എക്ഷ്പ്രെസ്സ്മലയലയാളം കൊച്ചി: ഹൈബി ഈഡന്റെ മനം കവരാന്‍ എന്തായിരിക്കും അന്നാ ലിന്‍ഡ ഒളിപ്പിച്ചുവച്ച ഇന്ദ്രജാലം ? കേരള രാഷ്‌ട്രീയത്തിലെ മോസ്‌റ്റ് എലിജിബിള്‍ ബാച്ചിലറെ പിടിച്ചു കെട്ടിയ പെണ്‍കുട്ടിയെ അല്‍പ്പം അസൂയയോടെയാണ് പെണ്‍കുട്ടികള്‍ പലരും നോക്കിക്കാണുന്നത്. പ്രത്യേകിച്ചും ഹൈബിയുടെ മണ്ഡലമായ എറണാകുളത്തെ പെണ്‍കുട്ടികള്‍ . ഇവിടെ ഞങ്ങള്‍ ഇത്രയും സുന്ദരികള്‍ ഉണ്ടായിട്ടും എന്തിനീ പണിപറ്റിച്ചു എന്ന ഭാവമാണ് പലര്‍ക്കും. കേരളത്തിലെ തന്നെ പ്രശസ്‌തമായ വനിതാ കോളേജായ എറണാകുളം സെന്റ് തെരാസസില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചെന്ന ഹൈബിയെ നുള്ളിയവരുടെയും തോണ്ടിയവരുടെയും മുഖത്തൊക്കെ അന്ധാളിപ്പ്. ഒരവസരം ശരിക്കും മിസായ പോലെ.
എറണാകുളത്ത് കത്തിജ്വലിച്ച് നിന്ന ജോര്‍ജ് ഈഡന്‍ എന്ന രാഷ്‌ട്രീയ നേതാവ് ഒര്‍മയായത് 2003 ലായിരുന്നു. അന്ന് കൗമാരം കടന്ന ഹൈബി ഈഡനെ രാഷ്‌ട്രീയ കേരളം ജോര്‍ജ് ഈഡന്റെ പിന്‍ഗാമിയായി കണ്ടും. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴും പിന്നീട് എന്‍.എസ്‌യു പ്രസിഡന്റും എംഎല്‍എ യുമായപ്പോഴും ഹൈബി എല്ലാ അര്‍ത്ഥത്തിലും പിതാവിന്റെ പിന്‍ഗാമിയായിരുന്നു. കെ.എസ്.യു പ്രസിഡന്റായിരിക്കെ നിണമണിഞ്ഞ സമരപാതകളുടെ മധ്യത്തില്‍ എവിടെയോ ആണ് ഹൈബിയുടെ മനസ് അന്നയുലുടക്കിയത്.
അന്ന് പാനിപ്പത്തിലെ ഏഷ്യാ പെസഫിക് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ ബിരുദ പഠനത്തിന് ശേഷം കൈരളി ടി വിയില്‍ ചിറ്റ് ചാറ്റ് എന്ന ഷോയുടെ അവതാരികയായിരുന്നു അന്ന. അവിടെ ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിതായിരുന്നു ഹൈബി. രാഷ്‌ട്രീയമായി വിരുദ്ധപക്ഷത്താണെങ്കിലും ഇക്കാര്യത്തില്‍ അന്നക്കും ഹൈബിക്കും കൈരളി ചാനലിനെ മറക്കാന്‍ കഴിഞ്ഞേക്കില്ല. ഇഷ്‌ടം ആദ്യം പറഞ്ഞത് ആരെന്ന ചോദ്യത്തിന് അത് ഹൈബി തന്നെയെന്നാണ് അന്നയുടെ നാണത്തില്‍ പൊതിഞ്ഞ മറുപടി.
