സംഭവ ദിവസം അക്കൗണ്ട് കൈകാര്യം ചെയ്ത ജീവനക്കാരില്‍നിന്നു പണം ഈടാക്കി പ്രശ്‌നം ഒതുക്കാനാണു ശ്രമം നടക്കുന്നതെന്നാണ് സൂചന.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More