Monday, January 9, 2012

ബയറണ്‍ - ഇന്ത്യ പോരാട്ടം നാളെ

ന്യൂഡല്‍ഹി: കാല്‍പന്ത് കളിയിലെ ചരിത്ര പോരാട്ടത്തിന് ഡല്‍ഹി ഒരുങ്ങി. മുന്‍നിര ജര്‍മന്‍ ക്ലബ്ബായ ബയറണ്‍ മ്യൂണിക്കും ഇന്ത്യന്‍ ടീമും തമ്മിലുള്ള പ്രദര്‍ശന മത്സരം ചൊവ്വാഴ്ച വൈകിട്ട് ആറിന് ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസതാരമായ ബൈച്ചുങ് ബൂട്ടിയയ്ക്കുള്ള വിടവാങ്ങല്‍ സമ്മാനമാണ് ഈ അത്യപൂര്‍വ മത്സരം. സമീപകാല ചരിത്രത്തില്‍ ലോകഫുട്‌ബോളിലെ വന്‍കിട ക്ലബുമായി ഇന്ത്യന്‍ ടീം മാറ്റുരയ്ക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ലോകകപ്പില്‍ കളിച്ച ആറ് താരങ്ങളാണ് ഈ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ബൂട്ടണിയുന്നത്.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട തോമസ് മുള്ളര്‍, ജര്‍മന്‍ ക്യാപ്റ്റന്‍ ഫിലിപ്പ് ലാം, ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍, മരിയോ ഗോമസ്, ഹോളണ്ടിന്റെ സ്‌ട്രൈക്കര്‍ ആര്യന്‍ റോബന്‍, ഫ്രാന്‍സിന്റെ മധ്യനിരതാരം ഫ്രാങ്ക് റിബറി തുടങ്ങിയവര്‍ ഇന്ത്യയ്‌ക്കെതിരെ പോരാട്ടത്തിനിറങ്ങും. സ്‌ട്രൈക്കര്‍മാരായ മുള്ളറും റോബനും മരിയോ ഗോമസുമാണ് ബയറണ്‍ മ്യൂണിക്കിന്റെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. മധ്യനിരയില്‍ മിന്നുന്നപ്രകടനം കാഴ്ചവെക്കുന്ന ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറും പ്രതിരോധത്തിന്റെ കുന്തമുനയായ ഫിലിപ്പ് ലാമും ചേരുന്ന ബയറണ്‍ മ്യൂണിക്കുമായുള്ള മത്സരം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ നവ്യാനുഭവമാകും. ദോഹയിലെ ഒരാഴ്ച നീണ്ടുനിന്ന പരിശീലന ക്യാമ്പിന് ശേഷം ബയറണ്‍ മ്യൂണിക്ക് താരങ്ങള്‍ തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയിലെത്തും.

ബൈച്ചുങ് ബൂട്ടിയയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന സുനില്‍ ഛേത്രിയുടെ അസാന്നിധ്യമാണ് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായത്. സാഫ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനം കെട്ടഴിച്ച സുനില്‍ ഛേത്രി പരിക്കുമൂലം ടീമിന് പുറത്താണ്. ഐ.ലീഗില്‍ ആരോസിന്റെ മലയാളി സ്‌ട്രൈക്കര്‍ സി.എസ്. സബീത്താണ് ദേശീയ ടീമിലെ ഏക മലയാളി താരം. ബൈച്ചുങ് ബൂട്ടിയയെ കൂടാതെ ജെജെ ലാല്‍പെഖുലയും സുശീല്‍ സിങ്ങുമായിരിക്കും ഇന്ത്യയുടെ മുന്‍നിരയിലുണ്ടാവുക. ക്ലിഫോര്‍ഡ് മിറാന്‍ഡ, ബല്‍ദീപ് സിങ്, ക്ലൈമാക്‌സ് ലോറന്‍സ് എന്നിവര്‍ മധ്യനിരയിലെ നീക്കങ്ങള്‍ക്ക് ദ്രുതവേഗം നല്‍കും. റഹീംനബി, ജസ്പാല്‍ സിങ്, സമീര്‍ നായിക്, നിര്‍മല്‍ ഛേത്രി എന്നിവരാണ് പ്രതിരോധന നിരയിലുണ്ടാവുക. കരംജിത് സിങ്, സുഭാഷ് റായ് ചൗധരി, ഫെലിക്‌സ് എന്നീ ഗോള്‍കീപ്പര്‍മാര്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. കരംജിത് സിങ്ങിനാവും അവസാന ഇലവനില്‍ നറുക്കുവീഴുക. source: mathruboomi

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More