ഒരു രാഷ്‌ട്രീയക്കാരനെ ഭര്‍ത്താവായി സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന തിരക്കുകളെപ്പറ്റിയും അന്നക്ക് നല്ല ബോധ്യമുണ്ട്. എനിക്ക് രാഷ്‌ട്രീയത്തെക്കുറിച്ച് കാര്യമായി ഒന്നും സംസാരിക്കാനില്ല. ഏന്റെ കുടുംബത്തില്‍ പ്രാദേശിക രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിച്ചവര്‍ ഉണ്ടായിരുന്നു. പക്ഷെ രാഷ്‌ട്രീയം ആരും പ്രൊഷഷനായി എടുത്തിരുന്നില്ല. പലരും കോളജ് അധ്യാപകരും, ഡോക്‌ടര്‍മാരും ഒക്കെയായിരുന്നു. രാഷ്‌ട്രീയപ്രവര്‍ത്തകന്റെ തിരക്കുള്ള ജീവിതം തനിക്ക് താങ്ങാന്‍ കഴിയുമോ എന്നൊക്കെ വീട്ടുകാര്‍ക്ക് ആദ്യം സംശയമുണ്ടായിരുന്നു. എന്നാല്‍ ഹൈബിയെ അവര്‍ക്ക് നല്ലവണ്ണം അറിയാമായിരുന്നു - അന്ന പറയുന്നു.
വീട്ടുകാര്‍ ആലോചിച്ച് നടത്തിയ അറേഞ്ചഡ് ലൗമാര്യേജ് എന്ന് ഒറ്റവാക്കില്‍ തങ്ങളുടെ വിവാഹത്തെ നിര്‍വ്വചിക്കാനാണ് അന്നക്കിഷ്‌ടം. ഗുരുവായൂര്‍ സ്വദേശിനിയായ അന്നയുടെ പിതാവ് ജോസ് വാഴപ്പിള്ളി ഒരു ഇറ്റാലിയന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ റഷ്യയില്‍ ജോലി ചെയ്യുന്നു. അമ്മ അന്ന ജാന്‍സി, ഒരു സഹോദരനുമുണ്ട്. കോയമ്പത്തൂര്‍ നെഹ്‌റു കോളജില്‍ എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥിയാണ്. ക്ലബ്ബ് എഫ് എമ്മിലും, റേഡിയോ മാംഗോയിലും അന്ന ജോലി ചെയ്‌തിട്ടുണ്ട്.
രമേശ് ചെന്നിത്തലക്ക് ശേഷം ദേശീയ രാഷ്‌ട്രീയത്തില്‍ ഉയരങ്ങള്‍ താണ്ടിയ കോണ്‍ഗ്രസിലെ യുവ നേതാവായ ഹൈബിക്ക് ദേശീയ രാഷ്‌ട്രീയത്തിലെ നേതാവും, വഴികാട്ടിയും, സുഹൃത്തുമെല്ലാം രാഹുല്‍ഗാന്ധിയാണ്. രാഹുലിന്റെ സമീപനവും ചിന്താരീതിയും ചെറുപ്പക്കാരോടുള്ള സമീപനവും ഹൈബിയെ അഗാധമായി ആകര്‍ഷിക്കുന്നു. എന്‍ എസ് യു പ്രസിഡന്റായി അദ്ദേഹത്തിന് കീഴില്‍ സേവനമനുഷ്ഠിക്കാന്‍ ലഭിച്ച ഭാഗ്യത്തെ ഹൈബി മറ്റെന്തിനേക്കാളും വിലമതിക്കുകയും ചെയ്യുന്നു. ജനുവരി 26 വ്യാഴാഴ്‌ച വൈകുന്നേരം നാലര മണിയ്‌ക്ക് തൃശൂര്‍ പുത്തന്‍പള്ളിയിലായിരുന്നു മനസ്സമ്മതച്ചടങ്ങ്. ജനുവരി 30ന് കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ വെച്ചാണ് വിവാഹം.
വിവാഹം കഴിഞ്ഞ് ജോലി ചെയ്യുന്നതാണ് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇഷ്‌ടം. എന്നാല്‍ ഉടനെയില്ല അന്ന പറയുന്നു. പ്രണയവും വിവാഹവും എന്ത് കൊണ്ടാണ് പരസ്യമാക്കാന്‍ ഇത്രയും വൈകിയതെന്ന് ചോദ്യത്തിന് ഹൈബിയുടെ മറുപടി ഇങ്ങനെയാണ് "മുല്ലപ്പെരിയാര്‍ പ്രശ്‌നമൊന്ന് തീരട്ടെ എന്ന് കരുതി". കേട്ട് നിന്നവരില്‍ കൂട്ടച്ചിരി. പിന്നെ അതിരല്ലാത്ത സന്തോഷവും. എറണാകുളത്തിന്റെ സ്വന്തം ഹൈബി ഇനി അന്നക്ക് കൂടി സ്വന്തം.