Tuesday, January 10, 2012

മണല്‍റെയ്ഡ് ശക്തമാക്കുന്നു അഞ്ചുവണ്ടികള്‍ പിടികൂടി

കൂറ്റനാട്: തൃത്താല പോലീസ് ഭാരതപ്പുഴയുടെതീരങ്ങളില്‍ നടത്തിയ റെയ്ഡില്‍ രാത്രിയില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന അഞ്ചുവണ്ടികള്‍ പിടിച്ചെടുത്തു. കൂടല്ലൂര്‍ യാറം കടവില്‍നിന്ന് ഒരു മിനിലോറിയും മണ്ണിയം പെരുമ്പലത്തുനിന്നും പട്ടിത്തറയില്‍നിന്നും രണ്ട് ഗുഡ്‌സ് ഓട്ടോറിക്ഷകളും ഉള്ളന്നൂര്‍ കടവില്‍ നിന്ന് രണ്ട് മോട്ടോര്‍ബൈക്കുകളുമാണ് പിടിച്ചെടുത്തത്. മണല്‍പാസ്മൂലം കടവുകളില്‍നിന്ന് മണലെടുപ്പ് തുടങ്ങിയതോടെ അനധികൃതമണലെടുപ്പ് വ്യാപകമായതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ്‌റെയ്ഡ് ശക്തമാക്കിയത്. ഒരുമാസത്തിനിടെ പതിനഞ്ചോളം വണ്ടികള്‍ പോലീസ് രാത്രി പട്രോളിങ്ങിനിടയില്‍ പിടികൂടിയിരുന്നു. വ്യാജരേഖ ചമച്ച് അന്യജില്ലകളിലേക്ക് മണല്‍കടത്തിയിരുന്ന മണല്‍മാഫിയസംഘം വീണ്ടും ഈ രംഗത്ത് സജീവമായി ഉള്ളതായി അറിയുന്നു. പാസ്മൂലം എടുക്കുന്ന മണല്‍ തൃശ്ശൂര്‍ജില്ലയിലേക്കെത്തിച്ച് പൊന്നുംവിലയ്ക്കാണ് വില്‍ക്കുന്നത്.
 
 
തൃത്താല സ്റ്റേഷന്‍പരിധിയിലെ എട്ട് കടവുകളിലും പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മണല്‍കടത്ത് തടയുന്നതിനുവേണ്ടി തൃത്താല എം.എല്‍.എ. വി.ടി. ബല്‍റാമിന്റെ നേതൃത്വത്തില്‍ ജനജാഗ്രതാസമിതി രൂപത്കരിക്കുകയും ശക്തമായ നടപടികള്‍ എടുക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, മണല്‍കടത്ത് തടയുന്നതിന് വില്ലേജോഫീസര്‍മുതല്‍ റവന്യൂഅധികാരികള്‍ക്ക് വരെ നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെ പോലീസുകാരെമാത്രം പഴിചാരുന്നത് ശരിയല്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാല്‍മാത്രമേ മണല്‍കടത്തിന് പൂര്‍ണമായും തടയിടാന്‍ കഴിയുകയുള്ളൂവെന്നും തൃത്താല എസ്.ഐ. കുമാര്‍ പറഞ്ഞു.
source: mathruboomi

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More